2024 ൽ ഫ്രാൻസിസ് പാപ്പ അടയാളപ്പെടുത്തിയ പത്ത് സംഭവങ്ങൾ

ഫ്രാൻസിസ് മാർപാപ്പയുമായി ബന്ധപ്പെട്ട നിരവധി അവിസ്മരണീയ സംഭവങ്ങൾ ഈ വർഷം നടന്നു. അവയിൽ പ്രധാനപ്പെട്ട പത്ത് സംഭവങ്ങൾ ഇതാ.

ജനുവരി 12: ആഴ്ചകളോളം പാപ്പയെ ബുദ്ധിമുട്ടിച്ച അസുഖം

2024 ജനുവരി മാസത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചു. ഇത് പാപ്പയുടെ നിരവധി അപ്പോയിമെന്റുകൾ റദ്ദാക്കാൻ കാരണമായി. ബ്രോങ്കയിറ്റിസ് കാരണം പാപ്പ, സഹകാരികളെ തന്റെ പ്രസംഗങ്ങൾ വായിക്കാൻ ഭരമേൽപിച്ചു. മാർച്ച് മാസം അവസാനം റോമിലെ കൊളോസിയത്തിൽവച്ചു നടന്ന ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ അനാരോഗ്യം മൂലം പങ്കെടുത്തിരുന്നില്ല. ആരോഗ്യം മോശമായതോടെ പാപ്പ രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ വർഷത്തിന്റെ പകുതി എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

ഏപ്രിൽ 3: ഫ്രാൻസിസ് പാപ്പ ബെനഡിക്ട് പതിനാറാമൻ പാപ്പയെക്കുറിച്ച് പറയുന്നു

‘പിൻഗാമി’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഒരു സ്പാനിഷ് റിപ്പോർട്ടറുമായുള്ള അഭിമുഖ പുസ്തകത്തിൽ 2022 ഡിസംബർ 31 ന് അന്തരിച്ച തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമനുമായുള്ള ബന്ധത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. തന്റെ മൃതസംസ്കാര ചടങ്ങുകൾ ലളിതമായി നടത്തിയാൽ മതിയെന്ന തന്റെ ആഗ്രഹവും ഈ അവസരത്തിൽ മാർപാപ്പ വെളിപ്പെടുത്തി.

ഏപ്രിൽ 28: വെനീസിലെ ഗ്രാൻഡ് കനാൽ സന്ദർശനം

ഫ്രാൻസിസ് മാർപാപ്പ വെനീസ് ബിനാലെ സന്ദർശിച്ചത് ഏപ്രിൽ മാസത്തിലായിരുന്നു. “ലോകത്തിന് കലാകാരന്മാരെ ആവശ്യമുണ്ട്” എന്ന് പറഞ്ഞുകൊണ്ട് അവിടെ അദ്ദേഹം ഒരു പ്രസംഗം നടത്തുകയും ഗ്യൂഡെക്ക ദ്വീപിലെ ജയിലിലെ തടവുകാരെ അഭിവാദ്യം ചെയ്യുകയും ഫ്രിഡ കഹ്‌ലോ, ലൂയിസ് ബൂർഷ്വാ തുടങ്ങിയ വനിതാ കലാകാരന്മാരെ ഉയർത്തിക്കാട്ടുകയും ചെയ്തു.

ജൂൺ 14: എ. ഐ. യെക്കുറിച്ച് സംസാരിക്കാൻ പാപ്പ ജി-7 ഉച്ചകോടിയിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കേണ്ടതിന്റെ അടിയന്തര ആവശ്യം ഉയർത്തിക്കാട്ടാൻ പാപ്പ ജി-7 ഉച്ചകോടിയിൽ ബാരിയിൽ എത്തിയിരുന്നു. ഹ്രസ്വ ഉഭയകക്ഷി യോഗങ്ങളുടെ രണ്ട് സെഷനുകൾക്കിടയിൽ മാക്രോൺ (ഫ്രാൻസ്), സെലെൻസ്കി (ഉക്രൈൻ), ട്രൂഡോ (കാനഡ) എന്നീ പ്രസിഡന്റുമാരുമായി മാർപാപ്പ ചർച്ചകൾ നടത്തി.

44 മണിക്കൂർ വിമാനയാത്ര ചെയ്ത്, ഏകദേശം 20,000 മൈലുകൾ താണ്ടി, സെപ്തംബറിൽ ഏഷ്യയിലേക്കും ഓഷ്യാനയിലേക്കും ഫ്രാൻസിസ് മാർപാപ്പ ചരിത്രപരമായ യാത്ര നടത്തി.

സെപ്റ്റംബർ 26-29: ബെൽജിയത്തിലേക്കുള്ള പാപ്പയുടെ യാത്ര

കർദിനാൾ ജീൻ ക്ലോഡ് ഹോളറിച്ചിനെ അഭിവാദ്യം ചെയ്യുന്നതിനായി ലക്സംബർഗിൽ ഒരു പ്രതീകാത്മക സന്ദർശനത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ ബെൽജിയത്തിലേക്ക് യാത്ര ചെയ്തു. ഫ്ളെമിഷ് സംസാരിക്കുന്ന ബെൽജിയത്തിലെ ല്യൂവെനിലെയും ഫ്രഞ്ച് സംസാരിക്കുന്ന ബെൽജിയത്തിലെ ലൂവെയ്ൻ-ലാ-ന്യൂവിലെയും സർവകലാശാലകൾ സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ ഗർഭച്ഛിദ്രത്തിനെതിരെയുള്ള നിലപാട് ലോകത്തെ അറിയിച്ചിരുന്നു.

ഒക്‌ടോബർ 2-27: സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോള അസംബ്ലിയിൽ പാപ്പ അധ്യക്ഷനായി.

ഒക്ടോബറിലുടനീളം, സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ രണ്ടാമത്തെ സെഷനിൽ മാർപാപ്പ അധ്യക്ഷനായിരുന്നു. ഈ പരിപാടിയിൽ, ലോകമെമ്പാടുമുള്ള 368 അംഗങ്ങൾ പങ്കെടുത്തു.

ഒക്ടോബർ 22: ചൈനയുമായുള്ള കരാർ നാലു വർഷത്തേക്കു പുതുക്കി

ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന 2018 ലെ പാസ്റ്ററൽ കരാർ പരിശുദ്ധ സിംഹാസനവും ചൈനയും പുതുക്കി.

ഡിസംബർ 7: 21 പുതിയ കർദിനാളുമാർ

21 കർദിനാൾമാരെ നാമകരണം ചെയ്തുകൊണ്ട് മാർപാപ്പ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള കോളേജ് ഓഫ് കർദിനാളുമാരെ നിയമിച്ചു. 11 വർഷത്തിനുള്ളിൽ നിലവിലെ 140 കർദിനാൾ ഇലക്‌ടർമാരിൽ 80% പേരെയും മാർപാപ്പ നിയമിച്ചു.

ഡിസംബർ 24: പ്രത്യാശയുടെ ജൂബിലിവർഷം ആരംഭിക്കുന്നു

2000 ലെ മഹാജൂബിലിക്കുശേഷം, സഭയുടെ കലണ്ടറിലെ സാധാരണ ജൂബിലിയാണ് 2025 ൽ നടക്കുന്നത്.
ഡിസംബർ 24 ന്, ക്രിസ്തുമസ് പാതിരാ കുർബാനയ്ക്കു മുമ്പ്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ മാർപാപ്പ പ്രതീകാത്മകമായി തുറന്നു. ഡിസംബർ 26 ന് രാവിലെ, റെബിബിയ ജയിലിന്റെ വിശുദ്ധ വാതിലും പാപ്പ തുറന്നു.

വിവർത്തനം: സുനിഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.