വയസ്സ് എഴുപതിനു മുകളിൽ; ഒഴിവുസമയം ശുചീകരണത്തിന്: ശുചിത്വത്തിന്റെ പാഠങ്ങൾ പകർന്ന് ഗോപാൽപൂരിലെ മുതിർന്ന തലമുറ

എല്ലാ ഞായറാഴ്ചയും രാവിലെ ആറുമണിക്ക് 77 വയസ്സുള്ള സുദർശൻ മോഹപത്ര പുറത്തിറങ്ങും. റിട്ടയർ ഗവൺമെന്റ് ഓഫീസറായ അദ്ദേഹം ചുവന്ന യൂണിഫോം ധരിച്ച് ചൂല്, ഡസ്റ്റ് പാൻ, ഡസ്റ്റ് ബിൻ എന്നിവയുമായി എത്തുക ഒരു കമ്മ്യൂണിറ്റി റൂമിലാണ്. അവിടെ അദ്ദേഹത്തെ കാത്ത് അദ്ദേഹത്തിന്റെ പ്രായത്തിലുള്ള നിരവധി മുതിർന്ന പൗരന്മാർ ഉണ്ടാകും. ഇനി അതിരാവിലെ പ്രായമായ ഈ ആളുകൾ എന്താണ് ചെയ്യുന്നതെന്നല്ലേ? അവർ തങ്ങളുടെ ഉപകരണങ്ങൾകൊണ്ട് തെരുവുകൾ വൃത്തിയാക്കും. മാലിന്യങ്ങൾ നീക്കി, വളർന്ന പുല്ലുകൾ പറിച്ചുമാറ്റി, തൂത്തുവൃത്തിയാക്കുന്ന ഈ മുതിർന്ന പൗരന്മാർ പൊതുശൗചാലയങ്ങളും മറ്റും വൃത്തിയായി ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊതുഇടങ്ങളിൽ വിസർജിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കും.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി തീരദേശ ബാലസോർ ജില്ലയിലെ ഗോപാൽപൂർ പ്രദേശത്തുനിന്നുള്ള മുതിർന്ന പൗരന്മാരുടെ ഒരു ജീവിതചര്യയാണിത്. ഒരു നാടിനുതന്നെ മാതൃകയാക്കി മാറ്റാവുന്ന അവരുടെ ഈ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം.

2014 ൽ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചപ്പോൾ അത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ മനഃസാക്ഷിയെ ഇളക്കിമറിച്ചു. പലർക്കും തുടക്കത്തിൽ വലിയ ഉത്സാഹമായിരുന്നുവെങ്കിലും പതിയെ അവരുടെ പ്രവർത്തനങ്ങളെല്ലാം നിലച്ചു. എന്നിരുന്നാലും, ശുചിത്വത്തിനായുള്ള ആഹ്വാനം പ്രായമായ ഈ ആളുകളുടെ മനസ്സിൽ ആഴത്തിൽ പതിച്ചു. ശുചിത്വമാർന്ന ഇന്ത്യയ്ക്കായുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്താൽ പ്രചോദനം ഉൾക്കൊണ്ട അവർ അന്നുമുതൽ ശാന്തവും എന്നാൽ ഫലപ്രദവുമായ ഒരു വിപ്ലവം നടത്തുകയാണ്.

സർക്കാർ സഹായമില്ലാതെ സ്വന്തം വിഭവങ്ങളെമാത്രം ആശ്രയിക്കുന്ന അവർ എല്ലാ ഞായറാഴ്ചയും റോഡുകളും ബീച്ചുകളും മറ്റ് പൊതു ഇടങ്ങളും വൃത്തിയാക്കുന്നു. 684 ആഴ്ചത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം, 107 അംഗങ്ങളുമായി ഗോപാൽപൂരിലെ ‘നാഗരിക് മഞ്ച്’ എന്ന പേരിൽ ഒരു ഐക്യ ഫോറം രൂപീകരിച്ച ഈ മുതിർന്ന പൗരന്മാർ സാമൂഹികസേവനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രചോദനാത്മക ഉദാഹരണമായി നിലകൊള്ളുന്നു.

“2014 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി മുതൽ ഡ്രൈവ് ആരംഭിക്കാൻ മോദിജി ആഹ്വാനം ചെയ്തതിനുശേഷമാണ് ഇതെല്ലാം ആരംഭിച്ചത്. പത്തംഗ സംഘം എന്ന നിലയിൽ ഞങ്ങൾ ആ ദിവസം മുതൽ ശുചിത്വപ്രചാരണം ആരംഭിക്കുകയും ഞങ്ങൾ ജീവിച്ചിരിക്കുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും ഇത് തുടരാൻ തീരുമാനിക്കുകയും ചെയ്തു. അധ്യാപകർ, വിദ്യാർവിദ്യാർഥികൾ, ദിവസവേതനക്കാർ, സ്ത്രീകൾ എന്നിവരുൾപ്പെടെ നിരവധി പേർ പിന്നീട് ഞങ്ങളോടൊപ്പം ചേർന്നു. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്. എല്ലാവർക്കും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുക” – മഞ്ച് കൺവീനർ മോഹപത്ര പറഞ്ഞു.

ഇതുവരെ അൻപതിലധികം ഗ്രാമങ്ങൾ, ഒരു ഡസനിലധികം സ്കൂളുകൾ, കോളേജുകൾ, പുരി, രാമചാണ്ടി, ചന്ദ്രഭാഗ ബീച്ചുകൾ, കാകത്പൂർ ക്ഷേത്രം, പഞ്ചലിംഗേശ്വർ ശൈവപീഠം എന്നിവയുൾപ്പെടെ 20 പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബ്ലോക്ക് ഓഫീസുകൾ, കളക്ടറേറ്റ്, സി. എച്ച്. സി. കൾ, ബാലസോറിലെ എയിംസ് സാറ്റലൈറ്റ് സെന്റർ എന്നിവയുടെ പരിസരങ്ങൾ എന്നിവ അവർ സന്ദർശിച്ചിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, വെളിയിട വിസർജനം എന്നിവയ്‌ക്കെതിരായ എണ്ണമറ്റ പ്രചാരണങ്ങൾക്കൊപ്പം അവർ ഗ്രാമങ്ങളിൽ 105 ബോധവൽക്കരണ യോഗങ്ങളും സ്കൂളുകളിലും കോളേജുകളിലും നാൽപതിലധികം യോഗങ്ങളും നടത്തിയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് നേരിടുന്ന സ്കൂളുകളിലും അവർ പഠിപ്പിക്കുന്നു.

അവരുടെ പരിശ്രമത്തെ ശ്രദ്ധേയമാക്കുന്നത് അവർതന്നെ മുഴുവൻ സംരംഭത്തിനും ധനസഹായം നൽകുന്നു എന്നതാണ്. ശുചീകരണ ഉപകരണങ്ങൾ വാങ്ങുന്നതുമുതൽ അവരുടെ പ്രചാരണങ്ങൾക്കായി ഗതാഗതക്രമീകരണം വരെ ഓരോ രൂപയും അവരുടെ പെൻഷനുകളിൽനിന്നും സമ്പാദ്യത്തിൽനിന്നും വരുന്നു. അവർക്ക് പ്രതിമാസം പത്തു രൂപ അംഗത്വമായി ലഭിക്കുന്നു. “അവരുടെ സമർപ്പണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാൻ കുറച്ച് വർഷങ്ങൾക്കുമുമ്പ് ടീമിൽ ചേർന്നു. ശുചിത്വമുള്ള ചുറ്റുപാടുകൾ കാണുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിന്റെ സംതൃപ്തി ഞങ്ങൾക്ക് വിലപ്പെട്ടതാണ്” – മുൻ സൈനികനായ ശ്രീകാന്ത പാണ്ഡ പറഞ്ഞു.

ഒരു രാജ്യത്തിനു മുഴുവൻ മാതൃകയാക്കാൻ കഴിയുന്ന, ഏറ്റെടുക്കാൻ കഴിയുന്ന ഒരു നിശ്ശബ്ദ വിപ്ലവമാണിത്. ശുചിത്വത്തിനായി, ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി ഈ മുതിർന്ന തലമുറയുടെ മാതൃക നമുക്ക് ഏറ്റെടുക്കാം. ഒപ്പം ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെ കരുതലിന്റെ അംഗീകരിക്കാം. ഏറ്റെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.