ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ ഭൂജാതയായിട്ട് ഇന്ന് ജനുവരി രണ്ടിന് 151 വർഷം തികയുന്നു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വി. കൊച്ചുത്രേസ്യ ജനിച്ചത്. വാച്ച് നിർമാതാവായ ലൂയി മാര്‍ട്ടിനും തുന്നൽക്കാരിയായിരുന്ന സെലിഗ്വിരിയുമായിരുന്നു മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം.ദൈവം അവരുടെ ദാമ്പത്യവല്ലരിയിൽ ഒൻപതു മക്കളെ നൽകി. അതില്‍ അഞ്ചുപേരെ സന്യാസിനികളായിക്കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി.
ഒമ്പതാമത്തെ സന്തതിയായി ജനിച്ച കൊച്ചുറാണി ചേച്ചിമാരെ കണ്ടാണ് വളര്‍ന്നത്. 1877 ആഗസ്റ്റ് മാസം 28 ന്അമ്മ സെലിഗ്വരിൽ സ്വർഗത്തിലേക്കു യാത്രയായി. അന്ന് കൊച്ചുറാണിക്ക് കേവലം നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണശേഷം മാര്‍ട്ടിനും കുടുംബവും അലൻകോണിൽ നിന്ന് 50 മൈൽ അകലെയുള്ള ലിസ്യുവിലേക്കു താമസം മാറ്റി.
കൊച്ചുറാണിക്ക് ഒമ്പതു വയസ്സുള്ളപ്പോൾ പൗളി കർമലീത്താ കോൺവെന്റിൽ പ്രവേശിച്ചു. അന്നുമുതൽ ആ വഴിയിലൂടെ സഹോദരിയെ പിന്തുടരാൻ കൊച്ചുത്രേസ്യായ്ക്കു തോന്നി. പൗളിയെപ്പോലെ അവളുടെ സഹോദരി മരിയയും കർമലീത്താ കോൺവെന്റിൽ പോയപ്പോൾ തെരേസയ്ക്ക് 14 വയസ്സായിരുന്നു. അടുത്ത വർഷം, കൊച്ചുത്രേസ്യ തന്റെ പിതാവിനോട് കർമലീത്ത മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. പിതാവ് അനുവദിച്ചെങ്കിലും മഠത്തിലെ കന്യാസ്ത്രീകൾക്കും ബയൂക്സിലെ ബിഷപ്പും, അവൾ വളരെ ചെറുപ്പമാണെന്നും കുറച്ചുകൂടെ കാത്തിരിക്കണമെന്നും ഉപദേശിച്ചു.
ഏതാനും മാസങ്ങൾക്കുശേഷം പതിമൂന്നാം ലെയോ മാർപാപ്പയുടെ പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ച് റോമിലേക്ക് തീർഥാടനത്തിനായി കൊച്ചുത്രേസ്യ പിതാവിനോപ്പം പോയി. മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങുമ്പോൾ അവൾ നിശ്ശബ്ദത വെടിഞ്ഞ് പതിനഞ്ചാം വയസ്സിൽ മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. കൊച്ചുത്രേസ്യയുടെ രൂപത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ മാർപാപ്പ അത് ദൈവഹിതമാണെങ്കിൽ അങ്ങനെ ചെയ്യുമെന്നു പറഞ്ഞു.
കൊച്ചുത്രേസ്യ പിന്നീട് എല്ലാ തീർഥാടന ദൈവാലയങ്ങളിലും തീക്ഷ്ണതയോടെ പ്രാർഥിക്കുകയും മാർപാപ്പയുടെ പിന്തുണയോടെ 1888 ഏപ്രിലിൽ കാർമലിൽ പ്രവേശിക്കുകയും ചെയ്തു. സ്നേഹിക്കുക എന്നതായിരുന്നു അവളുടെ ദൈവവിളി.
കർമലീത്താ സഭയുടെ നിയമങ്ങളും കടമകളും കൃത്യമായി അവൾ നിറവേറ്റി. പുരോഹിതന്മാർക്കും മിഷനറിമാർക്കുംവേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർഥിച്ചു. ഇക്കാരണത്താൽ കൊച്ചുറാണിയുടെ മരണശേഷം അവളെ ‘മിഷനറിമാരുടെ മധ്യസ്ഥ’ എന്ന പദവി നൽകി ആദരിച്ചു.
1894 ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു. അതേ വർഷം തന്നെ, കൊച്ചുത്രേസ്യ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായിപ്പോകാൻ അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയി. ശാരീരികക്ലേശങ്ങളുടെയും ആത്മീയപരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് 19 ന് അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്കു യാത്രയായി. 1923 ഏപ്രിൽ 29 ന് പതിനൊന്നാം പിയൂസ് മാർപാപ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17 ന് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 1927 ൽ കൊച്ചുറാണിയെ മിഷന്റെ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944 ൽ വി. ജോവാൻ ഓഫ് ആർക്കിനൊപ്പം ഫ്രാൻസിന്റെ സഹ-മധ്യസ്ഥയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1997 ഒക്ടോബർ 19 ന് വി. പത്രോസിന്റെ ചത്വരത്തിൽ 70,000 ഓളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. കൊച്ചുത്രേസ്യയെ സാർവത്രികസഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു.
ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 7 കൊച്ചുപ്രാർഥനകൾ
ഓ ഈശോയേ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്താനുള്ള കൃപ എനിക്കു നൽകണമേ.
ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ, എന്റെ ഹൃദയം നിന്റേതുപോലെ ആക്കണമേ.
ഓ ഈശോയേ, നിന്നിൽമാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ.
ഓ വി. മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹപ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽനിന്നു വാങ്ങിത്തരേണമേ.
ഓ ഈശോയേ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്താനും എന്നെ പഠിപ്പിക്കണമേ.
ഓ എന്റെ ദൈവമേ, എന്റെ മുഴുഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഓ എന്റെ വി. കാവൽമാലാഖേ നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ MCBS