ഇറ്റലിയിലെ അതിമനോഹരമായ ഒരു ദൈവാലയം

റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ദൈവാലയം. എന്നാൽ, ഇറ്റലിയിലെ ഏറ്റവും മനോഹരമായ പള്ളികളുടെ പട്ടികയിൽ മറ്റൊരു സെന്റ് പീറ്റേഴ്‌സ് ദൈവാലയം കൂടിയുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ സിൻക്യു ടെറെ മേഖലയിലെ പോയറ്റ്സ് ഉൾക്കടലിന് അഭിമുഖമായുള്ള പാറക്കെട്ടിനു മുകളിൽ നിർമിച്ചിരിക്കുന്ന പോർട്ടോ വെനറെയിലെ സെന്റ് പീറ്റേഴ്സ് ചർച്ച് ആണ് അത്.

പുരാതന ക്രിസ്ത്യൻ കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു ആരാധനാലയത്തിലാണ് നിലവിലെ ദൈവാലയം സ്ഥാപിച്ചതെന്ന് പുരാവസ്തു തെളിവുകൾ വ്യക്തമാക്കുന്നു. ആദ്യത്തെ അഞ്ച് നൂറ്റാണ്ടുകളിൽ ഈ പള്ളി ബോബിയോയിലെ സെന്റ് കൊളംബാനസിന്റെ സന്യാസിമാരുടെ കീഴിലായിരുന്നു. 1118 ൽ, ഗെലാസിയസ് രണ്ടാമൻ മാർപാപ്പ, വി. പത്രോസ് ശ്ലീഹായുടെ ഒരു തിരുശേഷിപ്പ് കിഴുക്കാംതൂക്കായി നിലകൊള്ളുന്ന പള്ളിയിലേക്കു കൊണ്ടുപോകാൻ ഉത്തരവിടുകയും പള്ളി വിശുദ്ധന്റെപേരിൽ ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു.

ഈ ദൈവാലയം പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം മുതൽ തുടർച്ചയായ ആക്രമണങ്ങളെയും കൊള്ളകളെയും നേരിടേണ്ടിവന്നെങ്കിലും 1929 നും 1934 നുമിടയിൽ നടപ്പിലാക്കിയ പുനരുദ്ധാരണപദ്ധതികളുടെ ഫലമായി വീണ്ടും മനോഹരമായി കാണപ്പെട്ടു.

ഒന്നാം ഇറ്റാലിയൻ യുദ്ധത്തിൽ ചാൾസ് എട്ടാമന്റെ കപ്പലിൽനിന്നും വിക്ഷേപിച്ച ബോംബുകളാൽ ഇത് ഭാഗികമായി നശിപ്പിക്കപ്പെട്ടു. പിന്നീട്, നെപ്പോളിയൻ യുദ്ധസമയത്ത് ഈ ദൈവാലയം ഓസ്ട്രോ-റഷ്യൻ സൈനികരും പിന്നീട് നെപ്പോളിയൻ സൈന്യവും കൈവശപ്പെടുത്തി. അവർ ദൈവാലയത്തിലുണ്ടായിരുന്ന കലാസൃഷ്ടികൾ കൊള്ളയടിക്കുകയും ആയുധങ്ങൾ നിർമിക്കുന്നതിനായി മണികൾ ഉരുക്കുകയും ചെയ്തു. ഇത്രയധികം ആക്രമണങ്ങൾ നേരിട്ടെങ്കിലും സെന്റ് പീറ്റേഴ്‌സ് നിലവിൽ ഇറ്റലിയിലെ ജെനോയിസ് ഗോഥിക് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ഇന്നും നിലകൊളുന്നു.

നിലവിൽ ഈ ദൈവാലയം വ്യത്യസ്‍തമായ കെട്ടിടങ്ങളുടെ സംയോജനമാണെങ്കിലും അത് പ്രകൃതിയിൽത്തന്നെ സ്വാഭാവികമായിട്ടുള്ള ഒന്നായി കാണപ്പെടുന്നു. പൽമരിയ ദ്വീപിന്റെ പശ്ചാത്തലത്തിൽ പോർട്ടോ വെനെറെ ഉൾക്കടലിന്റെ ബാക്കിഭാഗം ദൈവാലയത്തിൽ നിന്നുകൊണ്ട് ആസ്വദിക്കാൻ സാധിക്കുന്നതിനാൽ ഇവിടം സഞ്ചാരികൾക്കും തീർഥാടകർക്കും ഒരുപോലെ പ്രിയപ്പെട്ടതായിമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ വിവാഹിതരാകാൻ ഈ ദൈവാലയം തിരഞ്ഞെടുക്കുന്നതിനു കാരണവും ഇതാണ്.

സെന്റ് പീറ്റേഴ്സ്  ദൈവാലയം പ്രാദേശികവിശ്വാസികൾക്കിടയിലും സുപ്രധാനപങ്ക്  വഹിക്കുന്നു. പ്രാദേശികഭക്തിയിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന ‘വൈറ്റ് മഡോണ’ എന്ന പെയിന്റിംഗ്  ഈ ദൈവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പാരമ്പര്യമനുസരിച്ച്, 1204 ൽ കടലിൽനിന്നാണ് ഈ പെയിന്റിംഗ് കിട്ടിയത്. എല്ലാ വർഷവും ആഗസ്റ്റ് 17 ന് തലേദിവസം, ആയിരക്കണക്കിന് മെഴുകുതിരികൾ കത്തിച്ച് വൈറ്റ് മഡോണയുടെ തിരുനാൾ ആഘോഷിക്കാൻ പ്രദേശവാസികൾ ഒത്തുകൂടുന്നു. ആഴ്ചയിലെ എല്ലാ ദിവസവും ചർച്ച് ഓഫ് സെന്റ് പീറ്റേഴ്‌സ് രാവിലെ 8.30 മുതൽ വൈകിട്ട് ഏഴു വരെ സന്ദർശകർക്കായി തുറന്നിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.