സാത്താൻ ആരാധകനിൽ നിന്ന് ജപമാലയുടെ അപ്പോസ്തലനായി ഉയർത്തപ്പെട്ട വ്യക്തിയാണ് വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോംഗോ. ജപമാല രാജ്ഞിയുടെ അത്ഭുത ചിത്രം ലഭിച്ചതിന് ശേഷം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചു. പൈശാചിക ആരാധനയിൽ നിന്നും ആത്മഹത്യാ പ്രവണതകളിൽ നിന്നും എങ്ങനെ അദ്ദേഹം ജപമാലയുടെ അപ്പോസ്തലനായി എന്നുവായിച്ചറിയാം.
പ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ ഇറ്റലിയിലെ പോംപൈയിലെ ചർച്ച് ഓഫ് ദി റോസറിയുടെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട ബാർട്ടോലോ. 1875-ൽ അദ്ദേഹത്തിൻ്റെ കുമ്പസാരക്കാരനായ ഫാ. ആൽബെർട്ടോ റാഡെൻറ്റെ സമ്മാനിച്ച ജപമാല രാജ്‌ഞിയുടെ ഒരു ചിത്രം ലോംഗോയ്ക്ക് സമ്മാനിച്ചു.
ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ലോംഗോ 1860-കളിൽ നേപ്പിൾസിൽ നിയമപഠനത്തിനിടെ വിശ്വാസത്തിൽ നിന്ന് അകന്നു. ഇറ്റലിയുടെ ഏകീകരണത്തിനായി പോരാടുന്ന ഒരു ദേശീയ പ്രസ്ഥാനത്തിൽ നിന്ന് കത്തോലിക്കാ സഭ എതിർപ്പ് നേരിടുന്ന സമയമായിരുന്നു അത്. അക്കാലത്ത് സമൂഹത്തിൽ ശക്തമായ കത്തോലിക്കാ വിരുദ്ധ ആശയങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് ലോംഗോ സാത്താനിസ്റ്റ് ആരാധനയിൽ പങ്കെടുക്കുകയും ഒടുവിൽ ഒരു ‘സാത്താനിസ്റ്റ് പുരോഹിതൻ’ ആകുകയും ചെയ്തു. എന്നിട്ടും, ആ സമയത്ത് ഉത്കണ്ഠയും വിഷാദവും അദ്ദേഹത്തെ പിന്തുടർന്നു. അക്കാലത്ത് ആത്മഹത്യ ചെയ്യാനുള്ള പ്രവണത പോലും അദ്ദേഹത്തിനുണ്ടായിരുന്നു.
കുറച്ച് വർഷങ്ങളായി ലോംഗോ ഇതുപോലെ സാത്താൻ ആരാധന തുടർന്നു. സാത്താനിസം ഉപേക്ഷിക്കാൻ ലോംഗോയെ പിന്നീട് അദ്ദേഹത്തിൻ്റെ മാതൃരാജ്യത്ത് നിന്നുള്ള ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ പ്രേരിപ്പിച്ചു. ഒരു നല്ല കുമ്പസാരം നടത്താനും ആവശ്യപ്പെട്ടു. ഏറെ ബുദ്ധിമുട്ടിയെങ്കിലും ലോംഗോ തലയാട്ടി, ഫാ. റാഡെൻറ്റെയുടെ മാർഗനിർദേശപ്രകാരം ലോംഗോ ജപമാല ചൊല്ലാൻ തുടങ്ങി. അങ്ങനെ അദ്ദേഹം തൻ്റെ പഴയ ജീവിതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങി.
താമസിയാതെ അദ്ദേഹം തൻ്റെ ജീവിതത്തിൽ ജപമാലയോട് വലിയ ഭക്തി വളർത്തി. 1871-ൽ അദ്ദേഹം ഡൊമിനിക്കൻ മൂന്നാം സഭയിൽ (തേർഡ് ഓർഡറിൽ) ചേർന്നു. ജപമാലയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നതിനായി പോംപൈയിലെ ജനങ്ങൾക്കിടയിൽ അദ്ദേഹം പ്രവർത്തിച്ചു. പോംപൈയിലെ ജപമാല രാജ്ഞിയുടെ ചിത്രം വളരെ പ്രസിദ്ധമാണ്. പരിശുദ്ധ അമ്മ തൻ്റെ കൈകളിൽ ശിശുവായ യേശുവിനെ വഹിച്ചുകൊണ്ട് സിംഹാസനത്തിലിരിക്കുന്നു. വിശുദ്ധ ഡൊമിനിക്കും സിയെന്നായിലെ വി. കാതറിനും മാതാവിൻ്റെ കാൽക്കൽ നിൽക്കുന്നതായിരുന്നു ചിത്രം. വളരെ പഴക്കമുള്ള ഒരു ചിത്രമായിരുന്നു അത്. എന്നിരുന്നാലും, ചിത്രം ലഭിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങി.
അപസ്മാരം ബാധിച്ച 12 വയസ്സുകാരി ക്ലോറിൻഡ ലുക്കറെല്ലി പൂർണമായി സുഖം പ്രാപിച്ചു. പല ഡോക്‌ടർമാരും ഒരിക്കലും ഭേദമാകാൻ സാധ്യതയില്ലെന്ന് വിധിയെഴുതിട്ടുണ്ടായിരുന്നു. പ്രാർഥനയ്ക്കായി ലോംഗോ ഈ ചിത്രം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച അതേ ദിവസം തന്നെ ആദ്യത്തെ അത്ഭുതം നടന്നു. അതിനു ശേഷം പോംപൈയിലെ ഈ മരിയൻ ദൈവാലയം വളരെ പെട്ടെന്നാണ് പ്രസിദ്ധമായി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ടു നിരവധി തീർഥാടകർ ഇവിടെയെത്തി.
1926-ൽ പോംപൈയിൽ ലോംഗോ അന്തരിച്ചു. 1980-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. ‘ജപമാലയുടെ അപ്പോസ്തലൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: “എന്നെ രക്ഷിച്ച, സാത്താൻ്റെ പിടിയിൽ നിന്ന് എന്നെ രക്ഷിക്കുന്ന മറിയത്തെ കാണണം എന്നതാണ് എൻ്റെ ഏക ആഗ്രഹം.”
സുനീഷ വി. എഫ്