മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങൾ അറിഞ്ഞിരുന്ന വിശുദ്ധൻ

മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് നൽകിയ ദൈവത്തോടൊപ്പം നിന്നുകൊണ്ട് വിശുദ്ധ ജീവിതം നയിച്ചവർ നിരവധിയാണ്. അങ്ങനെ, തന്നോട് അടുത്തുനിന്നവർക്കെല്ലാം ദൈവം മനുഷ്യഗ്രഹണത്തിന് അതീതമായ കഴിവുകൾ നൽകി. മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ദൈവം നൽകിയ ഒരു വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇങ്ങനെയൊരു കഴിവിനുടമയായിരുന്നു ഈജിപ്തിലെ വി.ജോൺ.

എ. ഡി. 305-394 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു ഈജിപ്തിലെ വി. ജോൺ. ഒരു മരപ്പണിക്കാരന്റെ മകനായാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതലേ ദൈവസ്നേഹത്തിൽ മുഴുകിയാണ് ജോൺ വളർന്നത്. ജോണിന് 25 വയസ്സുള്ളപ്പോൾ, അവൻ ദൈവത്തിന്റെ വിളി കേട്ട് വീടുവിട്ടു. പിന്നീട് അദ്ദേഹം ഒരു സന്യാസിയുടെ ശിഷ്യനായി വർഷങ്ങളോളം മരുഭൂമിയിൽ ജീവിച്ചു. സന്യാസി ജോണിനെ പരീക്ഷിക്കാനായി ഉപയോഗശൂന്യമായ ജോലികൾ ചെയ്യിക്കാറുണ്ടായിരുന്നു. കുന്നിൻമുകളിലേക്ക് വലിയ പാറകൾ വലിച്ചെറിയുകയും ഉണങ്ങിപ്പോയ ചെടിക്ക് വെള്ളം നനയ്ക്കുകയും ചെയ്യുന്ന ജോലി ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യുന്നത് അർഥശൂന്യമാണെന്ന് ജോണിന് അറിയാമായിരുന്നു. ജോൺ ഒരു മടിയും കൂടാതെ ചെയ്തു. തന്റെ തികഞ്ഞഅനുസരണത്തിലൂടെയും വിനയത്തിലൂടെയും ജോൺ തന്റെ യജമാനനെപ്പോലും അതിശയിപ്പിച്ചു.

എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനുള്ള ശക്തി ദൈവം ജോണിന് നൽകിയിരുന്നു. ജോണിനെ ഒരിക്കൽ പലാഡിയസ് എന്ന യുവസന്യാസി സന്ദർശിച്ചു. ജോൺ അവനോട് പറഞ്ഞു:”ഒരു ദിവസം നിങ്ങൾ ബിഷപ്പാകും,” യുവസന്യാസി ചിരിച്ചു. “ഞാൻ ബിഷപ്പ് ആണോ, അതോ ആശ്രമത്തിലെ പാചകക്കാരനാണോ ആകുന്നത്?” ജോൺ പറഞ്ഞു, “അത് സംഭവിക്കും”. താമസിയാതെ പലാഡിയസ് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ജോൺ പറഞ്ഞത് സത്യമായി.

സന്യാസിയോടൊപ്പം പതിനാറ് വർഷം ചെലവഴിച്ചശേഷം തന്റെ ഗുരുവിന്റെ മരണശേഷം ജോൺ ആശ്രമം വിട്ടു. പിന്നീടുള്ള അഞ്ച് വർഷക്കാലം അദ്ദേഹം യാത്രകൾ ചെയ്യുകയും പിന്നീട് ലൈക്കോപോളിസിലെ ഉയർന്ന പാറയുടെ മുകളിൽ കയറി അവിടെയുള്ള ഒരു ചെറിയ ഗുഹയിൽ താമസം തുടങ്ങുകയും ചെയ്തു. മറ്റാരുമായും സമ്പർക്കമില്ലാതെ ദൈവത്തോടൊപ്പം മാത്രമായിരുന്നു ജോണിന്റെ ജീവിതം. മറ്റാരെയും കാണാതെ ആഴ്ചയിൽ അഞ്ചു ദിവസവും അവിടെ അദ്ദേഹം പ്രാർഥനയിൽ തുടർന്നു. ശനി, ഞായർ ദിവസങ്ങളിൽ തന്നെ തേടിയെത്തിയ രോഗികളെ അദ്ദേഹം സുഖപ്പെടുത്തി. ഈ രണ്ടു ദിവസങ്ങളിലും വിശുദ്ധന്റെ പ്രസംഗം കേൾക്കാൻ ആളുകൾ തടിച്ചുകൂടി. വിഷമിക്കുന്നവർക്ക് അദ്ദേഹം ഉപദേശം നൽകാറുണ്ടായിരുന്നു. ദിവസം മുഴുവൻ ഉപവസിക്കുമായിരുന്ന അദ്ദേഹം രാത്രിയിൽ മാത്രമായിരുന്നു അൽപ്പം ഭക്ഷണം കഴിക്കുക.

പ്രവചനത്തിന്റെ ആത്മീയവരം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കപ്പെട്ടു. പലപ്പോഴും ഭാവി പ്രവചിക്കുകയും താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുടെ വിശദാംശങ്ങൾ അറിയുകയും ചെയ്തു. മഹാനായ തിയോഡോഷ്യസ് ചക്രവർത്തിയുടെ ഭാവി വിജയങ്ങൾ അദ്ദേഹം പ്രവചിച്ചു. മറ്റുള്ളവരുടെ ഹൃദയരഹസ്യങ്ങൾ പോലും മനസ്സിലാക്കാനുള്ള കഴിവ് ദൈവം ജോണിന് നൽകിയിരുന്നു. ഒരിക്കൽ ഒരു പുരോഹിതനും മറ്റ് ആറുപേരും ജോണിനെ സന്ദർശിച്ചു. താൻ ഒരു പുരോഹിതനാണെന്നു അദ്ദേഹം ജോണിൽ നിന്നും മന:പ്പൂർവം  മറച്ചുവച്ചു. അദ്ദേഹത്തിന്റെ കൈകളിൽ ചുംബിച്ചുകൊണ്ട് ജോൺ പറഞ്ഞു, “ഒരിക്കലും കള്ളം പറയരുത്, നന്മയ്ക്കുവേണ്ടിയാണെങ്കിലും, നുണ ഒരിക്കലും ദൈവത്തിൽ നിന്ന് വരില്ല, പകരം, നമ്മുടെ രക്ഷകൻ നമ്മെ പഠിപ്പിച്ചത് അത് സാത്താനിൽ നിന്നാണ്.”

വിശുദ്ധൻ 42 വയസ്സ് മുതൽ 90 വയസ്സ് വരെ ഒരു ഗുഹയിൽ താമസിച്ചു. മുട്ടുകുത്തി പ്രാർഥിക്കുന്ന നിലയിലാണ് വിശുദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. മാർച്ച് 27 നാണ് വിശുദ്ധന്റെ തിരുനാൾ ദിനം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.