
മഹാനായ ഒരു വിശുദ്ധനായിരുന്നു പാദ്രെ പിയോ. അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിശുദ്ധനാണ്. ദിവ്യകാരുണ്യത്തോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള അദ്ദേഹത്തിന്റെ ഭക്തി ഭുവനപ്രസിദ്ധമാണ്. പഞ്ചക്ഷതധാരിയായ വി. പാദ്രെ പിയോയ്ക്ക് ഒരേസമയം പല സ്ഥലങ്ങളിലായിരിക്കാനുള്ള കൃപയുണ്ട്. അതിലൂടെ അനേകരുടെ ജീവിതങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പാദ്രെ പിയോ അത്ഭുതകരമായി ഇടപെട്ട മൂന്നു സംഭവങ്ങളെ കാണാം.
1. സൈനികമേധാവിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച പാദ്രെ പിയോ
ഒന്നാം ലോകമഹായുദ്ധസമയത്ത് കപോറെത്തോയുമായുള്ള യുദ്ധത്തിൽ ഇറ്റലി പരാജയപ്പെട്ടതിനുശേഷം ഇറ്റാലിയൻ ജനറൽ ആയിരുന്ന ലൂയിജി കാപ്പെല്ലോ കടുത്ത നിരാശയാൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എല്ലാവരെയും തന്റെ ഓഫീസിൽ നിന്ന് മാറ്റിനിർത്താൻ ഒരു സൈനികനോട് ആജ്ഞാപിച്ചശേഷം അദ്ദേഹം ജീവനൊടുക്കാൻ പോകുകയായിരുന്നു. കുറേസമയം കഴിഞ്ഞ് അദ്ദേഹം തലയുയർത്തി നോക്കിയപ്പോൾ അവിടെ ഒരു സന്യാസിയെ കണ്ടു. അതോടെ അദ്ദേഹം ആകെ അസ്വസ്ഥനായി തന്റെ ഉദ്യമത്തിൽ നിന്നും പിൻവാങ്ങി. എന്നിട്ട് സന്യാസിയെ തന്റെ മുറിയിലേക്കു കടത്തിവിട്ട കാവൽക്കാരനെ ശകാരിക്കാൻ തുടങ്ങിയപ്പോൾ ആരും ഓഫീസിൽ കയറുകയോ, പുറത്തിറങ്ങുകയോ ചെയ്തിട്ടില്ലെന്ന് സൈനികൻ ഉറപ്പിച്ചുപറഞ്ഞു. വർഷങ്ങൾക്കുശേഷമാണ് അത് പാദ്രെ പിയോ ആയിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
2. മനസ്സ് തുറന്നു കുമ്പസാരിക്കാൻ സഹായിക്കുന്ന വിശുദ്ധൻ
പാദ്രെ പിയോ അറിയപ്പെടുന്ന ഒരു കുമ്പസാരക്കാരനായിരുന്നു. ഒരു ദിവസം തന്നെ 15 മണിക്കൂറുകളോളം അദ്ദേഹം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്നു. മനസ്താപമില്ലാതെ കുമ്പസാരിക്കുന്നവരോട് അദ്ദേഹം കാർക്കശ്യത്തോടെ പെരുമാറുമെന്ന് അറിയാമായിരുന്നതുകൊണ്ടുതന്നെ ചിലരെല്ലാം അദ്ദേഹത്തിൽനിന്ന് ഒഴിഞ്ഞുമാറുമായിരുന്നു. എന്നാൽ, യഥാർഥ അനുതാപത്തോടെ കുമ്പസാരത്തിനായി അണയുന്നവർക്ക് അദ്ദേഹം വളരെ സൗമ്യനായിരുന്നു. പാദ്രെ പിയോയ്ക്ക് മറ്റുള്ളവരുടെ മനഃസാക്ഷി വായിക്കാൻ കഴിഞ്ഞിരുന്നതിനാൽ പാപസങ്കീർത്തനത്തിനായി അണയുന്നവരിൽ നാണക്കേടുകൊണ്ടും പശ്ചാത്താപംകൊണ്ടും പാപങ്ങൾ ഏറ്റുപറയാൻ സാധിക്കാത്തവരെ അദ്ദേഹംതന്നെ സഹായിക്കുമായിരുന്നു. ഒട്ടും മനഃസ്താപമില്ലാതെ പാപസങ്കീർത്തനത്തിനായി അണയുന്നവരെ അദ്ദേഹം കാർക്കശ്യത്തോടെയാണെങ്കിലും അവരുടെ തെറ്റു മനസ്സിലാക്കിക്കൊടുത്ത് അനുരഞ്ജനത്തിലേക്കു നയിക്കാറുണ്ട്. അദ്ദേഹത്തിന്റെ അരികിൽ പാപസങ്കീർത്തനത്തിനണയുന്ന അവർക്കൊക്കെയും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
3. മരണക്കിടക്കയിലായിരുന്ന സുഹൃത്തിനെ സന്ദർശിച്ച പാദ്രെ പിയോ
ഇറ്റലിയിലെ ഒരു ബിഷപ്പുമായി വലിയ സൗഹൃദത്തിലായിരുന്നു പാദ്രെ പിയോ. അദ്ദേഹത്തിന്റെ മരണസമയത്ത് പാദ്രെ പിയോ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം മരണാസന്നനായ ആ ബിഷപ്പിനെ കാണാൻ പാദ്രെ പിയോ ആ മരണക്കിടക്കയ്ക്കുസമീപം എത്തിയിരുന്നു. മരണാസനനായിരുന്ന ബിഷപ്പ് ആ കപ്പൂച്ചൻ സന്യാസിനിയെ കണ്ടമാത്രയിൽ ‘പാദ്രെ പിയോ’ എന്ന് മന്ത്രിച്ചിരുന്നു.
പാദ്രെ പിയോ നമുക്ക് എന്നും സമീപസ്ഥനാണ്. അനേകർ അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടർന്ന് ഈ കാലഘട്ടത്തിലും ആത്മീയപാതയിൽ മുന്നേറുന്നു. അദ്ദേഹം ഇന്നും കാലത്തിനും ദേശത്തിനും മരണത്തിനുമതീതനായി നമ്മോടൊപ്പമുണ്ട്. വിശുദ്ധന്റെ മധ്യസ്ഥതയിൽ കൂടുതൽ വിശുദ്ധിയിൽ ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.