കത്തോലിക്കാ സഭയുടെ മഹത്തായ നിധി വിശുദ്ധ കുർബാനയാണ്. അപ്പത്തിന്റെയും വീഞ്ഞിന്റെയും ഭാവത്തിൽ യേശു സ്വയം മറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ, ദിവ്യകാരുണ്യത്തിൽ ഈശോ മുഴുവനായും സന്നിഹിതനാണ് (CCC 1374). എന്നാൽ, സ്വീകരിച്ച ഉടനെ ഈശോയുടെ ഈ സജീവസാന്നിധ്യം (real presence) ദിവ്യകാരുണ്യത്തിൽ അവസാനിക്കുന്നില്ല.
കൂദാശാസമയത്ത് ദിവ്യകാരുണ്യത്തിൽ സന്നിഹിതമാകുന്ന ഈശോയുടെ സജീവസാന്നിധ്യം ദിവ്യകാരുണ്യ സാദൃശ്യങ്ങൾ നിലനിൽക്കുന്നിടത്തോളം തുടരുന്നു” (the Eucharistic presence of Christ begins at the moment of consecration and endures as long as the Eucharistic species subsists, CCC 1377) എന്ന് മതബോധന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
നാം ക്രിസ്തുവിനെ നമ്മുടെ വായിൽ സ്വീകരിക്കുമ്പോൾ എന്താണ് അർഥമാക്കുന്നത്? യേശുവിന്റെ യഥാർഥസാന്നിധ്യം നമ്മുടെ ശരീരത്തിൽ എത്രത്തോളം നിലനിൽക്കും?
ആ ചോദ്യത്തിന് ഉത്തരം നൽകുന്ന വി. ഫിലിപ്പ് നേരിയുടെ ജീവിതത്തിൽനിന്നുള്ള ഒരു പ്രസിദ്ധമായ കഥയുണ്ട്. ഒരു ദിവസം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ഒരാൾ വിശുദ്ധ കുർബാന സ്വീകരിച്ച് പള്ളിയിൽനിന്ന് നേരത്തെ പോയി. ആ മനുഷ്യൻ തന്റെ ഉള്ളിലുള്ള സാന്നിധ്യത്തോട് യാതൊരു പരിഗണനയും ഇല്ലെന്നുതോന്നി. അതിനാൽ ഈ അവസരം ഒരു അധ്യാപന നിമിഷമായി ഉപയോഗിക്കാൻ ഫിലിപ്പ് നേരി തീരുമാനിച്ചു. കത്തിച്ച മെഴുകുതിരികളുമായി രണ്ട് അൾത്താരബാലന്മാരെ പള്ളിക്കു പുറത്ത് ആ മനുഷ്യനെ അനുഗമിക്കാൻ അയച്ചു. റോമിലെ തെരുവുകളിലൂടെ നടന്ന് കുറച്ചുസമയത്തിനുശേഷം, അൾത്താരബാലന്മാർ ഇപ്പോഴും തന്നെ പിന്തുടരുന്നതുകണ്ട് ആ മനുഷ്യൻ തിരിഞ്ഞുനോക്കി. ആശയക്കുഴപ്പത്തിലായ ആ മനുഷ്യൻ പള്ളിയിലേക്കു മടങ്ങി. അൾത്താരബാലന്മാരെ അയച്ചത് എന്തിനാണെന്ന് പിന്നീട് അയാൾ ഫിലിപ്പ് നേരിയോടു ചോദിച്ചു. വി. ഫിലിപ്പ് നേരി പ്രതികരിച്ചത് ഇങ്ങനെയാണ്: “നിങ്ങൾ നിങ്ങളോടൊപ്പം കൊണ്ടുപോകുന്ന ഞങ്ങളുടെ കർത്താവിന് ഞങ്ങൾ ഉചിതമായ ബഹുമാനം നൽകണം. അവനെ നിങ്ങൾ അവഗണിക്കുന്നതിനാൽ, നിങ്ങളുടെ സ്ഥാനത്ത് രണ്ട് അൾത്താരശുശ്രൂഷികളെ ഞാൻ അയച്ചു.” വിശുദ്ധന്റെ ഈ പ്രതികരണത്തിൽ ആ മനുഷ്യൻ സ്തംഭിച്ചുപോകുകയും ഭാവിയിൽ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ തീരുമാനിക്കുകയും ചെയ്തു.
സ്വീകരണത്തിനുശേഷം ഏകദേശം 15 മുതൽ 30 മിനിറ്റോളം വിശുദ്ധ കുർബാനയുടെ സജീവസാന്നിധ്യം നമ്മിൽ ഉണ്ടായിരിക്കും. ഇത് ലളിതമായ ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ക്രിസ്തുവിന്റെ സാന്നിധ്യം ‘യൂക്കരിസ്റ്റിക് സ്പീഷീസ് നിലനിൽക്കുന്നിടത്തോളംകാലം നിലനിൽക്കും’ എന്ന മതബോധനത്തിന്റെ പ്രസ്താവനയെ പ്രതിഫലിപ്പിക്കുന്നു. ദിവ്യകാരുണ്യത്തിൽ നാം സ്വീകരിച്ച ഈശോയുടെ സജീവസാന്നിധ്യം ഇപ്രകാരം അവസാനിക്കുമെങ്കിലും നമ്മിലേക്ക് എഴുന്നള്ളിവന്ന ഈശോ അതിനുശേഷം നമ്മെ വിട്ടുപോകുന്നു എന്ന അർഥം ഇതിനില്ല.
പല വിശുദ്ധരും ദൈവത്തോടുള്ള സ്തോത്രമെന്ന നിലയിൽ കുർബാന സ്വീകരിച്ച ശേഷം 15 മിനിറ്റ് പ്രാർഥന അർപ്പിക്കാൻ ശുപാർശ ചെയ്തതിന്റെ കാരണവും ഇതാണ്. ഇത് ആത്മാവിനെ ദൈവസാന്നിധ്യം ആസ്വദിക്കാനും യേശുവിനോടൊപ്പം ആയിരിക്കാനും നമ്മെ അനുവദിക്കുന്നു.
കുർബാനയ്ക്കുശേഷവും ദീർഘനേരം ദൈവാലയത്തിലായിരിക്കുകയെന്നത് തിരക്കാർന്ന ലോകത്ത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ, നമുക്ക് നന്ദിയുടെ ഒരു ഹ്രസ്വപ്രാർഥനയെങ്കിലും പ്രാർഥിക്കാൻ സാധിക്കുമല്ലോ. അതോടൊപ്പം വിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യം നാം ഓർക്കേണ്ടതുണ്ട്. നമ്മുടെ കർത്താവുമായി ആശയവിനിമയം നടത്താനും നമ്മുടെ ഉള്ളിൽ അവന്റെ സ്നേഹം അനുഭവിക്കാനും കഴിയുന്ന ഒരു പ്രത്യേകസമയം നമുക്ക് സമ്മാനിക്കുന്നു.
വിവർത്തനം: സുനീഷ വി. എഫ്.