അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ കൗമാരക്കാർ നേരിടുന്ന മാനസിക വെല്ലുവിളികൾ ഏറെയാണ്. പഠനവുമായും ജോലിസംബന്ധമായും നേരിടുന്ന സമ്മർദങ്ങൾക്കു പുറമേ സോഷ്യൽ മീഡിയയുടെ സ്വാധീനവും കൗമാരക്കാരെ കാര്യമായിത്തന്നെ ബാധിക്കുന്നു. ധാർമികവും അധാർമികവുമായ മൂല്യങ്ങൾ ഒരുപോലെ മത്സരിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹികപശ്ചാത്തലത്തിൽ യഥാർഥമൂല്യങ്ങൾ തിരിച്ചറിയുന്നതിനും അവയിൽ ജീവിതം കെട്ടിപ്പടുക്കുന്നതിനും കഴിയാതെ പതറിപ്പോകുന്ന യുവജനങ്ങൾ ഏറെയാണ്. പ്രതിസന്ധികളിലും വെല്ലുവിളികളിലും യഥാർഥ സത്യത്തിലേക്കും നിത്യമായ നന്മയിലേക്കും ലക്ഷ്യമാക്കാനും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവയെ നേരിടാനും പ്രതികൂലങ്ങളിൽ ദൈവത്തോട് ആലോചന ചോദിക്കാനും പ്രചോദനം നൽകുന്ന ഏതാനും തിരുവചനങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാം.
“നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി” (ജറെ. 29:11).
“ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു (സങ്കീ. 34:18).
“ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്‌ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും” (ഫിലിപ്പി 4: 6-7).
“ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10).
“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്തായി 11: 28-30).