ഒരു വര്‍ഷം കൂടി കടന്നുപോവുകയാണ്. സന്തോഷങ്ങളും സങ്കടങ്ങളും പ്രത്യാശയും നിരാശയും കലര്‍ന്ന സമിശ്ര അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ട്. നിരവധി നന്മകളും നല്ല കാര്യങ്ങളും ചെയ്യാന്‍ നമുക്ക് കഴിഞ്ഞു. എന്നാല്‍ ചെയ്തുതീര്‍ക്കുന്നതിനായി അതിലേറെ കാര്യങ്ങളും. കഴിഞ്ഞ ഒരു വര്‍ഷത്തെ നല്ലതും കയ്പു നിറഞ്ഞതുമായ അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പുതിയൊരു വര്‍ഷത്തെ എങ്ങനെ സ്വീകരിക്കണം എന്ന് നമുക്ക് ചിന്തിക്കാം.
കഴിഞ്ഞ ഒരു വര്‍ഷത്തെ ശരിയായി വിചിന്തനം ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തില്‍ സംഭവിച്ച വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ചു ചിന്തിക്കാം. ഈ ഒരു വര്‍ഷാവസാനത്തെ ശരിയായി ഉപയോഗിക്കാനും പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനും സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ ലൈഫ്ഡേ നിര്‍ദേശിക്കുന്നു.
1. അവസാനിക്കാൻ പോകുന്ന വർഷത്തെക്കുറിച്ച് വിശകലനം ചെയ്യുക
നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾ, വിജയിച്ച നിമിഷങ്ങൾ ഇവ ഒരു ബുക്കിൽ കുറിച്ചുവയ്ക്കുക. അപ്പോൾ നിങ്ങൾതന്നെ അദ്ഭുതപ്പെടും. ഇത്രയേറെ വിജയങ്ങളും സന്തോഷകരമായ നിമിഷങ്ങളും നിങ്ങളുടെ ജീവിതത്തിൽ കടന്നുവന്നിട്ടുണ്ടെന്നു കാണാൻ കഴിയും. കൂടാതെ, നിങ്ങൾ ഈ വർഷം നേടിയെടുത്ത എല്ലാ നേട്ടങ്ങളും അതിൽ ചേർക്കുക.
2. ഈ വർഷം നിങ്ങളുടെ ജീവിതത്തിലുണ്ടായ വിജയങ്ങൾ കുടുംബാംഗങ്ങളോട് പങ്കുവയ്ക്കുകയും ആഘോഷിക്കുകയും ചെയ്യുക
സ്വയം തിരിച്ചറിയുകയും അഭിനന്ദനങ്ങൾ നൽകുകയും ചെയ്തുകൊണ്ട് ഒരു പുതുവർഷത്തെ വരവേൽക്കാം. അഭിനന്ദനങ്ങൾ നിങ്ങൾ അർഹിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിൽ നടന്ന നന്മകൾക്കായി നന്ദിയുള്ളവരായിരിക്കുക.
3. നിങ്ങളെ അത്യാവശ്യഘട്ടങ്ങളിൽ സഹായിച്ചവർക്കായി ആശംസകൾ അയക്കാം:
കടന്നുപോയ വർഷം നിങ്ങളെ സഹായിച്ച വ്യക്തികൾക്ക് ആശംസകൾ അയയ്ക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളിലെ നന്ദിയും സ്നേഹവും വെളിപ്പെടുത്തുകയും ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് കാരണമാകും. ആശംസകൾ അർപ്പിച്ചുകൊണ്ട് ഒരു കാർഡോ, മെയിലോ അയക്കാം.
4. ചെയ്യാൻ കഴിയാതെപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
കഴിഞ്ഞ ഒരുവർഷം ചെയ്യാൻ കഴിയാതെപോയ നിരവധി കാര്യങ്ങൾ ഉണ്ടാകാം നിങ്ങളുടെ ജീവിതത്തിൽ. അവ ഏതൊക്കെയാണെന്ന് എഴുതുക. അതിൽനിന്നും ഇപ്പോൾ ചെയ്യാൻ കഴിയുന്നതും ആവശ്യമായതുമായ ഒരു സംഭവം തിരഞ്ഞെടുക്കുക. അത് ഈ വർഷം അവസാനിക്കുന്നതിനുമുൻപ് ചെയ്യുക.
5. പൂർത്തീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ പൂർത്തീകരിക്കുക
നമ്മുടെ വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില കാര്യങ്ങൾ ചെയ്‌തു തീർത്തിട്ടുണ്ടാവില്ല നമ്മൾ. അത് എന്തൊക്കെയാണെന്ന് ചിന്തിക്കുക, ചെയ്തുതീർക്കുക. അവ പിന്നീട് നിങ്ങളുടെ മനസ്സിനെ അലട്ടുന്നില്ല എന്ന് ഉറപ്പുവരുത്തുക.
6. അലങ്കോലപ്പെട്ടുകിടക്കുന്നവ വൃത്തിയാക്കാൻ ശ്രമിക്കുക
നിങ്ങളുടെ വീടിന്റെ പരിസരവും മുറികളും വീക്ഷിക്കുക. നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ കത്തിച്ചുകളയുകയോ, വയ്ക്കുകയോ ചെയ്യാം. അത് വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങളാണെങ്കിൽ അത് ചാരിറ്റിക്കായി ഉപയോഗിക്കാം. വീട് വൃത്തിയാക്കുന്നതിനായി നാളെ നാളെ എന്ന് പറഞ്ഞുനീട്ടി വയ്‌ക്കേണ്ട കാര്യം ഇല്ല. എല്ലാ കഴിവതും പുതുവർഷത്തിനു മുൻപുതന്നെ ചെയ്യാം.
7. നിങ്ങളുടെ ജോലികളിലൂടെ കടന്നുപോവുക
കൃത്യമായി പ്ലാൻ ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ അടുത്ത വർഷത്തേക്കുള്ള ജോലികൾ തുടങ്ങിക്കാണില്ല. അതിനാൽ നിലവിൽ നിങ്ങൾ എടുത്തിരിക്കുന്ന തീരുമാനങ്ങൾ ഏതു ദിവസം, എപ്പോൾ തുടങ്ങിയ കാര്യങ്ങൾ കുറിച്ചുവയ്ക്കുക. അതിനായി കമ്പ്യൂട്ടറിന്റെ സഹായം തേടാം. കൂടാതെ, പഴയ ഫയലുകൾ ആവശ്യമില്ലെങ്കിൽ അവ ഡിലീറ്റ് ചെയ്യാം.
8. അടുത്ത ഒരു വർഷം എങ്ങനെയാണ് സമയം ചിലവിടാൻ പോകുന്നത് എന്ന് ചിന്തിക്കുക
നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതിനായി ഒരു പ്ലാൻ തയ്യാറാക്കുക. നിങ്ങളുടെ സമയം ഏറ്റവും ഫലപ്രദമായി ചിലവിടുന്നതിനുള്ള വഴികൾ ആലോചിക്കുക. നിങ്ങളുടെ ജീവിതത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങളോട് നോ പറയുക. വീടിനെ അലങ്കോലപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ, വസ്തുക്കൾ തുടങ്ങിയവ വാങ്ങാതിരിക്കുക.
9. വ്യത്യസ്തമായിരിക്കുക, പുതുമയുള്ള കാര്യങ്ങൾ ചെയ്യുക
പുതിയൊരു വർഷം ആരംഭിക്കുന്നതിനുമുൻപ് കഴിഞ്ഞുവന്ന നാളുകളിൽ നിങ്ങൾ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ എന്തെങ്കിലും നന്മ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുക. വർഷത്തിന്റെ അവസാന നിമിഷങ്ങളിൽ വ്യത്യസ്തമായ ഒരു യാത്ര നമുക്ക് തുടങ്ങിവയ്ക്കാം. അതിന്റെ വെളിച്ചത്തിൽ പുതിയൊരു വർഷത്തെ ആകാംക്ഷയോടെ വരവേൽക്കാം.
10. വരുംദിവസങ്ങളിൽ രാവിലെ നടക്കാൻപോകുന്ന പതിവ് ആരംഭിക്കാം
പുതുവർഷത്തേക്കായി പുതിയ ശീലങ്ങൾ ആരംഭിക്കാം. കാലത്ത് എഴുന്നേറ്റ് നടക്കാൻ പോവാം. ആരോഗ്യത്തോടൊപ്പം നല്ല ചിന്താഗതികൾ വളരുന്നതിനും ഇത് കാരണമാകും.
11. ശാന്തമായിരിക്കുക
കഴിഞ്ഞ ഒരു വർഷം നീണ്ടതിരക്കുകൾ ഒന്ന് അവസാനിപ്പിക്കാം. സമാധാനത്തോടെ ശാന്തമായി ഈ വർഷാവസാനം ആയിരിക്കാം. സ്വസ്ഥമായി പുതുവർഷത്തെ വരവേൽക്കാം. ഇങ്ങനെ വ്യക്തമായ തീരുമാനങ്ങളോടെ ഈ വർഷാവസാനം ആയിരിക്കാം.
ലൈഫ്ഡേ