കത്തോലിക്കാ സഭ ആഴ്‌ചയിലെ ഓരോ ദിവസവും പ്രത്യേകം അനുസ്മരിക്കുന്നത് എന്തിനാണ്?

കത്തോലിക്കാ സഭ, വിശ്വാസികളെ അവരുടെ ക്രിസ്തീയ ജീവിതത്തിൽ സ്ഥിരോത്സാഹത്തോടെ നിലനിർത്താൻ സഹായിക്കുന്നതിന്, പരമ്പരാഗതമായി ആഴ്‌ചയിലെ ഓരോ ദിവസവും ഒരു പ്രത്യേക ഉദ്ദേശ്യം നിശ്ചയിച്ചിട്ടുണ്ട്. കാത്തലിക് എൻസൈക്ലോപീഡിയ അനുസരിച്ച് അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഞായറാഴ്ച

ഞായറാഴ്ച പ്രത്യേകമായി കർത്താവിന് സമർപ്പിക്കപ്പെട്ട ദിവസമാണ്.

തിങ്കളാഴ്ച

തിങ്കളാഴ്ച ദിവസം മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ ദൈവപുത്രനായ ഈശോയോടുള്ള പ്രത്യേക ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അത് ആഴ്ചയിലെ ജോലികളുടെ തുടക്കത്തിൽ പ്രത്യേക സഹായം അഭ്യർഥിക്കാൻ പരിശുദ്ധാത്മാവിന് സമർപ്പിക്കപ്പെട്ടു. നിലവിൽ, തിങ്കളാഴ്ച ദിവസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുള്ള പ്രാർഥനയ്ക്കായി നീക്കിവച്ചിരിക്കുന്നു.

ചൊവ്വാഴ്ച

ചൊവ്വാഴ്ച ദിവസം പൊതുവെ വിശുദ്ധ മാലാഖമാരുടെയും പ്രത്യേകിച്ച് കാവൽമാലാഖയോടുമുള്ള പ്രാർഥനയ്ക്കായി സമർപ്പിക്കപ്പെട്ടതാണ്.

ബുധനാഴ്ച

കാത്തലിക് എൻസൈക്ലോപീഡിയ അനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനെ ബഹുമാനിക്കുന്നതിനും നല്ല മരണത്തിനുവേണ്ടി പ്രാർഥിക്കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട ദിവസമാണ് ബുധനാഴ്ച.

വ്യാഴാഴ്ച

വ്യാഴാഴ്‌ച ദിവസം വിശുദ്ധ കുർബാനയെ അനുസ്മരിക്കുന്ന ദിവസമാണ്. ദൈവപുത്രനായ ഈശോ ഒരു വ്യാഴാഴ്‌ച ദിവസമാണ് വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചത്.

വെള്ളിയാഴ്ച

എല്ലാ വെള്ളിയാഴ്‌ചയും ഈശോയുടെ പീഡാസഹനങ്ങളെ അനുസ്മരിക്കേണ്ട ദിവസമാണ്. നമ്മുടെ കർത്താവിന്റെ അഞ്ച് മുറിവുകളോടുള്ള ബഹുമാനാർഥം വെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്, കരുണക്കൊന്ത ചൊല്ലുന്ന പതിവുണ്ടായിരുന്നു.

ശനിയാഴ്ച

നൂറ്റാണ്ടുകളായി ഞായറാഴ്ചകൾ പോലെതന്നെ ആഘോഷിച്ചിരുന്ന ദിവസമായിരുന്നു ശനിയാഴ്ചകളും. ആദ്യം, സൃഷ്ടികൾക്കുശേഷം കർത്താവിന്റെ വിശ്രമത്തെ ഓർക്കാനും, സാബത്ത് ദിവസമായി ആചരിച്ചിരുന്നതിനാലും ഈ ദിവസം പ്രത്യേകമായി കടപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അതിന് മാറ്റമുണ്ടായി. പരിശുദ്ധ അമ്മയെ പ്രത്യേകം അനുസ്‌മരിക്കുന്ന ദിവസമാണ് ശനിയാഴ്ചകൾ.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.