![monika](https://i0.wp.com/www.lifeday.in/wp-content/uploads/2024/10/monika.jpeg?resize=696%2C435&ssl=1)
10 വർഷത്തിലേറെയായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസുകാരിയാണ് 36 കാരിയായ മോണിക്ക ബിബോസോ. ആക്രമണം നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും ആ ദിവസം ഓർക്കുമ്പോൾ ബിബോസോയുടെ കണ്ണുകൾ നനഞ്ഞിരുന്നു. ഹമാസ് പോരാളികൾ ചുറ്റുപാടും ആക്രമിക്കുകയാണ്. അവർ വീട് വളയുകയും ജനാലകൾ തകർക്കുകയും വീടിന് തീയിടുകയും ആണ്. ദൈവം എന്നെ സഹായിച്ചിരുന്നില്ലെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ആ പ്രദേശത്ത് ഹമാസ് ആക്രമണത്തെ അതിജീവിച്ചവർ ബിബോസോയും അവർ ശുശ്രൂഷിച്ചിരുന്ന അമ്മയും മാത്രമാണ്. തുടർന്ന് വായിക്കുക…
ഇസ്രായേലിൽ ഗാസ അതിർത്തിക്കടുത്തുള്ള കിബ്ബുട്ട്സ് ബിയേരിയിൽ ബോംബുകളുടെയും വെടിവയ്പ്പുകളുടെയും ശബ്ദം കേട്ടാണ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ബിബോസോ കണ്ണുകൾ തുറന്നത്. കഴിഞ്ഞ ഒരു വർഷമായി അവൾ ചാവുകടലിനടുത്തുള്ള ഡേവിഡ് ഡെഡ് സീ റിസോർട്ടിലെ അവളുടെ മുറിയുടെ വാതിലിൽ ആരെങ്കിലും മുട്ടുമ്പോഴൊക്കെ ഇപ്പോഴും പേടിയോടെയാണ് സമീപിക്കുന്നത്. 1, 200-ഓളം പേരുടെ ജീവൻ അപഹരിച്ച 2023-ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന കൂട്ടക്കൊലയിൽ, ബിയേരിയിൽ 101 സാധാരണക്കാർ കൊല്ലപ്പെടുകയും 30 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തു, അവരിൽ 11 പേർ ഇപ്പോഴും ബന്ദികളായി തുടരുകയാണ്.
ബിബോസോ ആ അക്രമത്തെ അതിജീവിച്ചു എന്നുമാത്രമല്ല, അവൾ പരിപാലിക്കുന്ന 81 വയസ്സുള്ള ഡിമെൻഷ്യ ബാധിച്ച എസ്റ്റർ റോട്ട് എന്ന പ്രായമായ സ്ത്രീയെ സംരക്ഷിക്കാനും കഴിഞ്ഞു. അവർ രണ്ടുപേർ മാത്രമാണ് ആ പ്രദേശത്ത് അക്രമത്തെ അതിജീവിച്ചവർ.
“ഞാൻ ഒരിക്കലും പ്രാർഥന നിർത്തിയില്ല, കാരണം ദൈവമുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഞാൻ എല്ലായ്‌പ്പോഴും ദൈവത്തോടു പ്രാർഥിക്കാറുണ്ട്. എന്റെ സമയം അടുത്തെങ്കിൽ എന്റെ മക്കളെ നീ സംരക്ഷിക്കണമേ എന്നായിരുന്നു എന്റെ പ്രാർഥന. എന്നാൽ ദൈവം എന്നെവിളിച്ചില്ല, ഞാൻ അതിജീവിച്ചു,” കത്തോലിക്കയായ ബിബോസോ പറയുന്നു. ബിബോസോ വിവാഹിതയും 7, 5 വയസ്സുള്ള രണ്ടുകുട്ടികളുടെ അമ്മയുമാണ്. സഹോദരിയുടെ സംരക്ഷണയിൽ ഫിലിപ്പീൻസിലാണ് മക്കൾ വളരുന്നത്. ആക്രമണം നടന്ന് ആദ്യത്തെ കുറച്ചു മണിക്കൂറിനുള്ളിൽ തന്നെ ഫിലിപ്പീൻസിലുള്ള കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചു. എന്നാൽ, പിന്നീട് ഫോണിന്റെ ബാറ്ററി തീർന്നതിനാൽ പിന്നീട് സാധിച്ചില്ല.
ആക്രമണത്തെ അതിജീവിച്ചെങ്കിലും കഴിഞ്ഞ ഒരുവർഷമായി, ബിബോസോയ്ക്ക് മനഃശാസ്ത്ര വിദഗ്ധരുടെ സേവനം ലഭിക്കുന്നു. അതിനാൽ ഓർമ്മകൾ, ഭയം, ഉത്കണ്ഠ, പേടിസ്വപ്നങ്ങൾ എന്നിവയെ അതിജീവിക്കാനും എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാനും അവരെ സഹായിക്കുന്നു.
“സൈറണുകൾ കേട്ടപ്പോൾ ഞാൻ ശുശ്രൂഷിക്കുന്ന എസ്റ്ററിനെ ഉണർത്തി, അവരെ മാറ്റുകയും വേഗത്തിൽ വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. ഞാൻ അവർക്ക് മരുന്നും നൽകി, ഞങ്ങൾ വീടിന്റെ സുരക്ഷിത മുറിയിൽ അഭയം തേടി. സ്ഥിതി ഗുരുതരമാണെന്ന് ഞാൻ മനസ്സിലാക്കി, കാരണം വെടിവയ്പ്പ് കൂടുതൽ അടുത്തുവരുന്നതായി എനിക്ക് കേൾക്കാമായിരുന്നു” ബിബോസോ പറഞ്ഞു. എസ്റ്ററിന്റെ മക്കൾ, മുമ്പ് വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ഹമാസ് തീവ്രവാദികൾ വീടിനുള്ളിൽ പ്രവേശിക്കുന്നതും തിരികെ പോകുന്നതും കാണിക്കുന്നുണ്ട്.
“ഞാൻ സുരക്ഷാകേന്ദ്രത്തിൽ ആയിരുന്ന മുഴുവൻ സമയവും, ഞാൻപ്രാർഥിച്ചു ‘ഞങ്ങളെ സഹായിക്കൂ, നിനക്ക് ഞങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് എനിക്കറിയാം. ഏകദേശം 11 മണിയായപ്പോൾ ഹമാസ് പോരാളികൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വീട് ആക്രമിച്ചു. എന്നാൽ അവർക്ക് സുരക്ഷാ കേന്ദ്രം തുറക്കാൻ കഴിഞ്ഞില്ല. അവിടംകൊണ്ടും അവസാനിച്ചില്ല. തുടർന്ന് അവർ വീടിന് തീയിട്ടു. ഞങ്ങൾക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് വെള്ളമോ ഭക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ മരിച്ചുപോകുമെന്നു ഉറപ്പായിരുന്നു, പക്ഷേ ഞാൻ പ്രാർത്ഥിക്കുന്നത് തുടർന്നു” അവർ ആശ്വാസത്തോടെ പറയുന്നു.
എങ്ങനെയാണ് അതിജീവിക്കാൻ കഴിഞ്ഞതെന്ന് ചോദിച്ചപ്പോൾ ബിബോസോ പറയുന്നു. “ദൈവം എന്നെ രക്ഷിച്ചു. ആർക്കും ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. ഞാൻ ദുർബലയായിരുന്നു, എനിക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല, എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ നിലത്തേക്ക് വീണെങ്കിലും പ്രാർഥന തുടർന്നു. ദൈവത്തിന് നന്ദി, ഞാൻ അതിജീവിച്ചു. ഞാൻ അത് ശരിക്കും വിശ്വസിക്കുന്നു. ഞാൻ അഭയകേന്ദ്രത്തിലായിരുന്ന മുഴുവൻ സമയവും അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു. എനിക്കത് അനുഭവിക്കാൻ കഴിഞ്ഞു. ദൈവമില്ലായിരുന്നെങ്കിൽ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല.”
ബിബോസോയും എസ്റ്ററും ഒരു ദിവസം ആശുപത്രിയിൽ ചെലവഴിച്ചു, തുടർന്ന് കിബ്ബുട്ട്സ് ബീറിയിലെ അതിജീവിച്ച താമസക്കാർക്കൊപ്പം ഒരു ഹോട്ടലിലേക്ക് മാറ്റി. ബിബോസോയുടെ പത്തോളം സഹപ്രവർത്തകരും അവരിൽ ഉൾപ്പെടുന്നു. അന്നുമുതൽ ഇന്നുവരെ, ബിബോസ എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് ജപമാല പ്രാർഥിക്കുന്നു. ഒക്ടോബർ ഏഴിനു ശേഷം, ടെൽ അവീവിൽ താമസിക്കുന്ന ഒരു സന്യാസിനി എല്ലാ ദിവസവും ബിബോസോയെ വിളിക്കുകയും അവർ ഒരുമിച്ച് പ്രാർഥിക്കുകയും ചെയ്തുവരുന്നു. “അവർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ അവരെ വിളിക്കുകയും ഞങ്ങൾ ഫോണിൽ ഒരുമിച്ച് പ്രാർഥിക്കുകയും ചെയ്യുന്നു. രോഗശമനത്തിനും എന്റെ ഹൃദയത്തിലെ ഭാരം ലഘൂകരിക്കുന്നതിനും നെഗറ്റീവ് ചിന്തകളിൽ നിന്ന് എന്റെ മനസ്സിനെ മോചിപ്പിക്കുന്നതിനും പ്രാർഥന എനിക്ക് വലിയ സഹായമാണ്” ബിബോസോ കൂട്ടിച്ചേർത്തു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ