ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാർഥിക്കുന്നതിനുള്ള 20 വഴികള്‍

“കത്തോലിക്കാ സഭയുടെ മരണാനാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ പ്രകടനങ്ങളിലൊന്നാണ് മരിച്ചവരുടെ ഓർമയോടുള്ള ഭക്തി” – ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പയുടെ പ്രശസ്തമായ വാക്കുകളാണ് ഇവ.

കത്തോലിക്കാ സഭയ്ക്ക് മരിച്ചുപോയ ആത്മാക്കളോട് പ്രത്യേക പരിഗണനയാണ് ഉള്ളത്. മരണത്തോടെ വിശ്വാസികളുടെ ജീവിതം തീരുന്നില്ല എന്നും മരണത്തിനപ്പുറം നിൽക്കുന്ന നിത്യസൗഭാഗ്യത്തിലേക്ക് വിശ്വാസികളെ എത്തിക്കുന്നതിൽ ജീവിച്ചിരിക്കുന്നവർക്കും കടമയുണ്ടെന്നും സഭ പഠിപ്പിക്കുന്നു.  അതിനാലാണ് സഭ, നവംബർ മാസം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കായി സമർപ്പിച്ചിരിക്കുന്നത്.

ഈ മാസം മുഴുവൻ മരിച്ചുപോയ വിശ്വാസികൾക്കായി പ്രത്യേകിച്ച്, നമ്മുടെ  സ്നേഹിതരും അറിയാവുന്നവരുമായവരുടെ ആത്മാക്കൾക്കായി പ്രാർഥിക്കുകയാണ്. കൂടാതെ, നവംബർ മാസം രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാളായി സഭ ആചരിച്ചുപോരുന്നു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി പ്രാർഥിക്കേണ്ട 20 വഴികൾ 

1. മരിച്ചവർക്കുവേണ്ടിയുള്ള നൊവേന ചൊല്ലി അത് ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി സമർപ്പിക്കണം.

2. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുക.

3. മരിച്ചുപോയ പ്രിയപ്പെട്ടവർക്കായി കുർബാന ചൊല്ലിക്കുക, പ്രത്യേകിച്ച് അവരുടെ ചരമവാർഷിക ദിനങ്ങളിൽ.

4. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി കുരിശിന്റെ വഴി ചൊല്ലി പ്രാർഥിക്കുക.

5. വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം മരിച്ചവർക്കായി നിയോഗംവച്ച് ജപമാല  പ്രാർഥിക്കുക.

6. ദണ്ഡവിമോചനം നേടിയെടുക്കുക: ഭക്തിപ്രവൃത്തികളിലൂടെ ദണ്ഡവിമോചനം നേടിയെടുക്കാൻ കഴിയും. മരിച്ചവരുടെ ദിനത്തിൽ ദൈവാലയത്തിൽ പോവുകയും  അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണവും സ്വര്‍ഗസ്ഥനായ പിതാവേ, എന്ന പ്രാർഥനയും ഏറ്റുചൊല്ലുക.

7. ദാനധർമ്മം ചെയ്യുക: പാവപ്പെട്ടവർക്ക് ഭൗതികസഹായം നൽകുന്നത് എല്ലായ്‌പ്പോഴും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിനു കാരണമാകും. ദാനധർമം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുന്നതിനും തെറ്റുകൾ മോചിക്കപ്പെടുന്നതിന് സഹായിക്കുകയും ചെയ്യും.

8. ശുദ്ധീകരണാത്മാക്കൾക്കായി കരുണക്കൊന്ത ചൊല്ലി പ്രാർഥിക്കുക.

9. വി. ജത്രൂതിന്റെ പ്രാർഥന ചൊല്ലുക: ഈ പ്രാർഥനയിലൂടെ വി. ജത്രൂത് ശുദ്ധീകരണസ്ഥലത്തെ നിരവധി ആത്മാക്കളെ രക്ഷിച്ചിരുന്നു.

10. നിലത്ത് വിശുദ്ധജലം തളിക്കുക.

11. സെമിത്തേരിയിലൂടെ കടന്നുപോകുമ്പോൾ ശുദ്ധീകരണാത്മാക്കള്‍ക്കായുള്ള ചെറിയ പ്രാർഥന ചൊല്ലുക. ഇത് ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്ക് പാപവിമോചനം നൽകും. “കർത്താവേ, അങ്ങയുടെ നിത്യശാന്തി അവർക്കു നൽകണമേ. അങ്ങയുടെ ശാശ്വതമായ പ്രകാശം അവരുടെമേൽ പ്രകാശിപ്പിക്കണമേ. മരിച്ച വിശ്വാസികളുടെ ആത്മാവുകൾ കർത്താവിന്റെ കരുണയാൽ സമാധാനത്തിൽ വിശ്രമിക്കട്ടെ. ആമ്മേൻ” എന്ന പ്രാർഥന ചൊല്ലുക.

12. നിങ്ങളുടെ ഭക്ഷണത്തിനുമുമ്പും ശേഷവും നിത്യശാന്തിയുടെ പ്രാർഥന ചൊല്ലുന്നത് ശീലമാക്കുക. ഇത് ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രാർഥിക്കാന്‍ നമ്മെ ഓർമപ്പെടുത്തും. അനുദിന പ്രാർഥനയിൽ ജപമാലക്കിടയിലും ഈ പ്രാർഥന ചൊല്ലാവുന്നതാണ്.

13. സെമിത്തേരി സന്ദർശിക്കുക: പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളില്‍ പ്രാർഥിക്കുക, സെമിത്തേരി സന്ദർശിക്കുക. ആരുമില്ലാത്തവർക്കുവേണ്ടി പ്രാർഥിക്കുക. ശുദ്ധീകരണസ്ഥലത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ഭാഗികമായി ആനന്ദം പകരുന്നു.

14. ദിവ്യകാരുണ്യ ആരാധന: ശുദ്ധീകരണസ്ഥലത്തുള്ളവർക്കുവേണ്ടി ദിവ്യകാരുണ്യത്തിനു മുന്നിൽ ആയിരിക്കുന്നത് ആത്മാക്കൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുന്നതിനു തുല്യമാണ്‌.

15. ത്യാഗപ്രവർത്തികൾ: ദിവസം മുഴുവനുമുള്ള നിങ്ങളുടെ ചെറിയ ത്യാഗപ്രവൃത്തികൾ ശുദ്ധീകരണാത്മാക്കളുടെ പാപത്തിനു പരിഹാരമായി സമർപ്പിക്കുക.

16. മരിച്ചവർക്കായി പ്രാർഥിക്കുക: മരിച്ചവർക്കായി പ്രാർഥിക്കാൻ നിങ്ങൾ സമയം കണ്ടെത്തുക.

17. ജീവിച്ചിരുന്നപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട വിശുദ്ധനോടും വിശുദ്ധയോടും  അവർക്കായി മാധ്യസ്ഥ്യം അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.

18. പ്രത്യേക പ്രാർഥന: നിങ്ങളുടെ പ്രാർഥനയിൽ ശുദ്ധീകരണാത്മാക്കൾക്കായുള്ള പ്രാർഥനകൾ ഉൾപ്പെടുത്തുക. ഇവർക്കായുള്ള പ്രാർഥനകളഅടങ്ങുന്ന ബുക്കുകൾ വാങ്ങുകയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഓർമയ്ക്കായി നിരന്തരം പ്രാർഥി ക്കുകയും ചെയ്യുക.

19. ദൈവത്തിനെതിരെ ചെയ്ത പ്രവർത്തികളിൽ പശ്ചാത്തപിക്കുകയും കുമ്പസാരിക്കുകയും ചെയ്യുക.

20. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാർഥന പ്രചരിപ്പിക്കുക: ശുദ്ധീകരണസ്ഥലത്തെ കഷ്ടപ്പാടുകളിൽ നമ്മുടെ പ്രാർഥനകൾക്ക് ശുദ്ധീകരണാത്മാക്കളെ സഹായിക്കാൻ കഴിയുമെന്നും പ്രാർഥനയിലൂടെ അവരെ സഹായിക്കാൻ കഴിയുമെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുക.

അങ്ങനെ നിരവധി മാർഗങ്ങളിലൂടെ നമുക്ക് ശുദ്ധീകരണാത്മാക്കളെ ക്രിസ്തുവിനായി നേടിയെടുക്കാൻ സാധിക്കും. നമ്മുടെ വിശുദ്ധീകരണത്തിലൂടെയും പ്രാർഥനയിലൂടെയും ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കളെ നേടിയെടുക്കാൻ കഴിയും. ഈ വണക്കമാസം അതിനായി ഉപയോഗപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.