പലപ്പോഴും പല മാതാപിതാക്കളും പറയുന്ന ഒരു കാര്യമാണ് അവൻ/ അവൾ കുഞ്ഞല്ലേ, വലുതാകുമ്പോൾ ശരിയാകും. സത്യത്തിൽ മാതാപിതാക്കളുടെ ഈ ചിന്താഗതിയും സംസാരവും കുട്ടികൾക്ക് അവരുടെ മോശം രീതികളും സ്വഭാവങ്ങളും തുടരാൻ സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ അവരുടെ ചെറിയ പ്രായത്തിൽതന്നെ നേർവഴിക്ക് നടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കണം. എങ്കിൽ മാത്രമേ കുട്ടികളെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ.
കുട്ടികളുടെ പരിശീലനത്തിൽ അവരുടെ അഞ്ചു വയസ്സു വരെയുള്ള പ്രായം വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം അവർക്ക് ഏറ്റവും മികച്ച കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കൾക്കു കഴിയണം. അഞ്ചു വയസ്സിനുള്ളിൽ കുട്ടികൾക്ക് നിർബന്ധമായും പറഞ്ഞുകൊടുക്കേണ്ട നാലു കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്നു നോക്കാം.
1. വികാരങ്ങളെ മാന്യമായി പ്രകടിപ്പിക്കാൻ പഠിപ്പിക്കാം
മുതിർന്നവരെപ്പോലെ തന്നെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്നവരാണ് കുഞ്ഞുങ്ങൾ. എന്നാൽ അവർക്ക് എന്ത്, എങ്ങനെ, എപ്പോൾ പ്രകടിപ്പിക്കണം എന്ന് അറിയില്ല. ആ കാര്യം കൃത്യമായി മനസ്സിലാക്കിക്കൊടുക്കാൻ മാതാപിതാക്കൾക്കു കഴിയണം. ദേഷ്യം, വാശി, കരച്ചിൽ, സങ്കടം, സന്തോഷം ഇതൊക്കെ പൊതുവിടങ്ങളിൽ അമിതമായി പ്രകടിപ്പിക്കാതെ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള പരിശീലനം ഈ പ്രായത്തിൽതന്നെ ആരംഭിക്കാം.
2 . ഗുഡ് ടച് ആൻഡ് ബാൻഡ് ടച്
കുട്ടികളെ നല്ലതും മോശവുമായ സ്പർശനങ്ങളെ തിരിച്ചറിയാൻ പഠിപ്പിക്കേണ്ടതും ഈ പ്രായത്തിനുള്ളിൽ തന്നെയാണ്. ശരിയായ സ്പർശനങ്ങളെ ചേർത്തുപിടിക്കാനും മോശം സ്പർശനത്തെ എതിർക്കാനുമുള്ള പ്രോത്സാഹനം കുട്ടിക്കു നൽകണം. അതിന് ആൺ – പെൺ എന്ന വേർതിരിവിന്റെ ആവശ്യമില്ല. ഒപ്പം കുട്ടികൾ ഏന്തെങ്കിലും പറയുമ്പോൾ അവരെ ക്ഷമയോടെ കേൾക്കാനും മാതാപിതാക്കൾ തയ്യാറാകണം.
3. തെറ്റ് സംഭവിച്ചാൽ തിരുത്താൻ പഠിപ്പിക്കാം
കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് മനസ്സിലാക്കി മുന്നോട്ടുപോകാനുള്ള പരിശീലനം നൽകാം. അതിന് ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കണം. അതിനായി സ്വന്തം ജീവിതത്തിലൂടെ മാതൃക നൽകാൻ മാതാപിതാക്കൾ ശ്രമിക്കണം.
4. കൃത്യമായ തിരുത്തലുകൾ നൽകാം
കുഞ്ഞല്ലേ എന്നോർത്ത് അവരുടെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ട് നിൽക്കരുത്. ചിലപ്പോൾ ചിരിച്ചുതള്ളുന്നവയോ, കുട്ടിക്കളി എന്ന് വിചാരിക്കുന്നവയോ ആയിരിക്കാം ഭാവിയിൽ അവരുടെ ജീവിതത്തിൽ ഒരു പ്രശ്നനമായി മാറുന്നത്. ശാസനകളിലൂടെ അത് മാറ്റിയെടുക്കാൻ ശ്രമിക്കാം.