സകല മരിച്ചവരുടെയും തിരുനാൾദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യസമ്മാനം

മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണദിനം, സകല മരിച്ചവരുടെയും തിരുനാൾദിനത്തിലായിരുന്നു. മരിച്ചവർക്കായി, ഒരു പുരോഹിതനു കൊടുക്കാൻകഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം പരിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേദിനം തന്റെ അപ്പനും അമ്മയ്ക്കും ചേട്ടനും നൽകിയ അമൂല്യസമ്മാനത്തിന്റെ കഥ.

കരോൾ വോയ്റ്റിലയ്ക്ക് കുഞ്ഞുനാളിലെ അമ്മയും ഏകസഹോദരനും നഷ്ടപ്പെട്ടിരുന്നു. ഇരുപതിന്റെ ആരംഭത്തിൽ ഏക ആശ്രയമായിരുന്ന പിതാവും മരണത്തിനു കീഴടങ്ങി. ഈ ആഘാതങ്ങൾ കരോളിന്റെ മുന്നോട്ടുള്ള ജീവിതത്തെയും തീരുമാനങ്ങളെയും സ്വാധീനിച്ചു എന്നതിൽ തർക്കമില്ല. കരോളിന് പൗരോഹിത്യത്തിലേക്കുള്ള വിളിലഭിക്കുമ്പോൾ ഹിറ്റ്ലറിന്റെ നാസിപട്ടാളം പോളണ്ട് കീഴടക്കിയിരുന്നു. പുരോഹിതരും വൈദികവിദ്യാർഥികളും നാസികളുടെ പ്രത്യേക ടാർജെറ്റ് ഗ്രൂപ്പായിരുന്നതിനാൽ, കരോൾ പിടിക്കപ്പെട്ടിരുന്നെങ്കിൽ മരണത്തിലേക്ക് അവർ അദ്ദേഹത്തെ തള്ളിവിട്ടേനേ.

ജീവനുവന്ന ഭീഷണി വകവയ്ക്കാതെ രഹസ്യമായി വൈദികപഠനം ആരംഭിച്ച കരോൾ, കെമിക്കൽ ഫാക്ടറിയിലും പാറമടയിലും ജോലിചെയ്തു. മേലധികാരികളുടെ ഒരു ചെറുസംശയംപോലും മരണത്തിലേക്കു തള്ളിവിടാമായിരുന്ന അപകടകരമായ ആ സാഹചര്യത്തിലും കരോൾ, രഹസ്യമായി സെമിനാരിപഠനം പൂർത്തിയാക്കി. വൈദികനാകണമെന്ന കരോളിന്റെ ആഗ്രഹത്തിന് സഹജോലിക്കാർ എല്ലാ സഹായവും ചെയ്തുനൽകി.

1945 ജനുവരി പതിനെട്ടാം തീയതി നാസിപട്ടാളത്തിന്റെ ക്രാക്കോവിലെ അധിവാസം അവസാനിച്ചു. യുദ്ധത്തിൽ തകർന്നടിഞ്ഞ നഗരത്തെ പുനർനിർമ്മിക്കാൻ ജനങ്ങൾ തുടക്കംകുറിച്ചപ്പോൾ മറ്റൊരു ദു:ഖവാർത്ത അവരെ തേടിയെത്തി. റഷ്യൻ കമ്മ്യൂണിസ്റ്റ് പട്ടാളം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പോളണ്ട് വീണ്ടും അടുത്ത അടിമത്തത്തിലേക്കു കടന്നുപോയി.

ചരിത്രപ്രസിദ്ധമായ ജഗീലോണിൻ (Jagiellonian) യൂണിവേഴ്സിറ്റി പുനർനിർമ്മിച്ചതോടെ പോളണ്ടിലെ ബൗദ്ധികജീവിതം സാവധാനം ഉയിർത്തെഴുന്നേറ്റു. കരോൾ വോയ്റ്റില ദൈവശാസ്ത്രപഠനം അവിടെ പൂർത്തിയാക്കുകയും പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയുംചെയ്തു. കഠിനമായ ആത്മീയനിഷ്ഠകളും പരീക്ഷകളും വിജയകരമായി പൂർത്തിയാക്കിയ കരോൾ ജോസഫ് വോയ്റ്റില 1946 -ലെ, സകല വിശുദ്ധരുടെയും തിരുനാൾദിനത്തിൽ കർദിനാള്‍ സാഫിയായുടെ (Cardinal Sapieha) സ്വകാര്യ ചാപ്പലിൽവച്ച് പൗരോഹിത്യപട്ടം സ്വീകരിച്ചു. സകല വിശുദ്ധരുടെയും ഗണത്തിലേക്ക് ഒരു പിൽക്കാല വിശുദ്ധനും പിറവികൊണ്ട ദിനം.

പിറ്റേന്നായിരുന്നു പ്രഥമ ദിവ്യബലി അർപ്പണം; സകല മരിച്ചവരുടെയും തിരുനാൾദിനത്തിൽ. തനിക്കു പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നതിനാൽ പൗരോഹിത്യജീവിതത്തിന്റെ ആദ്യദിനം (1945 നവംബർ 2) കരോളച്ചൻ മൂന്നു പരിശുദ്ധ കുർബാന അർപ്പിച്ചു. അപ്പനും അമ്മയ്ക്കും സഹോദരനുംവേണ്ടി. സന്തോഷവും സങ്കടവും ഒന്നുചേർന്ന പുണ്യദിനം. പൗരോഹിത്യത്തിന്റെ മഹോന്നതയിൽ ആനന്ദിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവരില്ലാത്തതിന്റെ ഹൃദയനൊമ്പരം. മരിച്ചവർക്കുവേണ്ടി ഒരു പുരോഹിതനു കൊടുക്കാൻകഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം പരിശുദ്ധ കുർബാന ആണെന്ന് അന്നേ കരോളച്ചൻ മനസ്സിലാക്കിയിരുന്നു.

പിന്നീട് കരോളച്ചൻ മെത്രാനും മാർപാപ്പയും ആയപ്പോൾ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുന്ന ശീലം സഭയിൽ അദ്ദേഹം പ്രോത്സാഹിച്ചു.

മരിച്ച വിശ്വസികളെ ദൈവത്തിനു ഭരമേല്പിക്കുമ്പോൾ നമുക്ക് അവരോടുള്ള ഐക്യദാർഢ്യം നമ്മൾ അംഗീകരിക്കുകയും പുണ്യവാന്മാരുടെ ഐക്യം എന്ന വിസ്മയകരമായ രഹസ്യത്തിലൂടെ അവരുടെ രക്ഷയിൽ നമ്മൾ പങ്കുചേരുകയും ചെയ്യുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കാൻ വിശ്വസികളുടെ പ്രാർഥനയ്ക്കും അൾത്താരയിലെ ബലികൾക്കും ദാനധർമ്മങ്ങൾക്കും മറ്റു ഭക്തകൃത്യങ്ങൾക്കും കഴിയുമെന്ന് സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

മരിച്ചവർക്കുവേണ്ടി തീക്ഷ്ണമായി പ്രാർഥിക്കാൻ ഞാൻ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുന്നു. മരണമടഞ്ഞ നമ്മുടെ സഹോദരീ-സഹോദരന്മാർ, കുടുംബാംഗങ്ങൾ എന്നിവർക്ക് അവരുടെ പാപങ്ങളുടെ കടങ്ങളിൽനിന്നു വിടുതൽലഭിക്കുകയും ‘വരിക ഓ എന്റെ പ്രിയപ്പെട്ട ആത്മാവേ, എന്റെ നന്മയുടെ കരങ്ങളിൽനിന്ന് നിനക്ക് നിത്യസന്തോഷം പ്രദാനംചെയ്യുന്ന നിത്യവിശ്രാന്തി വരിക’ എന്ന ദൈവസ്വരം കേൾക്കുകയും ചെയ്യുമാറാകട്ടെ.

മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാൻ സഭ പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ഈ നവംബർ മാസത്തിൽ മരണംമൂലം നമ്മിൽനിന്നു വേർപിരിഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരെ നമ്മുടെ പരിശുദ്ധ കുർബാനയിലും പ്രാർഥനയിലും സ്മരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.