ജപമാലഭക്തിയുടെ പേരിൽ സോവിയറ്റ് യൂണിയനിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടി

ജപമാല ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് സോവിയറ്റ് യൂണിയൻ ഭരണത്തിന്റെ പീഡനത്തിന് ഇരയാകേണ്ടിവരികയും കൊല്ലപ്പെടുകയും ചെയ്ത വനിതയാണ് ജനൈനാ ജെന്റുൾസ്ക്ക. മുപ്പതാം വയസ്സിൽ കൊല്ലപ്പെട്ട ഉക്രൈൻ പൗരയായ അവർ ഒരു വികലാംഗ കൂടിയായിരുന്നു.

1917 ൽ ബോൾഷെവിക്ക് വിപ്ലവത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയൻ ഉക്രൈൻ പിടിച്ചെടുത്തു. ആ സമയത്ത് സ്വേച്ഛാധിപധിയായ ജോസഫ് സ്റ്റാലിൻ ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ ആരംഭിച്ചു. 1937 കാലഘട്ടത്തിൽ ജനൈനാ അവളുടെ അമ്മയുമൊത്ത് ഉക്രൈനിലെ വിയർസ്ബോവിക്കിൽ താമസിക്കുകയായിരുന്നു. അവിടെയുള്ള എല്ലാ ക്രൈസ്തവരെയുംപോലെതന്നെ ‘ലിവിങ് റോസറി’ എന്ന ജപമാല പ്രാർഥനാഗ്രൂപ്പിൽ അവരും അംഗമായി.

കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കുകയോ, പഠിപ്പിക്കുകയോ ചെയ്തിരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും അടച്ചുപൂട്ടാൻ അക്കാലത്ത് കമ്മ്യൂണിസ്റ്റ് അധികാരികൾ ഉത്തരവിട്ടു. സെമിനാരികളടക്കം അടച്ചു, പുരോഹിതരെ അറസ്റ്റ് ചെയ്തു. ആ സമയത്താണ് ജനൈനാ അവരുടെ പ്രാർഥനാഗ്രൂപ്പിന്റെ ഒരു കൂട്ടായ്മ അവളുടെ വീട്ടിൽവച്ചു നടത്താൻ ധൈര്യം കാണിച്ചത്. കമ്മ്യൂണിസ്റ്റ് അധികാരികൾ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ അത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണെന്ന് അവൾക്ക് അറിയാമായിരുന്നു.

ഒടുവിൽ ജനൈനയുടെ വീട്ടിലും പൊലീസ് എത്തി. അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തപ്പെട്ട അവളോട് അഭിഭാഷകൻ ചില ചോദ്യങ്ങൾ ചോദിച്ചു.

“നീ ജപമാല സംഘത്തിന്റെ നേതാവാണോ?”

“അതെ, ഞാൻ ലിവിങ് റോസറിയുടെ നേതാവാണ്. എന്നാൽ അതൊരു സംഘടനയല്ല. ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുകയാണ് ചെയ്യുന്നത്” – അവൾ മറുപടി പറഞ്ഞു.

“എത്ര അംഗങ്ങളുണ്ട്?”

“പതിനഞ്ച്.”

“പതിഞ്ചോ! എന്നിട്ട് അതൊരു സംഘടനയല്ലെന്നു നീ പറയുന്നോ? നിങ്ങൾക്ക് ആരാണ് പ്രാർഥനകൾ തരുന്നത്?”

ചോദ്യങ്ങളുടെ നിര നീണ്ടെങ്കിലും ജനൈനയുടെ ഉത്തരങ്ങളൊന്നും അധികാരികൾ മുഖവിലയ്‌ക്കെടുത്തില്ല.

‘ദൈവം ഇല്ല’ എന്നുള്ള പ്രസ്താവനയ്ക്കു മുൻപിൽ സധൈര്യം ഈ പെൺകുട്ടി “നിങ്ങൾക്ക് ദൈവമില്ലായിരിക്കാം; എന്നാൽ ഞങ്ങൾക്ക് ദൈവമുണ്ട്” എന്ന് മറുപടി പറഞ്ഞു.

“എന്നാൽ നീ ഇവിടെയല്ലേ. പിന്നെ അവരെയൊക്കെ ആരു നയിക്കും?” അഭിഭാഷകൻ ചോദിച്ചു.

“ദൈവത്തിൽ അടിയുറച്ച വിശ്വസിക്കുന്ന മറ്റാരെങ്കിലും” – അവൾ ഭയമില്ലാതെ മറുപടി പറഞ്ഞു.

വളരെ താമസിയാതെ തന്നെ ജനൈനയുടെ അമ്മയ്ക്ക്, മകൾ മരണപ്പെട്ടുവെന്നും കരൾരോഗമായിരുന്നു മരണകാരണമെന്നുമുള്ള ഒരു വാർത്ത ലഭിച്ചു. എന്നാൽ, അത് തെറ്റായിരുവെന്ന് ഉറപ്പായിരുന്നു. കാരണം പിന്നീട് അവളുടെ തലയിൽ വെടിയുണ്ട കയറിയ പാടുകൾ കണ്ടെത്തി.

ദെവത്തിലുള്ള അടിയുറച്ച വിശ്വാസത്താലും ജപമാലഭക്തി മൂലവും കൊല്ലപ്പെട്ട ഈ പെൺകുട്ടിയുടെ ഒരു ഫോട്ടോ ഇപ്പോഴും വിയർസ്ബോവിക്കിലെ കത്തോലിക്കാ ദൈവാലയത്തിലുണ്ട്. നിരവധി വിശ്വാസികളാണ് ഈ ചിത്രത്തിനുമുൻപിൽ നിന്നുകൊണ്ട് അവളെ ഓർമിക്കുകയും പരിശുദ്ധ അമ്മയോട് പ്രാർഥിക്കുകയും ചെയ്യുന്നത്.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.