കൗമാരക്കാരായ മക്കളുടെ കൂട്ടുകാരാകാം

‘അറ്റാച്ച്‌മെന്റ് പേരന്റിംഗ്’ എന്ന പദം ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. പ്രത്യേകിച്ച്, കുഞ്ഞുകുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെടുത്തിയാണ് ഈ പദം കൂടുതൽ ചർച്ചാവിഷയമാകുന്നത്. കുഞ്ഞുകുട്ടികളുമായുള്ള അടുത്തിടപെടലുകൾ – കുഞ്ഞിനെ എടുത്തുകൊണ്ടു നടക്കുക, തൊട്ടിലിൽക്കിടത്തി ആട്ടിയുറക്കുക അല്ലെങ്കിൽ ആവശ്യാനുസരണം മുലയൂട്ടുക എന്നിവയെല്ലാം അറ്റാച്ച്‌മെന്റ് പേരന്റിംഗ് എന്ന പദം ഓർമയിൽ കൊണ്ടുവരുന്നു. എന്നാൽ, പലപ്പോഴും ഈ അറ്റാച്ച്‌മെന്റ് പേരന്റിംഗ് എന്നത് കുട്ടികളുടെ ബാല്യകാല പരിചരണമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരു പ്രവണത ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. ‘നീ വലിയ കുട്ടിയായില്ലേ’ എന്ന ചോദ്യത്തിൽ ഒതുക്കിക്കൊണ്ട് കുഞ്ഞുങ്ങളുമായുള്ള അടുത്തിടപെടലുകൾ കുറയ്ക്കുന്ന മാതാപിതാക്കൾ ഇന്നു കൂടിവരുന്നു എന്നതും വിസ്മരിക്കാനാകാത്ത ഒരു വസ്തുത തന്നെയാണ്.

കുഞ്ഞുങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുകയെന്നത് അവർ പ്രായമാകുന്തോറും അവസാനിപ്പിക്കേണ്ട ഒന്നല്ല. നമ്മുടെ കുഞ്ഞുങ്ങൾ കൗമാരപ്രായത്തിലെത്തുമ്പോൾ അവരുമായി നല്ല സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെറുപ്പം മുതലേ അവരുമായുള്ള ബന്ധം ശക്തമായി നിലനിർത്തേണ്ടിയിരിക്കുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചിലവിടുന്ന മക്കൾ കൗമാരത്തിലും അതുപോലെതന്നെ തുടരണമെങ്കിൽ  അവരുമായി നല്ല ബന്ധം നിലനിർത്തുകയും മികച്ച ആശയവിനിമയരീതികൾ ഉണ്ടാക്കിയെടുക്കുകയും വേണം. ‘അറ്റാച്ച്മെന്റ് പേരന്റിംഗ്’നു അനുയോജ്യമായ ചില മാർഗങ്ങൾ വായിച്ചറിയാം.

നമ്മുടെ കുട്ടിയുടെ സുഹൃത്തുക്കളെയും അടുത്ത ആളുകളെയും അറിയുക

നമ്മുടെ കുട്ടികളുടെ സുഹൃത്തുക്കളെ നമുക്ക് അറിയാമായിരിക്കും; എന്നാൽ അവരുടെ മാതാപിതാക്കളെയും കുടുംബപശ്ചാത്തലവും നമ്മളിൽ എത്ര പേർക്കറിയാം. മകന്റെ/ മകളുടെ സുഹൃത്തുക്കളെയും അവരുടെ അടുത്ത ബന്ധുക്കളെയും നമ്മൾ മനസ്സിലാക്കിവയ്ക്കുന്നതും അവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതും ആരോഗ്യകരമായ സൗഹൃദത്തിനും മികച്ച ബന്ധങ്ങൾ ഉണ്ടാകുന്നതിനും ഉപകരിക്കും. മക്കളുടെ സുഹൃത്തുക്കളിൽ സഹാനുഭൂതിയും ദയയുമുള്ള കുട്ടികളെ തിരിച്ചറിയുകയും അല്ലാത്തവരുമായി സൗമ്യമായ അകലം പാലിക്കാനും കുട്ടിയെ ഉപദേശിക്കുകയും വേണം. ടോക്സിക് സൗഹൃദങ്ങൾ എപ്പോഴും അപകടത്തിലേക്കുള്ള മാർഗമാണ്.

ദൈനംദിന ആശയവിനിമയം ഒരു ശീലമാക്കുക

നിങ്ങളുടെ കുട്ടിയുമായി സംസാരിക്കാൻ പതിവായി സമയം കണ്ടെത്തുക. അത്താഴവേളയിലോ, യാത്രകൾക്കിടയിലോ, അധികം ശ്രദ്ധ ആവശ്യമില്ലാത്ത എന്തെങ്കിലും ജോലിക്കിടയിലോ ഒക്കെ നിങ്ങൾക്ക് അവരോടു സംസാരിക്കാം. അവർ സംസാരിക്കുമ്പോൾ നിങ്ങൾ അവരെ കേൾക്കുന്നു എന്ന് അവർക്കു തോന്നിക്കുകയും വേണം.

അത്താഴം ഒരുമിച്ച്‌

കുട്ടികളോടൊപ്പം പതിവായി അത്താഴം കഴിക്കുന്നത് കുട്ടികൾക്ക് മികച്ച പഠനനിലവാരം, അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കൽ, മാനസികവും സാമൂഹികവും വൈകാരികവുമായി മെച്ചപ്പെട്ട കഴിവുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി നേട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ജോലിയുടെ സമയക്രമം മാറിവരുന്ന അവസരങ്ങളുണ്ടാകാം. ആയതിനാൽ, അവധിദിനങ്ങളിലോ, പ്രാതലോ ഒരുമിച്ചായിരിക്കാൻ ശ്രമിക്കുക. ഭക്ഷണസമയത്തെ സംസാരങ്ങളും പങ്കുവയ്ക്കലും പരസ്പരം അടുപ്പമുണ്ടാക്കാനും പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം കാണാനും സഹായിക്കും.

കുട്ടിയുമായി കുറച്ചുസമയം ചിലവഴിക്കാം

മാതാപിതാക്കളെ അപേക്ഷിച്ച് കുട്ടികൾക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനാൽതന്നെ ഇത്തരമൊരു സമയം ഉണ്ടാക്കിയെടുക്കുമ്പോൾ മക്കളെക്കാൾ മാതാപിതാക്കളുടെ ടെൻഷനും വിഷമതകളും മാറാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം മാതാപിതാക്കൾ കളിക്കാനായി അവരോടൊപ്പം ചേരുമ്പോൾ കുട്ടികളിൽ അനുകമ്പയും സഹാനുഭൂതിയും വർധിക്കും.

എളുപ്പത്തിൽ സംസാരിക്കാൻ കഴിയുന്ന ഒരാളാകുക

നമ്മുടെ കുട്ടിക്ക് കാര്യങ്ങൾ എളുപ്പത്തിൽ പങ്കിടാൻ കഴിയുന്ന ഒരാളായി നമ്മൾ മാറണം. അവരുടെ വ്യക്തിപരമായ വികാരങ്ങളും ആശങ്കകളും തുറന്നുപറയാനുള്ള ഏറ്റവും നല്ല വേദി നമ്മളായിരിക്കണം. അത്തരത്തിലൊരു സൗഹൃദമനോഭാവം വളർത്തിയെടുത്താൽ തീർച്ചയായും കുട്ടികളുടെ വിഷമങ്ങളിലും ആശങ്കകളിലും മറ്റൊരിടമോ, മറ്റൊരു മാർഗമോ തേടി അവർ പുറത്തുപോകില്ല.

സ്നേഹത്തോടെയുള്ള അച്ചടക്കം

അച്ചടക്കം പഠിപ്പിക്കുമ്പോൾ ശിക്ഷണത്തെക്കാൾ സ്നേഹത്തിനു പ്രാധാന്യം കൊടുക്കുക. ശിക്ഷണവും അച്ചടക്കവും തമ്മിലുള്ള വ്യത്യാസവും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. മക്കളെ തിരുത്തുമ്പോൾ, കുട്ടികൾ രണ്ട് പ്രധാനവഴികളിൽ സുരക്ഷിതരായിരിക്കാൻ അവരെ അനുവദിക്കുക: അവരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കായി അവർ അനുസരിക്കേണ്ട നിയമങ്ങളും രീതികളും ഉണ്ടെന്ന് അവരെ അറിയിക്കുക. അവർ നന്നായി പെരുമാറുമെന്നും നല്ല തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും നിങ്ങൾ പ്രതീക്ഷിക്കുമ്പോൾ, അവരോടുള്ള നിങ്ങളുടെ സ്നേഹം ദൃഢവും ശക്തവുമാകുകയാണ് ചെയ്യുന്നത്.

ആലിംഗനവും ‘ഐ ലവ് യു’വും ജീവിതത്തെ മാറ്റിമറിക്കും

രാവിലെ പിരിയുമ്പോഴും വൈകുന്നേരം തിരികെ വീട്ടിലെത്തുമ്പോഴും കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് ‘ഐ ലവ് യു’ (ഞാൻ നിന്നെ സ്നേഹിക്കുന്നു) എന്നുപറയാൻ മാതാപിതാക്കൾ വിമുഖത കാണിക്കരുത്. ഈ ഒരു പ്രവൃത്തി നിങ്ങളുടെയും നിങ്ങളുടെ കുഞ്ഞുങ്ങളുടെയും ജീവിതം മാറ്റിമറിക്കും. അവരോ, നിങ്ങളോ വൈകാരികമായി താഴ്ന്നുപോകുന്ന അവസരങ്ങളിൽ ഉയർന്നുവരാൻ സാധിക്കുന്ന ഏറ്റവും വലിയ മറുമരുന്നാണിത്.

ഇതുപോലെയുള്ള ചില ലളിതമായ കാര്യങ്ങളിലൂടെ നമ്മുടെ കുട്ടിക്ക് ഓരോ ദിവസവും നമ്മൾ അവളെ/ അവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അത് അറ്റാച്ച്മെന്റിന്റെ ഒരു പ്രധാന ഭാഗമാണെന്നും കാണിക്കാൻ കഴിയും. അതിലൂടെയെല്ലാം കൗമാരക്കാരായ കുട്ടികളുടെ കൂട്ടുകാരാകാൻ മാതാപിതാക്കൾക്കു സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.