ഒരു നോവിസ് ആയിരിക്കുമ്പോൾ തന്നെ മരണമടഞ്ഞ മിസ്റ്റിക്

“തങ്ങൾ പാപത്തിലാണെന്ന വസ്തുതയല്ല പാപത്തിൽ ജീവിക്കുന്നവരെ എന്നിൽനിന്ന് അകറ്റേണ്ടത് എന്ന് അവർ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി ഒരു പരിഹാരമില്ലെന്നോ, ഒരിക്കൽ തങ്ങളുടേതായിരുന്ന സ്നേഹം എന്നെന്നേക്കുമായി നഷ്‌ടപ്പെടുത്തിയെന്നോ അവർ ഒരിക്കലും ചിന്തിക്കരുത്. ഇല്ല, പാവം ആത്മാക്കളേ, തന്റെ രക്തം മുഴുവൻ നിങ്ങൾക്കായി ചൊരിഞ്ഞ ദൈവത്തിന് നിങ്ങളോട് അങ്ങനെയുള്ള യാതൊന്നുമില്ല.”

“ഒരാത്മാവിനും മാരകപാപങ്ങളുടെ ഭാരംപേറി നടക്കുന്നവർക്കുപോലും, ഞാൻ കൃപ നിഷേധിക്കുന്നില്ലെന്ന് അവർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേക ചായ്‌വോടെ ഞാൻ സ്നേഹിക്കുന്ന വിശ്വസ്തരായ ആത്മാക്കളിൽനിന്ന് അവരെ ഞാൻ വേർതിരിക്കുകപോലും ചെയ്യുന്നില്ല. അവരുടെ ആത്മാവിന്റെ അവസ്ഥയ്ക്കുവേണ്ടുന്ന കൃപകളെല്ലാം അവർക്കു ലഭിക്കാനായി ഞാൻ എല്ലാവരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.”

“ഭയപ്പെടാതെ എല്ലാവരും എന്നിലേക്കു വരൂ; ഞാൻ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു. എന്റെ രക്തത്താൽ ഞാൻ നിങ്ങളെ കഴുകാം; നിങ്ങൾ മഞ്ഞിനേക്കാൾ വെണ്മയുള്ളവരായിത്തീരും.” “എന്റെ ഹൃദയത്തിലെ കരുണ എത്രയ്ക്കുണ്ടെന്ന്
ലോകം അറിയുന്നില്ല. നിന്നിലൂടെ അവർക്കെല്ലാം വെളിച്ചംപകരാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്റെ സ്നേഹത്തിന്റെയും കരുണയുടെയും അപ്പസ്തോല ആയിരിക്കണമെന്നും…” സി. ഫൗസ്റ്റീനയ്ക്ക്‌ ദർശനങ്ങൾ ലഭിക്കുന്നതിനുമുൻപേ സി. ജൊസേഫ മെനൻഡസ് എന്ന സന്യാസിനിക്ക് ഈശോ കൊടുത്ത വെളിപ്പെടുത്തലുകളിൽപെട്ടതാണ് ഇതെല്ലാം.

സി. ജൊസേഫ മെനൻഡസ്. 1890 -ൽ ജനിച്ച് 29 വയസ്സുള്ളപ്പോൾ തിരുഹൃദയ സന്യാസ സമൂഹത്തിൽ ചേർന്ന്, നാല് വർഷമാകുമ്പോഴേക്ക്, 33 വയസ്സിൽ നൊവീഷ്യേറ്റിൽ ആയിരിക്കെതന്നെ 1923 ഡിസംബർ 29 -ന് മരണമടഞ്ഞ ഒരു സ്പാനിഷ് സന്യാസിനിയാണ്. അടിച്ചുവാരലും അടുക്കളപ്പണിയും തയ്യലുമൊക്കെയായി അപ്രധാനജോലികൾമാത്രം ചെയ്ത് എളിയവളായി ജീവിച്ച അവൾ എങ്ങനെയാണ് കത്തോലിക്കാ സഭയിലെ മിസ്റ്റിക് ആയും ദൈവദാസിയായും അറിയപ്പെടുന്നതും അവളെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള പ്രക്രിയയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതും?

തിരുഹൃദയനാഥൻ അവൾക്കു നൽകിയ അനേകദർശനങ്ങളും താൻ പറയുന്നതെല്ലാം എഴുതിസൂക്ഷിക്കണമെന്നുള്ള അവിടത്തെ നിർദേശം അനുസരിച്ചതിന്റെ ഫലവുമായിരുന്നു അത്. ഈശോയുമായുള്ള അവളുടെ കൂടിക്കാഴ്ചകൾ, നരകദർശനങ്ങൾ, ഈശോയുടെ വെളിപ്പെടുത്തലുകൾ തുടങ്ങി അവൾ രേഖപ്പെടുത്തിയതെല്ലാം അവളുടെ മരണശേഷം ‘The way of Divine Love’ എന്നപേരിൽ ഒരു പുസ്തകമായി ഇറങ്ങി (അവളുടെ വെളിപ്പെടുത്തലുകൾ സഭ അംഗീകരിച്ചുകഴിഞ്ഞു). അവൾതന്നെ തന്റെ അടയാളമായിരിക്കുമെന്നും അവൾക്ക് തന്റെ തിരുഹൃദയത്തിലെ എരിയുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നും അനേകം ആത്മാക്കൾക്ക്‌ അതുകൊണ്ട് ഉപകാരമുണ്ടാകുമെന്നും അവൾ എഴുതിവയ്ക്കുന്നതെല്ലാം അവൾ സ്വർഗത്തിലായിരിക്കുമ്പോഴാണ് ആളുകൾ അറിയാൻ പോകുന്നതെന്നുമൊക്കെ ഈശോനാഥൻ ജൊസേഫയ്ക്ക്‌ വെളിപ്പെടുത്തിയിരുന്നു.

“എണ്ണമില്ലാത്തത്ര ആത്മാക്കൾക്ക് എന്റെ വാക്കുകൾ പ്രകാശവും ജീവനുമേകും. അവർക്ക് മാനസാന്തരത്തിനും ജ്ഞാനോദയത്തിനുമുള്ള സവിശേഷകൃപ ഞാൻ നൽകും” – ഈശോ അവളുടെ മരണത്തിനുമുൻപ് അവളോട് പറഞ്ഞിരുന്നു. അതുപോലെതന്നെ പുസ്തകത്തിന്റെ ആദ്യപ്രതികൾ ഇറങ്ങി വളരെ പെട്ടെന്നുതന്നെ അത് വിറ്റുതീർന്ന് വീണ്ടുംവീണ്ടും പ്രിന്റ് ചെയ്യേണ്ടിവന്നു.

“നിന്റെ യോഗ്യതകളുടെ പേരിലല്ല ഞാൻ നിന്നെ ഉപകരണമാക്കുന്നത്. മറിച്ച്, എന്റെ ശക്തി ദുർബലവും നിസ്സാരവുമായ ഉപകരണങ്ങളെ എങ്ങനെ പ്രയോജനപെടുത്തുന്നു എന്ന് ആത്മാക്കൾ അറിയുന്നതിനുവേണ്ടിയാണ്. നിന്റെ ശൂന്യതയും എന്റെ കാരുണ്യവും നിന്റെ ദൃഷ്ടിപഥത്തിൽനിന്ന് ഒരിക്കലും മറയരുത്. നിന്റെ ഒന്നുമില്ലായ്മയും നിസ്സാരതയുമാണ് ഒരു കാന്തംകൊണ്ടെന്നപോലെ എന്നെ നിന്നിലേക്ക് ആകർഷിക്കുന്നതെന്ന് മറക്കരുത്. സ്വയം എളിമപ്പെടുന്ന ആത്മാവിന് എന്റെ ഹൃദയം ഒന്നും നിരസിക്കുകയില്ല. ഞാൻ നിനക്കു നൽകുന്ന പ്രസാദവരങ്ങൾക്കിടയിലും നിന്റെ ശൂന്യത നിന്റെ കണ്മുമ്പിൽനിന്ന് മാഞ്ഞുപോകാതിരിക്കുന്നതിനുവേണ്ടിയാണ് ഞാൻ നിനക്ക് ദുരിതങ്ങളും വീഴ്ചകളും അനുവദിക്കുന്നത്” – ഈശോ ജൊസേഫായോട് പറഞ്ഞിരുന്നു.

പിശാച് വലിയതോതിൽ ജൊസേഫായെ ബുദ്ധിമുട്ടിച്ചിരുന്നു. അവൾമൂലം അനേകം ആത്മാക്കളാണ് അവന്റെ പിടിയിൽനിന്ന് രക്ഷപെട്ടുകൊണ്ടിരുന്നത്. ഒരു സന്ധ്യാവേളയിൽ പിശാച് അവളോടു പറഞ്ഞു: “നീ നിന്റെ എളിമയിലൂടെ എന്റെ ശക്തിയെ തകർക്കുന്നു. ഒരാത്മാവിന്മേൽ പിടിമുറുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ അതിന്റെ അഹങ്കാരത്തെ ഉത്തേജിപ്പിക്കുകയേ ഞാൻ ചെയ്യേണ്ടതുള്ളൂ. എന്റെ വിജയത്തിന്റെ ഉറവിടം അഹങ്കാരമാണ്. ലോകം അഹങ്കാരംകൊണ്ട് നിറയുന്നതുവരെ ഞാൻ വിശ്രമിക്കുകയില്ല!”

29 വയസ്സുവരെ കുടുംബത്തിലെ പലവിധ പ്രശ്നങ്ങളാലും ബാധ്യതകളാലും ജൊസേഫയ്ക്ക്‌ മഠത്തിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. സ്പെയിനിലെ മാഡ്രിഡിൽ 1890 ഫെബ്രുവരി 4 -ന് ഭക്തരായ മാതാപിതാക്കളുടെ മകളായി ജനിച്ച ജോസേഫയ്ക്ക്‌ തിരുഹൃദയത്തോട് കുഞ്ഞുനാൾ മുതലേ ഭക്തിയുണ്ടായിരുന്നു. ആദ്യകുർബാന സ്വീകരണസമയത്ത് തന്നെ തന്റെ കന്യാത്വം ദൈവത്തിനു സമർപ്പിച്ചു; അതിന്റെ ശരിയായ അർഥം അറിയാതെതന്നെ. ഒപ്പം ഈശോയുടെ ശബ്ദവും അവൾ കേട്ടു: “അതെ കുഞ്ഞേ, നീ എന്റേതുമാത്രമാകാൻ ഞാനും ആഗ്രഹിക്കുന്നു.”

തയ്യൽ പരിശീലിച്ച അവൾ ചെറുപ്പംമുതലേ വീടിനായി പണിയെടുത്തു. 1000 ഉത്തരീയങ്ങൾ വീടിനടുത്തുള്ള തിരുഹൃദയസഭയ്ക്ക് ഉണ്ടാക്കിക്കൊ ടുക്കാൻ പറഞ്ഞ് പുതിയ തയ്യൽമെഷീൻ കൊടുത്ത മദർ, ആ തയ്യൽമെഷീൻ പിന്നീട് അവളോടുതന്നെ എടുത്തോളാൻ പറഞ്ഞു. സന്യാസത്തോടുള്ള ഇഷ്ടം അവളിൽ കത്തിച്ച ഒരു സംഭവമായിരുന്നു അത്. അവളുടെ പിതാവ് നേരത്തെ മരിച്ചുപോയതുകൊണ്ട് എല്ലാ സഹോദരങ്ങളുടെയും കാര്യങ്ങൾ ക്രമപ്പെടുത്തി, 29 വയസ്സായപ്പോൾ മാത്രമാണ് അവൾക്ക് തനിക്കിഷ്ടപ്പെട്ട തിരുഹൃദയ സന്യാസിനീസമൂഹത്തിൽ ചേരാൻ കഴിഞ്ഞത്; അതും ഫ്രഞ്ച് വശമില്ലാത്ത അവൾക്ക്‌ ഇടംകിട്ടിയത് ഫ്രാൻസിലെ സന്യാസമഠത്തിലാണ്. പിന്നീടാണ് ദർശനങ്ങളുണ്ടാവാൻ തുടങ്ങിയത്.

ആത്മാക്കളുടെ, സ്നേഹമില്ലാത്ത, തണുത്ത പ്രതികരണങ്ങളിലും നഷ്ടപ്പെട്ടുപോകുന്ന അനേകം ആത്മാക്കളിലും ദുഃഖിതനായിരുന്ന ഈശോ, ആത്മാക്കൾക്കായി എരിയുന്ന തന്റെ സ്നേഹം അവളെ കാണിച്ചു. എത്ര കുറച്ചുസമയമാണ് ഭൂമിയിൽ ശേഷിച്ചിട്ടുള്ളതെങ്കിലും ദൈവത്തിലേക്ക് തിരിഞ്ഞുരക്ഷപെടാനാണ് പാപികളോട് ഈശോ പറയുന്നത്. അവരുടെ പാപങ്ങളല്ല, നിസ്സംഗതയും തന്റെ കാരുണ്യത്തിൽ ശരണപ്പെടാത്തതുമാണ് ഈശോയെ കൂടുതൽ വിഷമിപ്പിക്കുന്നത്. തന്റെ കുരിശും മുൾമുടിയും വഹിക്കാൻ ജൊസേഫയെ ഈശോ അനുവദിച്ചു. പരിശുദ്ധ അമ്മയും അനേകം പ്രാവശ്യം അവൾക്ക് പ്രത്യക്ഷപ്പെട്ടു. എന്ത് ബുദ്ധിമുട്ടും തന്റെ അമ്മയോട് പങ്കുവയ്ക്കാൻ ഈശോ പറയാറുണ്ടായിരുന്നു. താൻ അവളോട് ഒരു കാര്യം ചെയ്യാൻ പറഞ്ഞിട്ട്, തന്റെ അമ്മ മറ്റൊന്ന് ചെയ്യാൻ പറയുകയാണെങ്കിൽ അമ്മ പറയുന്നതുകേട്ടാൽമതി എന്നാണ് ജൊസേഫയോട് ഈശോ പറഞ്ഞത്. അവളുടെ ഹൃദയത്തിലെ ദൈവസ്നേഹത്തെ കൂടുതൽ എരിയിക്കാനായി വി. യോഹന്നാൻ ശ്ലീഹ അവൾക്ക് പ്രത്യക്ഷപെട്ടിട്ടുണ്ട്.

ശുദ്ധീകരണാത്മാക്കൾ അവളെ സന്ദർശിക്കാറുണ്ടായിരുന്നു, തങ്ങൾക്കായി പ്രാർഥിക്കണമെന്നു പറയാൻ. ആത്മാക്കളുടെ സ്വർഗപ്രാപ്തിക്കായി അവൾ സഹനങ്ങളേറെ ഏറ്റെടുത്തു പ്രാർഥിച്ചു. നരകദർശനം പലവട്ടം ജൊസേഫയ്ക്ക്‌ ലഭിച്ചിട്ടുണ്ട്, നരകത്തിലെ യാതനകൾ അവളുടെ പുസ്തകത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

“അനേകം ആത്മാക്കൾ നരകത്തിൽ നിപതിക്കുന്നത് ഞാൻ കണ്ടു; 15 വയസ്സുള്ള ഒരു പെൺകുട്ടിയും. ദൈവഭയവും നരകത്തെക്കുറിച്ചുള്ള അറിവും പകർന്നുനൽകാതിരുന്നതിന് അവൾ തന്റെ മാതാപിതാക്കളെ ശപിച്ചുകൊണ്ടിരുന്നു. അവളുടെ ജീവിതം കുറച്ചുസമയമേ നീണ്ടുനിന്നുള്ളൂവെങ്കിലും അത് ഏറെ പാപപങ്കിലമായിരുന്നു. ശരീരത്തിന്റെ ഇച്ഛകൾക്കെല്ലാം അവൾ വഴങ്ങി അതിനെ തൃപ്തിപ്പെടുത്തിയിരുന്നു.”

“എന്റെ ആത്മാവ് അഗാധമായ ആഴത്തിലേക്കു നിപതിച്ചു. അതിന്റെ അറ്റം കാണാൻ കഴിയാത്തത്ര ആഴമുണ്ടായിരുന്നു. അഗ്നിപർവതത്തിനുള്ളിലേയ്ക്കെന്നപോലെ തള്ളിയിടപ്പെട്ട എന്നെ ആളിക്കത്തുന്ന പലകകൾക്കിടയിൽവച്ച് ഞെരുക്കുന്നതുപോലെ തോന്നി. കൂർത്തുമൂർത്ത ആണികളും ചുട്ടുപഴുത്ത ഇരുമ്പും മാംസത്തിൽ തുളച്ചുകയറുന്നതായി തോന്നി. അവർ എന്റെ നാവ് പിഴുതെടുക്കാൻ ശ്രമിക്കുന്നതായി തോന്നി. കടുത്ത വേദനയിൽ എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിനിന്നതുപോലെയായിരുന്നു. ആളിക്കത്തിനിൽക്കുന്ന തീ കാരണമായിരിക്കണം അത്. ഭയങ്കരമായ പീഡനത്തിൽനിന്ന് ഒരു നഖത്തിനുപോലും ഒഴിവില്ല. നഖം പോലും ചലിപ്പിക്കാൻ കഴിയുന്നുമില്ല.”

അസ്സഹനീയമായ ദുർഗന്ധവും ഒപ്പം അവർണ്ണനീയമായ പീഡനങ്ങളും ഉണ്ടെങ്കിലും ആത്മാവിന് കുറച്ച് സമാധാനമുണ്ടെങ്കിൽ മതിയായിരുന്നു; എന്നാൽ ശാപവാക്കുകളാണ് എങ്ങും കേൾക്കുന്നത് എന്ന് ജൊസേഫ പറയുന്നു. തങ്ങൾ പാപം ചെയ്ത അവയവങ്ങളെ, കണ്ണിനെ, നാവിനെ ഒക്കെ ആളുകൾ പഴിക്കുന്നു. താൻ എഴുതുന്നത് അവിടെ അനുഭവിക്കുന്നതിന്റെ നിഴൽമാത്രമാണെന്നും അവിടുത്തെ പീഡകൾ വർണ്ണനാതീതമാണെന്നും അവൾ പറയുന്നുണ്ട്.

ഇത്രയും എളിമയുള്ള, അനുസരണയുള്ള ഒരു നോവിസിനെ അവളുടെ സുപ്പീരിയർമാർ കണ്ടിട്ടില്ല. വൃത്തിയാക്കലും പാത്രംകഴുകലുംപോലുളള ജോലികളാണ് അവൾ സന്തോഷത്തോടെ ഏറ്റെടുത്തിരുന്നത്. ഏപ്രൺ അണിഞ്ഞ മിസ്റ്റിക്. മരിക്കുന്നതുവരെ കൂടെയുള്ള സന്യാസിനികൾ അവളിലുള്ള അസ്വാഭാവിക കൃപകളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഫ്രാൻസിലെ പ്വാച്ചിയെയിലുള്ള കോൺവെന്റിൽ 1923 ഡിസംബർ 29 -ന് അവൾ മരിച്ചു; ഏറ്റവും താഴ്ന്ന റാങ്കായ നോവിസ് ആയിരിക്കെ തന്നെ.

അവളുടെ പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ചു മാസങ്ങൾക്കുള്ളിൽതന്നെ അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഈശോ പറഞ്ഞതുപോലെതന്നെ ജൊസേഫ സ്വർഗത്തിലായിരിക്കെ അവൾ എഴുതിയത് ആയിരങ്ങളും പതിനായിരങ്ങളും വായിച്ചു.

എല്ലാവർക്കും സി. ജൊസേഫ മെനൻഡസിന്റെ തിരുനാൾ ആശംസകൾ (ഡിസംബർ 29)

ജിൽസ ജോയ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.