2024 ൽ വിശ്വാസം കൊണ്ടും മാതൃക കൊണ്ടും ശ്രദ്ധേയരായ 11 വ്യക്തികൾ

2024 ലുടനീളം ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വിവിധ വ്യക്തികൾ പ്രയാസങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും വിശ്വാസത്തിൽ അടിയുറച്ചുനിന്ന് നമുക്കൊരു മാതൃകയായി നിലകൊള്ളുന്നു. ബിഷപ്പുമാരും കായികതാരങ്ങളും യുവസംരംഭകരുമൊക്കെ അവരിൽ ഉൾപ്പെടുന്നു. വിശ്വാസം കൊണ്ടും മാതൃക കൊണ്ടും ശ്രദ്ധേയരായ ആ 11 വ്യക്തികളെ പരിചയപ്പെടാം.

1. ബിഷപ്പ് റൊളാൻഡോ അൽവാരസ്

കത്തോലിക്ക സഭയെ പീഡിപ്പിക്കുന്ന നിക്കരാഗ്വയിലെ മതഗൽപ രൂപതയുടെ ബിഷപ്പാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്. സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വിമർശകനും മനുഷ്യാവകാശ സംരക്ഷകനുമായ ബിഷപ്പ് അൽവാരസ് 2023 ൽ അറസ്റ്റിലാവുകയും 26 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഒടുവിൽ, 2024 ജനുവരിയിൽ അദ്ദേഹം ഇപ്പോൾ പ്രവാസത്തിൽ കഴിയുന്ന റോമിലേക്ക് നാടുകടത്തപ്പെട്ടു. വിശ്വാസത്തിന്റെ ധീരമായ സാക്ഷ്യത്തിനും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിനും ബിഷപ്പ് അൽവാരസിന്‌ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

2. ജോസ് ആൻഡ്രെസ് കാൽഡെറോൺ

2023 നവംബറിലാണ് ജോസ് ആൻഡ്രെസ് കാൽഡെറോണിന്റെ നേതൃത്വത്തിൽ ജപമാലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഒരു പ്രസ്ഥാനം ആരംഭിച്ചത്. ജോസ് ആൻഡ്രേസ് കാൽഡെറോണിന്റെ നേതൃത്വത്തിൽ ഈ പ്രസ്ഥാനം ഫെറാസ് സ്ട്രീറ്റിലെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർട്ടിയുടെ (പി. എസ്. ഒ. ഇ.) ആസ്ഥാനത്തിനുമുന്നിൽ വിശ്വാസികളെ ഒരുമിച്ചുകൂട്ടി. ജീവിതം, കുടുംബം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർനയങ്ങളോടുള്ള എതിർപ്പിന്റെ പ്രകടനമായി ജപമാല ചൊല്ലുകയാണ് ഈ പ്രസ്ഥാനത്തിലൂടെ ചെയ്യുന്നത്.

3. ഫാ. ഗബ്രിയേൽ റൊമാനെല്ലി

അർജന്റീനിയക്കാരനായ ഫാ. ഗബ്രിയേൽ റൊമാനെല്ലി ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയുടെ വികാരിയാണ്. ഇസ്രായേലും ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തിൽ തകർന്ന പ്രദേശത്താണ് ഈ ദൈവാലയം. ഈ സാഹചര്യത്തിൽ, ഫാ. റൊമാനെല്ലി ഗാസയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്നു. പ്രീസ്‌കൂൾ മുതൽ സെക്കൻഡറി സ്കൂളിന്റെ ഒന്നാം വർഷം വരെ അധ്യാപകരുടെ സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

4. സിസ്റ്റർ പേസി

ക്രിമിനൽ സംഘങ്ങൾ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഗുരുതരമായ രാഷ്ട്രീയ – സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലുള്ള രാജ്യമായ ഹെയ്തിയിലെ ഒരു ഫ്രഞ്ച് മിഷനറിയാണ് സിസ്റ്റർ പേസി. കിസിറ്റോ ഫാമിലി അസോസിയേഷന്റെ സ്ഥാപകയായ സിസ്റ്റർ പേസി, ഹെയ്തിയൻ കുട്ടികളെ സഹായിക്കാനും അക്രമത്തിൽനിന്ന് രക്ഷപെടാനും സ്‌കൂളിൽ പോകാനും സ്വതന്ത്രമായി കളിക്കാനും കഴിയുന്ന സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. കൂടാതെ, യേശുവിനെ സ്നേഹിക്കാനും കത്തോലിക്കാ വിശ്വാസത്തിൽ വളരാനും അവരെ പഠിപ്പിക്കുക എന്നതുമാണ് സിസ്റ്ററിന്റെ പ്രധാന ദൗത്യം.

5. ഫാ. ജോസ് ഫിലിബർട്ടോ വെലാസ്ക്വെസ് ഫ്ലോറൻസിയോ

മെക്സിക്കോയിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ ഗുറേറോയിൽ സേവനം ചെയ്യുന്ന വൈദികനാണ് ഫാ. ജോസ് ഫിലിബർട്ടോ വെലാസ്ക്വെസ് ഫ്ലോറൻസിയോ. അക്രമങ്ങൾക്കിടയിലും പ്രദേശത്തെ സമാധാനവും കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും കത്തോലിക്ക സഭ പ്രോത്സാഹിപ്പിച്ച സംഭാഷണത്തിൽ വിവിധ സംഘടിത ക്രൈം ഗ്രൂപ്പുകളുടെ നേതാക്കളെ ഉൾപ്പെടുത്തുന്നതിൽ ഫാ. ജോസ് ഫിലിബർട്ടോ ഒരു പ്രധാന പങ്ക് വഹിച്ചു.

6. ഫാ. മാർസെലോ പെരസ്

മെക്സിക്കോയിലെ ചിയാപാസിലുള്ള സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസ് രൂപതയിലെ വൈദികനായിരുന്നു ഫാ. മാർസെലോ പെരെസ്. ഒക്‌ടോബർ 20 ന് വിശുദ്ധ കുർബാനയ്ക്കുശേഷം തിരികെ പോകുമ്പോൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തദ്ദേശീയ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന് വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മെക്സിക്കോയിലെ രൂപത അദ്ദേഹത്തെ ‘സമാധാനത്തിന്റെ തളരാത്ത അപ്പോസ്തലൻ’ എന്നാണ് വിളിച്ചിരുന്നത്.

7. ക്യൂബൻ സഹോദരിമാരായ ഡെയ്‌നെലിസും മെയ്‌ലിയും

ഒക്ടോബറിൽ ഓസ്കാർ ചുഴലിക്കാറ്റ് ക്യൂബയെ ബാധിച്ചു. നിരവധി വീടുകൾ തകർന്നതുൾപ്പെടെ ഒട്ടനവധി മരണങ്ങളും ഗുരുതരമായ നാശനഷ്ടങ്ങളും സംഭവിച്ചു. ഈ സന്ദർഭത്തിൽ, ഡെയ്‌നെലിസും മെയ്‌ലിയും എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ അയൽവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു. അവരുടെ ശ്രമങ്ങൾ, പ്രത്യേകിച്ച് ദുർബലരായ പ്രായമായ ആളുകളെയും വൈകല്യമുള്ളവരെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

8. ഫാ. ജാക്കോബോ ഹുവാങ് ഗ്യുറോംഗ്

ചൈനയിൽ വൈദികനായിരുന്ന ഫാദർ ജേക്കബ് ഹുവാങ് ഗ്യുറോംഗ് 91 മത്തെ വയസ്സിലാണ് അന്തരിച്ചത്. സെമിനാരിക്കാലത്ത് – ഏകദേശം 45 വർഷം – അദ്ദേഹം തടങ്കലിൽ ആയിരുന്നതിനാൽ വൈദികനാകാൻവേണ്ടി അദ്ദേഹം കാത്തിരുന്നു. ചൈനയിലെ കത്തോലിക്ക സഭയെ പീഡിപ്പിക്കുന്നത് തുടരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരു ദശാബ്ദത്തിലേറെക്കാലമാണ് അദ്ദേഹത്തെ തടവിലാക്കിയത്.

9. സ്റ്റെഫാനോ പെഷിയേര

പെറുവിയൻ അത്‌ലറ്റ് സ്റ്റെഫാനോ പെഷിയേര 2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ സെയിലിംഗിൽ ഒളിമ്പിക് മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തോടെ 32 വർഷത്തിനിപ്പുറം ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ പെറുവിയൻ താരമായി പെസ്ചിയേര. തന്റെ കായികനേട്ടങ്ങൾക്കപ്പുറം, ജീവിതത്തിലെ പ്രാർഥനയുടെയും വിശുദ്ധ കുർബാനയുടെയും ജപമാലയുടെയും പ്രാധാന്യവും സ്റ്റെഫാനോ പങ്കുവച്ചു.

10. വിൽ ഹെൻറി

അമേരിക്കയിൽ നിന്നുള്ള 16 വയസ്സുള്ള ഒരു കത്തോലിക്കാ സംരംഭകനാണ് വിൽ ഹെൻറി. പരിശുദ്ധ കന്യാമറിയത്തോടും ജപമാലയോടുമുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി സ്വന്തം കൈകൾ കൊണ്ടു നിർമിച്ച ജപമാല ബിസിനസ്സ് സ്ഥാപിച്ചുകൊണ്ട് വിൽ ആധുനിക കാലഘട്ടത്തിലെ വലിയ വിശ്വാസ പ്രചാരകനായിമാറി.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.