ക്രിസ്തുമസ് ദിനത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച കവി

ഫ്രാൻസിലെ ഏറ്റവും പ്രശസ്തനായ കവികളിലും നാടകകൃത്തുക്കളിലും ഒരാളായ പോൾ ക്ലോഡൽ 1886-ലെ ക്രിസ്തുമസ് ദിനത്തിൽ ദൈവവുമായി ഒരു കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ഒരു അനുഭവമായിരുന്നു അത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ പോൽ ക്ളോഡൽ പാരീസിലെ നോട്രെ ഡാം കത്തീഡ്രലിലേക്ക് കയറി. പുരോഹിതന്മാർ കന്യാമറിയത്തെ സ്തുതിക്കുന്ന മനോഹരഗീതമായ ‘സ്തോത്രഗീതം’ ആലപിക്കുന്ന ഒരു പ്രാർഥന അദ്ദേഹത്തെ ആകർഷിച്ചു.

ആരാധനക്രമത്തിന്റെ ഭംഗിയും പ്രാർഥനയിലെ വാക്കുകളും ക്ലോഡലിന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ഒടുവിൽ വീട്ടിലേക്കുള്ള വഴി കണ്ടെത്തിയതുപോലെ അയാൾക്ക് അതിയായസന്തോഷം അനുഭവപ്പെട്ടു. ആ നിമിഷം, തനിക്ക് കത്തോലിക്കനാകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ തീക്ഷണമായി.

അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചത് ആരാധനക്രമത്തിന്റെ ലളിതവും എന്നാൽ അഗാധവുമായ സൗന്ദര്യമായിരുന്നു. ക്ലോഡൽ തന്റെ പരിവർത്തനത്തിന്റെ നിമിഷം തന്റെ വാക്കുകളിൽ  ഇപ്രകാരം വിവരിച്ചു: “എന്റെ ജീവിതകാലം മുഴുവൻ ആധിപത്യം പുലർത്തുന്ന ഒരു കാര്യം പിന്നീട് സംഭവിച്ചു. ഒരു നിമിഷം കൊണ്ട്, ദൈവം എന്റെ ഹൃദയത്തെ സ്പർശിച്ചു. ഞാൻ വിശ്വസിച്ചു. അത്രയും ബലത്തോടെ, അത്തരമൊരു ഉയർച്ചയോടെ ഞാൻ വിശ്വസിച്ചു. എന്റെ മുഴുവൻ സത്തയിലും, അത്ര ശക്തമായ ബോധ്യത്തോടെ, അത്ര ഉറപ്പോടെ, ഒരു തരത്തിലുള്ള സംശയത്തിനും ഇടം നൽകില്ല…”

ക്ലോഡലിന്റെ അനുഭവം സൗന്ദര്യത്തിന്റെ പരിവർത്തന ശക്തിയുടെയും നമ്മുടെ ജീവിതത്തിൽ ആരാധനക്രമത്തിന്റെ പ്രാധാന്യത്തിന്റെയും ശക്തമായ ഓർമ്മപ്പെടുത്തലാണ്. നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, ആരാധനക്രമത്തിന്റെ സൗന്ദര്യം നമ്മുടെ ഹൃദയത്തിലും മനസ്സിലും ചെലുത്താൻ കഴിയുന്ന ആഴത്തിലുള്ള സ്വാധീനം നാം മറക്കരുത്. ക്ലോഡലിനെപ്പോലെ നമുക്കും ദൈവസ്നേഹത്തിന്റെ   നിഗൂഢതയിലേക്ക് ആകർഷിക്കപ്പെടുകയും നമ്മുടെ പരിവർത്തനത്തിന്റെ വഴികളെ കണ്ടെത്തുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.