ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ഭീകരതയിലും വിശ്വാസത്തിനുവേണ്ടി നിലകൊണ്ട അഞ്ചുപേർ

നാസി ഭരണകൂടം നടത്തിയ വംശഹത്യയിൽ പത്തുലക്ഷത്തിലധികം ആളുകൾ ഇരകളായിരുന്ന ഓഷ്വിറ്റ്സ്-ബിർകെനൗ നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ പീഡനം അനുഭവിച്ചവരിൽ, വിശ്വാസം സംരക്ഷിക്കാൻ വേണ്ടി ജീവൻ ബലികൊടുത്തവർ  നിരവധിപ്പേരാണ്. ഇരുട്ടിന്റെയും ക്രൂരതയുടെയും നടുവിൽ എങ്ങനെ വെളിച്ചമാകാമെന്ന് അവരുടെ ജീവിതസാക്ഷ്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഇവരിൽ അഞ്ചുപേരുടെ ജീവിതം വായിച്ചറിയാം.

1. വി. മാക്സിമില്യൺ കോൾബെ

ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ, വിവാഹിതനും പിതാവുമായ ഒരാൾക്കു പകരം ജീവൻ ബലികൊടുത്ത നിസ്വാർഥ പ്രവർത്തനത്തിലൂടെയാണ് വി. മാക്സിമില്യൺ കോൾബെ കൂടുതൽ അറിയപ്പെടുന്നത്. എന്നാൽ, അതിനുമുൻപേ തന്നെ അദ്ദേഹത്തിന്റെ വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിച്ചതാണ്. വാർസോയ്ക്കു  സമീപമുള്ള നീപോകലാനോവ് ആശ്രമത്തിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന് ക്ഷയരോഗം ബാധിച്ചു. നാസികൾക്കെതിരെ എഴുതുന്നുവെന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് തടങ്കലിൽ വച്ച് സഹതടവുകാരനുവേണ്ടി സ്വയം വധശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു.

2 . വി. എഡിത്ത് സ്റ്റെയിൻ

ഹിറ്റ്‌ലറിന്റെ പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്ന് രക്തസാക്ഷിയായ ഒരു സന്യാസിനിയാണ് വി. എഡിത്ത് സ്റ്റെയിൻ. ‘കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ട’ എന്ന പേരിലും ഈ വിശുദ്ധ അറിയപ്പെടുന്നു. ആധുനിക ലോകം അനുകരിക്കേണ്ട ഒരു പുണ്യജീവിതമാണ് ഈ വിശുദ്ധയുടേത്. അവൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചശേഷം കർമ്മലീത്ത മഠത്തിൽ ചേർന്നു. എന്നാൽ, മുൻപ് ജൂതയായിരുന്നതിനാൽ രണ്ടാം ലോകമഹായുദ്ധസമയത്ത് കൊടിയപീഡനങ്ങൾ അവൾക്ക് നേരിടേണ്ടിവന്നു. ഔഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽവച്ച് ഈ വിശുദ്ധ രക്തസാക്ഷിയായി   .

യഹൂദയായ എഡിത്ത് സ്റ്റെയിന് 30 വയസ്സുള്ളപ്പോഴാണ് അവളുടെ ജീവിതത്തിൽ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാനിടയായത്. ആവിലായിലെ അമ്മത്രേസ്യയുടെ കൃതികളാണ് അതിന് അവളെ സഹായിച്ചത്. 1933 -ൽ നാസികൾ ജർമനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ജൂതന്മാരെയും സ്റ്റെയിനിനെപ്പോലുള്ള ജൂതവംശജരെയും അധ്യാപനത്തിൽ നിന്ന് വിലക്കുന്നതുവരെ അവൾ പ്രീ-കോളേജ് തലത്തിൽ പഠിപ്പിക്കുന്നതു തുടർന്നു.

മനസാന്തരത്തിനുശേഷം എഡിത്ത്, കാർമ്മലൈറ്റ് ഓർഡറിൽ സന്യാസിനിയാകാൻ തീരുമാനിച്ചു. യഹൂദമതത്തിലെ വേരുകളിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള എഡിത്ത് സ്റ്റെയിനിന്റെ മാറ്റം അവളുടെ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു. ഇക്കാലഘട്ടത്തിൽ തന്നെയാണ് നാസികളുടെ പീഡനങ്ങൾ ശക്തമാകാൻ തുടങ്ങിയതും. എന്നാൽ ഇതൊന്നും അവളുടെ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്തിയില്ല. അവൾ കർമ്മലീത്ത സന്യാസിനിയായി രഹസ്യമായി തുടരാൻ തീരുമാനിച്ചു. സന്യാസിനിയായശേഷം കുരിശിന്റെ തെരേസ ബെനഡിക്ട ​​എന്ന പേര് സ്വീകരിച്ചു.

നെതർലാൻഡിലെ ആളൊഴിഞ്ഞ ഒരു കോൺവെന്റിൽ താമസിക്കുന്നതിനിടെ നാസികൾ എഡിത്തിനെ അറസ്റ്റ് ചെയ്തു. പിന്നീട് തടങ്കലിൽ കടുത്ത പീഡനങ്ങളാണ് അവൾക്ക് നേരിടേണ്ടിവന്നത്. 1942 ആഗസ്റ്റ് ഒൻപതിന് മറ്റ് തടവുകാർക്കൊപ്പം ഗ്യാസ് ചേമ്പറിൽ വച്ചാണ് അവൾ കൊല്ലപ്പെട്ടത്.

3. വാഴ്ത്തപ്പെട്ട ഫാദർ ജോസഫ് കൊവാൽസ്കി

1911 മാർച്ച് 13 ന് പോളണ്ടിലെ സീഡ്‌ലിസ്ക എന്ന ചെറിയ ഗ്രാമത്തിലാണ് ജോസഫ് കോവാൽസ്‌കി ജനിച്ചത്. ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ തീക്ഷണമായ ജീവിതം യുവജനങ്ങൾക്ക് മാതൃകയായിരുന്നു. വൈദികനായ ഫാ. ജോസഫ് യുവാക്കളെ പിന്തുണയ്ക്കുകയും അവരുടെ കുമ്പസാരം കേൾക്കുകയും ചെയ്തിരുന്നു. കൂടുതൽ ആളുകളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത നാസി സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടു, 1941 മെയ് 23 ന് മറ്റ് പതിനൊന്ന് സലേഷ്യൻ വൈദികർക്കൊപ്പം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ അപകടസാധ്യതകൾക്കിടയിലും ഫാദർ ജോസഫ് അജപാലന പ്രവർത്തനങ്ങൾ നടത്തി. ഫാദർ ജോസഫ് കോവാൽസ്കിയെ, ക്രൂരമായ പീഡനങ്ങൾക്കുശേഷം 1942 ജൂലൈ നാലിന് ക്യാമ്പിലെ അഴുക്കുചാലിൽ മുക്കികൊലപ്പെടുത്തി. 1999 ജൂൺ 13-ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.

4 . ദൈവദാസി സ്റ്റാനിസ്ലാവ ലെസ്സിൻസ്ക

1896 മെയ് എട്ടിന് പോളണ്ടിൽ ഒരു കത്തോലിക്ക ദമ്പതികളുടെ മകളായി ജനിച്ചു. 1916-ൽ അവർ ബ്രോണിസ്ലാവ് ലെസ്സിൻസ്കിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ടായിരുന്നു. 1939 ൽ ജർമനി, പോളണ്ടിനെ ആക്രമിച്ചപ്പോൾ കുടുംബത്തിൽ നിന്നും വേർപിരിയേണ്ടിവന്നു.

നാസികൾ നേഴ്സായിരുന്ന അവളെ പിടികൂടി മകളോടൊപ്പം ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. നാസികൾ കോൺസെൻട്രേഷൻ ക്യാമ്പിൽ ഗർഭിണികളായ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു. ഈ അവസ്ഥയിൽ ബാരക്കുകളിൽ ഒരു ‘പ്രസവ വാർഡ്’ ഉണ്ടാക്കി ആയിരക്കണക്കിന് അമ്മമാരുടെയും ഗർഭസ്ഥ ശിശുക്കളുടെയും രക്ഷകയായി അവൾ മാറി. അഗാധമായ കത്തോലിക്കാ വിശ്വാസം ഉണ്ടായിരുന്ന അവൾ താൻ പ്രസവം എടുത്ത ഓരോ കുഞ്ഞിന്റെയും നെറ്റിയിൽ കുരിശടയാളം വരച്ച് നവജാതശിശുക്കളെ സ്നാനപ്പെടുത്തി.

1945 ജനുവരി 26-ന് സോവിയറ്റ് സൈന്യം മോചിപ്പിക്കുന്നതുവരെ അവർ ഓഷ്വിറ്റ്‌സിൽ ഉണ്ടായിരുന്നു. 1974-ൽ അന്തരിച്ചു.

5 . ദൈവദാസി മരിയ സിസിലിയ ഓട്ട്ഷ്

ഏഞ്ചല ഓഫ് സേക്രഡ് ഹാർട്ട് എന്ന പേരിൽ സ്നാനമേറ്റ മരിയ സിസിലിയ ഓട്ട്ഷ് 1900-ൽ ജർമനിയിലെ റോലെക്കനിൽ ജനിച്ചു. 1933 ഒക്ടോബർ 26-ന്, അഡോൾഫ് ഹിറ്റ്‌ലർ അധികാരത്തിൽ വന്ന അതേവർഷം, ഓസ്ട്രിയൻ ടൈറോളിലെ ഒരു ചെറിയ പട്ടണമായ മോറ്റ്‌സിലെ (ഓസ്ട്രിയ) ട്രിനിറ്റേറിയൻ കോൺവെന്റിൽ മരിയ തന്റെ പോസ്റ്റുലൻസി ആരംഭിച്ചു.

“ഹിറ്റ്‌ലർ യൂറോപ്പിന് ഒരു വിപത്താണ്” എന്ന് പറഞ്ഞ ഒരു അഭിപ്രായത്തിന്റെപേരിൽ അവൾ അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് അവളെ റാവൻസ്ബ്രൂക്ക് തടങ്കൽപ്പാളയത്തിലേക്കും (ജർമനി) പിന്നീട് ഓഷ്വിറ്റ്സിലേക്കും (പോളണ്ട്) കൊണ്ടുപോയി. അവിടെ അവളെ, ജർമനിക്കാരിയായ നേഴ്സ് ആയതിനാൽ മെഡിക്കൽ ഡിസ്പെൻസറിയിൽ നിയമിച്ചു. അവിടെ അവൾ രോഗികൾക്ക് കൂടുതൽ ഭക്ഷണവും സോപ്പുമൊക്കെ രഹസ്യമായി നൽകി.

1944-ൽ, കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരു ബോംബാക്രമണത്തിൽ രോഗികളെ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിനിടയിൽ അവൾ കൊല്ലപ്പെട്ടു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.