സകല വിശുദ്ധരുടെയും തിരുനാൾദിനമായ ഇന്ന് എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം. യേശുവിന് തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെയല്ല ആവശ്യം, മറിച്ച് സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിന് ജീവിതംകൊണ്ട് നിറംപകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വാസിയുടെ ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ച് വിശുദ്ധിയിൽ എത്തിച്ചേരുകയാണ്.
സകല വിശുദ്ധരുടെയും തിരുനാൾദിനം പുണ്യവാന്മാരുടെ ഐക്യം (The Communion of Saints) എന്ന സഭാപ്രബോധനത്തിൽ അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച്, സ്വർഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ, ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കുവേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്നു. സ്വർഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതിപരിശുദ്ധരോ, സർവവ്യാപികളോ, സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യംവഴി നമ്മുടെ പ്രാർഥനകൾ സ്വർഗത്തിലുള്ള വിശുദ്ധ സമൂഹവുമായി ഒന്നിച്ചുചേരുന്നു.
ജറുസലേമിലെ വി. സിറിൽ ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത്: “മരണമടഞ്ഞവരെ നമ്മൾ ഇവിടെ ഓർക്കുന്നു. ആദ്യം പാത്രിയർക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാർഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകൾ സ്വീകരിക്കും” (മതബോധന പ്രബോധനം 23:9). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: “സ്വർഗത്തിൽ ക്രിസ്തുവിനോട് കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതുകൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ദൈവത്തിനും മനുഷ്യർക്കുമിടയ്ക്കുള്ള ഏകമധ്യസ്ഥനായ യേശുക്രിസ്തുവഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചുകൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥ്യംവഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല (CCC 956).
വിശുദ്ധരുടെ ഐക്യത്തെകുറിച്ച് മതബോധനഗ്രന്ഥം ഇങ്ങനെ പറയുന്നു: “വിശുദ്ധരുമായുള്ള നമ്മുടെ സംസർഗം നമ്മെ ക്രിസ്തുവിനോടു ചേർക്കുന്നു. അവിടുന്നിൽ നിന്നാണ്, സ്രോതസ്സിൽനിന്നും ശിരസ്സിൽനിന്നും എന്നപോലെ എല്ലാ കൃപാവരങ്ങളും ദൈവജനത്തിന്റെ ജീവൻതന്നെയും പ്രവഹിക്കുന്നത്. ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രൻ എന്ന നിലയിൽ നാം ആരാധിക്കുന്നു. കർത്താവിന്റെ ശിഷ്യന്മാരും അവിടുത്തെ അനുകരിക്കുന്നവരും എന്ന നിലയിൽ രക്തസാക്ഷികളെ അവർക്കു തങ്ങളുടെ രാജാവും നാഥനമായിരുന്നവനോടുണ്ടായിരുന്ന അതുല്യമായ ഭക്തി മൂലം നാം സ്നേഹിക്കുന്നു. നമുക്കും അവരുടെ കൂട്ടുകാരും സഹശിഷ്യന്മാരുമാകാം” (CCC957).
ആരാണ് വിശുദ്ധർ ?
കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിനു വിശുദ്ധരുണ്ട്. അവരെല്ലാം യേശുവിനെ അനുഗമിക്കുന്നതിന് സഭ നമുക്കു കാട്ടിത്തരുന്ന നല്ല മാതൃകളാണ്. വളരെ ദീർഘകാലത്തെ പ്രാർഥനയ്ക്കും പരിശോധനകൾക്കുംശേഷമാണ് സഭ അവരെ അനുകരിക്കാവുന്ന മാതൃകളും ശക്തരായ മധ്യസ്ഥരുമായി വിശ്വസികൾക്കു നൽകിയിരിക്കുന്നത്.
ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ സംരക്ഷണത്തിനായി സഭ പ്രത്യേക വിശുദ്ധരെ സംരക്ഷകരും പരിപാലകരുമായി തന്നിരിക്കുന്നു. ഉദാഹരണത്തിന് വി. വീത്തൂസ് അമിത ഉറക്കംമൂലം ക്ലേശിക്കുന്നവരുടെയും വി. ജോസഫ് കുപർത്തീനോ വിമാനയാത്രക്കാരുടെയും മധ്യസ്ഥനാണ്. ഈ വിശുദ്ധർക്കെല്ലാം ആണ്ടുവട്ടത്തിൽ ഓരോ ദിനങ്ങൾ സഭ നിശ്ചയിച്ചിട്ടുണ്ടെങ്കിലും നവംബർ ഒന്നിന് പുണ്യവാന്മാരുടെ ഐക്യം ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒന്നുചേർന്നുള്ള ആഘോഷമായി സഭ കൊണ്ടാടുന്നു.
അല്പം ചരിത്രം
രണ്ടാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതിയ പോളികാർപ്പിന്റെ രക്തസാക്ഷിത്വത്തിൽ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവർ വലിയ മൂല്യമുള്ള സ്വർണ്ണത്തേക്കാൾ പരിശുദ്ധമായ അവന്റെ അസ്ഥികൾ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവർ ഒന്നിച്ചുകൂടുമ്പോൾ അവന്റെ രക്തസാക്ഷിത്വം ഓർമ്മിക്കാനും അവനെ ഓർത്ത് ആനന്ദിക്കാനും ശ്രദ്ധിച്ചിരുന്നു.
പൊതുവായി സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എഫ്രേമാണ്. വി. ജോൺ ക്രിസോസ്തോം പൗര്യസ്തസഭയിൽ പന്തക്കുസ്താ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻതുടങ്ങി. ആ പാരമ്പര്യം ഇന്നും പൗരസ്ത്യസഭകളിൽ തുടരുന്നു. ആരംഭത്തിൽ പാശ്ചാത്യസഭയിലും സകല വിശുദ്ധരുടെ തിരുനാൾ പന്തക്കുസ്താ കഴിഞ്ഞുവരുന്ന ആദ്യഞായറാഴ്ച ആയിരുന്നു. പിന്നീട് അത് മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ പാപ്പയാണ് അത് നവംബർ ഒന്നായി നിശ്ചയിച്ചത്. ജർമ്മനിയിലാണ് നവംബർ ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പാശ്ചാത്യരാജ്യം.
സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം വിഗ്രഹാരാധനയോ?
നിരവധി പ്രൊട്ടസ്റ്റന്റ് സഭകളും പെന്തക്കോസ്താ സഭകളും വിശുദ്ധരെ വണങ്ങുന്നത് വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവർ പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാൾ വിഗ്രഹാരാധന ദിനമായി വിലകുറച്ചു കാണാറുണ്ട്. പാശ്ചാത്യ-പൗരസ്ത്യസഭകൾ ദൈവത്തിനുമാത്രം നൽകുന്ന ആരാധന ലാത്രിയും (latria), വിശുദ്ധർക്കു നൽകുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേർതിരിച്ചു പഠിപ്പിക്കുന്നുണ്ട്.
സഭയിൽ ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നൽകുന്ന വണക്കമാണ് ഹൈപ്പർ ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധർക്കു നൽകിയാൽ അതു വിഗ്രഹാരാധനയാകും. വിശുദ്ധർക്കു നമ്മുടെ ജീവിതങ്ങളിൽ സ്ഥാനമുണ്ടെന്നും അവർ നമുക്കുവേണ്ടി മാധ്യസ്ഥ്യംവഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഒന്നായിരിക്കുന്നു. ക്രിസ്തുവിനോട് അടുത്തിരിക്കുന്ന വിശുദ്ധർക്കു ഭൂമിയിൽ ജീവിക്കുന്ന നമുക്കുവേണ്ടി മധ്യസ്ഥത നടത്താൻ എളുപ്പം സാധിക്കും. വിശുദ്ധരെ ഓർമ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെനല്ല കാര്യമാണ്.
2018 ഏപ്രിൽ ഒൻപതാം തീയതി ഫ്രാൻസിസ് പാപ്പ പ്രസിദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്തോലിക പ്രബോധനമായ Gaudete et exsultate ആനന്ദിച്ചാഹ്ലാദിക്കുവിൻ – (Rejoice and be Glad) യിൽ വിശുദ്ധി, സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണന്നു പഠിപ്പിക്കുന്നു. ബാഹ്യസൗന്ദര്യം മൂലമല്ല സഭ സുന്ദരിയാകുന്നത്, മറിച്ച് സഭാംഗങ്ങളുടെ ആന്തരികപരിശുദ്ധി മൂലമാണ്. ഈ വിശുദ്ധി സഭയിലുള്ള എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്നു എന്ന് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നു.
2019 മാർച്ച് 25 -ന് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച ‘ക്രിസ്തൂസ് വിവിത്ത്’ (ക്രിസ്തു ജീവിക്കുന്നു) എന്ന അപ്പസ്‌തോലികപ്രബോധനത്തിന്റെ എട്ടാം അധ്യായത്തില്‍, വിശുദ്ധിയിലേക്കുള്ള യുവജനങ്ങളുടെ വിളിയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഓർമ്മപ്പെടുത്തുന്നു. എല്ലാവരും അവരുടെ സ്വന്തം മാർഗത്തിൽ വിശുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് ശുശ്രൂഷ ചെയ്യാനുള്ള വിളി എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും നമ്മുടെ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ നാം ദൈവത്തോട് ചേര്‍ന്നുനിൽക്കണമെന്നും പാപ്പ യുവജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു.
വിശുദ്ധിയിലേക്കു വളരാനും വിശുദ്ധരാകാനും ആഗ്രഹമുണ്ടായാൽ സകല വിശുദ്ധരുടെയും തിരുനാൾ ഓരോ വിശ്വാസിക്കും അർഥവത്താകും.
ഫാ. ജയ്സൺ കുന്നേൽ MCBS