![youth](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/youth.jpg?resize=696%2C435&ssl=1)
ക്ലെയർ ഡി കാസ്റ്റൽബജാക്ക് എന്ന ഫ്രഞ്ച് യുവതി വെറും 32 വർഷക്കാലം മാത്രമേ ഈ ലോകത്തിൽ ജീവിച്ചിരുന്നുള്ളൂ. ചെറുപ്പത്തിൽ വിശുദ്ധയാകാൻ ആഗ്രഹിച്ച അവൾ ഒരു കാലഘട്ടത്തിൽ ഈ ലോകത്തിന്റെ പ്രലോഭനങ്ങളിൽപെട്ട് ദൈവത്തിൽനിന്നും അകന്നു. എന്നാൽ, അവൾ തിരിച്ചറിവോടെ ദൈവത്തിലേക്ക് തിരികെവന്നു. ആധുനികലോകം മാതൃകയാക്കേണ്ട, യുവജനങ്ങൾക്കു മാതൃകയായ ഈ യുവതിയെക്കുറിച്ച് കൂടുതൽ അറിയാം.
ക്ലെയർ ഡി കാസ്റ്റൽബജാക്ക് 1953 ഒക്‌ടോബർ 26 ന് പാരീസിൽ ജനിച്ചു. അവളുടെ പിതാവ് ലൂയിസിന്റെ ആദ്യവിവാഹത്തിലുള്ള നാല് മുതിർന്ന സഹോദരങ്ങൾ ക്ലയറിന് ഉണ്ടായിരുന്നു. ജോൺ (24), ലോറൻസ് (22), പോളിൻ (19), അന്ന (15) വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും അവർ അവരുടെ പിതാവിന്റെ രണ്ടാം ഭാര്യയായ സോളങ്കെ റാംബോഡിന് ജനിച്ച ഇളയ സഹോദരി ക്ലെയറിനെ ഏറെ സ്നേഹിച്ചിരുന്നു.
പിതാവ് ലൂയിസ് മൊറോക്കോയിലെ റാബാറ്റിൽ ബാങ്ക് മാനേജരായി ജോലിചെയ്തു. അവിടെയാണ് ക്ലെയർ തന്റെ ചെറുപ്പകാലം ചെലവഴിച്ചത്. ഫ്രാൻസിലേക്ക് മടങ്ങിയശേഷം അവർ ലോററ്റിലെ ഒരു വലിയ എസ്റ്റേറ്റിൽ താമസമാക്കി. പ്രകൃതിയുമായും വളർത്തുമൃഗങ്ങളുമായും ഇണങ്ങിച്ചേർന്നു ജീവിക്കാൻ പറ്റിയ ഒരു സാഹചര്യമായിരുന്നു ക്ലയറിന് അവിടെ ഉണ്ടായിരുന്നത്. കലാപരമായും അക്കാദമിക്ക് തലത്തിലും ആത്മീയമായും അവൾക്ക് നന്നായി വളരാൻ ആ കാലഘട്ടത്തിൽ സാധിച്ചു. അവളുടെ ബാല്യകാലസ്വപ്‌നം ഒരു വിശുദ്ധയായിത്തീരുക എന്നതായിരുന്നു.
മോശം ആരോഗ്യവും ദഹന-ശ്വസനപ്രശ്നങ്ങളും കാരണം അവൾ വീട്ടിൽ തന്നെയിരുന്നാണ് പഠിച്ചത്. ഒടുവിൽ, മിഡിൽ സ്കൂൾ പഠനം ക്ലെയർ ടൗളൂസിലെ സേക്രഡ് ഹാർട്ട് സ്കൂളിൽ പഠനം ആരംഭിച്ചു. ഹൈസ്കൂൾ പഠനം ആരംഭിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അവൾക്ക് ഇടയ്ക്കിടെ പഠിപ്പ് മുടക്കേണ്ടതായിവന്നു. ലോററ്റിലെ വീട്ടിൽ ഇരുന്നുകൊണ്ടും പഠനം തുടർന്നു. മറ്റുള്ളവരെ സഹായിക്കാൻ അവൾ ഈ സമയം ഉപയോഗിച്ചു. പ്രായമായവർക്കും വികലാംഗർക്കുംവേണ്ടി പാടാൻ കുട്ടികളുടെ ഗായകസംഘം സ്ഥാപിച്ചു.
മുതുകിലെ ശസ്ത്രക്രിയയെ തുടർന്ന് 1971 സെപ്തംബർ വരെ ക്ലെയർ ഹൈസ്കൂൾ ഫൈനൽ പരീക്ഷയിൽ വിജയിച്ചില്ല. തുടർന്ന് ടൗളൂസിലെ ചരിത്ര കലയിൽ അവൾ മേജർ തിരഞ്ഞെടുത്തു. എങ്കിലും, റോമിലെ ചരിത്രപരമായ സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ അവൾ ആഗ്രഹിച്ചു. കലയോടുള്ള ആഭിമുഖ്യം ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു. റോമിലെ ജീവിതം ക്ലയറിന് ഏറെ ദുഷ്‌കരമായിരുന്നു. അവൾക്ക് അവിടെ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. അവളുടെ പുതിയ പരിചയക്കാർ അവിശ്വാസികളായിരുന്നു.
ദൗർഭാഗ്യവശാൽ, ക്ലെയറിന്റെ ജീവിതം, പതിയെ വിശ്വാസത്തിൽനിന്നും അകന്നു. ദൈവത്തോട് വിശ്വസ്തത പുലർത്താൻ ശ്രമിച്ചിട്ടും ദൈവവുമായുള്ള അവളുടെ ബന്ധം സാവധാനത്തിൽ കുറഞ്ഞു. ക്ലെയർ ഒരു വർഷം പഠനത്തിൽ പരാജയപ്പെടുന്ന അവസ്ഥയിലേക്കെത്തി. 1974 സെപ്റ്റംബറിൽ ക്ലെയർ ഒരു കൂട്ടം യുവജനങ്ങളോടൊപ്പം വിശുദ്ധനാട്ടിലേക്ക് തീർഥാടനനത്തിനു പോയി. അത് അവളുടെ ജീവിതത്തിൽ പുതിയ വഴിത്തിരിവായി. അവിടെവച്ച്, ക്ലെയർ ദൈവവുമായുള്ള സമാധാനപൂർണ്ണമായ ബന്ധത്തിലേക്ക് മടങ്ങിയെത്തി. ആ സമയം അവൾ ഓർത്തത് ഇങ്ങനെയാണ്: “ആ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. പരിശുദ്ധ കന്യകയുമായുള്ള എന്റെ ബന്ധത്തിനു പുറമേ, ഞാൻ ദൈവസ്‌നേഹം കണ്ടെത്തി. ക്രിസ്തീയസ്നേഹം ഒരാളുടെ അയൽക്കാരോടുള്ള സ്നേഹമാണ്. കാരണം, ദൈവം തന്നെ അവരെ സ്നേഹിക്കുന്നു” – ക്ലെയർ പറയുന്നു.
വിശുദ്ധ നാട്ടിൽനിന്ന് മടങ്ങിയെത്തിയ ക്ലെയർ അസീസിയിലെ വി. ഫ്രാൻസിസിന്റെ ബസിലിക്കയിലെ ചുവർച്ചിത്രങ്ങൾ പുനഃസ്ഥാപിക്കാൻ ഇന്റേൺഷിപ്പ് ചെയ്തു. ആ സമയങ്ങളിൽ ക്ലെയർ ഒരു ബെനഡിക്റ്റൈൻ ആശ്രമത്തിലാണ് താമസിച്ചത്. അവിടെയുള്ള സന്യാസിനിമാരോടൊപ്പം അവൾ പ്രാർഥിച്ചു. ദിവസേനയുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ കൃതികൾ വായിച്ചു. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയശേഷം, ക്ലെയർ ശാന്തമായ മനസ്സോടെ, സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.
ക്ലെയർ ഡി കാസ്റ്റൽബജാക്കിന്റെ മരണം
“ഞാൻ ഇപ്പോൾ മരിക്കുകയാണെങ്കിൽ, ഞാൻ നേരിട്ട് സ്വർഗത്തിലേക്കു പോകും. കാരണം, സ്വർഗം ദൈവത്തിന്റെ മഹത്വമാണ്. ഞാൻ ഇതിനകം അതിലുണ്ട്” – കഠിനമായ മെനിഞ്ചൈറ്റിസ് ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്കുമുമ്പ് ക്ലെയർ അമ്മയോടു പറഞ്ഞു.
അവധിക്കാലത്ത് അവൾ മാതാപിതാക്കളോടും സുഹൃത്തിനോടുമൊപ്പം ലൂർദിലേക്കു പോയി. മാതാവിന്റെ ഗ്രോട്ടോയിൽ പ്രാർഥിക്കുന്നതിനായി ഈ സ്ഥലവും ക്ലെയറിന് വളരെ ഇഷ്ടമായിരുന്നു. പതിവിലും ദൈർഘ്യമേറിയ പ്രാർഥനയ്ക്കിടെ മകളുടെ മുഖത്ത് എന്തോ മാറ്റം വരുന്നത് അവളുടെ അമ്മ ശ്രദ്ധിച്ചു; അവൾക്കും പരിശുദ്ധ അമ്മയ്ക്കുമിടയിൽ എന്തോ സംഭവിച്ചു.
കുറച്ച് ദിവസങ്ങൾക്കുശേഷം ക്ലെയർ രോഗബാധിതയായി. ആദ്യമൊക്കെ സാധാരണ പനിയാണെന്നായിരുന്നു കരുതിയത്. മെനിഞ്ചൈറ്റിസ് രോഗം വളരെ ഗുരുതരമായി മാറി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്ലെയർ പതുക്കെ കോമയിലേക്ക് വഴുതിവീണു. അവൾ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ്, ലോററ്റിൽ നിന്നുള്ള ഒരു ഇടവക വികാരി അവളെ സന്ദർശിക്കാൻ വന്നു. വിശുദ്ധ കുർബാന സ്വീകരിക്കാൻ അവൾ ആഗ്രഹം പ്രകടിപ്പിച്ചു. സുബോധത്തോടെ വിശുദ്ധ കുർബാന സ്വീകരിച്ചതിനുശേഷം അവൾക്ക് വീണ്ടും ബോധം നഷ്ടപ്പെട്ടു.
ജനുവരി 19 ഞായറാഴ്ച അവൾ അവസാനമായി ഉണർന്നു. അവൾ വളരെ ഉച്ചത്തിൽ പറഞ്ഞു: “കൃപ നിറഞ്ഞ മറിയമേ, സ്വസ്തി…” അവളുടെ അമ്മ പ്രാർഥന തുടർന്നു. ക്ലെയർ അമ്മയോടു പറഞ്ഞു: “വീണ്ടും പ്രാർഥിക്കുക.” 1975 ജനുവരി 22 ന് ക്ലെയർ ഇഹലോകവാസം വെടിഞ്ഞു.
അവളുടെ നാമകരണ നടപടികൾ 1985 ൽ ആരംഭിച്ചു. യുവജനങ്ങൾക്ക് അനുകരണീയായ ഈ യുവതി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന നടപടികളിലൂടെ കടന്നുപോകുകയാണ്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ