‘അല്ലേലും ഫ്രാൻസിസ് പുണ്യവാന്റെ സിസ്റ്റർമാർക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ’

ജനുവരി ആറിന് രാക്കുളി പെരുനാൾ ആയിരുന്നല്ലോ. പാലായും അത് മനോഹരമായി ആഘോഷിച്ചു. അന്ന് വൈകുന്നേരം പതിവില്ലാത്ത നമ്പറിൽനിന്നും ഒരു ഫോൺകോൾ വന്നു. എടുത്തപ്പോൾ സ്കൂളിൽ ഒന്നിച്ചുപഠിച്ച കൂട്ടുകാരനായിരുന്നു. പാലായിൽനിന്ന് ഒരു സുഹൃത്താണ് വിളിച്ചത്. പതിവില്ലാത്ത വിളി കണ്ടപ്പോൾ ഫോൺ ചാടിയെടുത്തു.

“അച്ചാ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.”

“എപ്പോഴും സ്തുതിയായിരിക്കട്ടെ.” ഞാനും മറുപടി നൽകി.

വിശേഷങ്ങൾ പറഞ്ഞശേഷം ഇന്ന് നടന്ന ഒരു സംഭവം അച്ചനോട് പങ്കുവയ്ക്കണമെന്ന് എനിക്കു തോന്നി. അതാണിപ്പോൾ വിളിച്ചത്.

‘എന്ത് സംഭവം?’ ഞാൻ കൗതുകത്തോടെ ചോദിച്ചു.

കൂട്ടുകാരൻ പറഞ്ഞുതുടങ്ങി: “വൈകുന്നേരം 6.30 ന് പാലാ ഗവൺമെന്റ് ആശുപത്രിക്കു സമീപമുള്ള വെയിറ്റിങ്ങ് ഷെഡിൽ പത്തിരുപത് ആൾക്കാർ ബസിനായി കാത്തിരിക്കുന്നു. ദീർഘദൂര ബസിനായി കാത്തുനിൽക്കുന്ന യാത്രക്കാരുമുണ്ട്. ഇതിനിടെ കൊഴുവനാൽ ഭാഗത്തേക്കുള്ള ഒരു ബസ് വന്നുനിന്നു. കള്ളിമുണ്ടുടത്ത ഏകദേശം പത്തറുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ അൽപം വിറയലോടെ വെയിറ്റിംങ്ങ് ഷെഡിലെ ബെഞ്ചിൽ വന്നിരുന്നു. തുടർന്ന് ആ മനുഷ്യന്റെ കാലുകൾ ശക്തമായി വിറയ്ക്കാൻ തുടങ്ങി. മുഖത്തെ തളർച്ച ആർക്കും വായിച്ചെടുക്കാം.

“എന്റെ കാൽ ആരെങ്കിലും ഒന്നു തിരുമിത്തരുമോ?” ആ ചേട്ടൻ പലതവണ ആവർത്തിച്ചുചോദിച്ചു. പലരും കരുതി അയാൾ കള്ളുകുടിയനാണ്. കെട്ട് മാറുമ്പോൾ ശരിയായികൊള്ളും.

ആരുടെയും മുഖത്ത് വലിയ ഭാവഭേദമില്ല. ചേട്ടൻ വീണ്ടും ചോദിച്ചു: “ആരെങ്കിലും എന്റെ കാൽ ഒന്നു തിരുമിത്തരുമോ? എന്റെ ശരീരത്തിലെ സോഡിയം കുറഞ്ഞതാണോ? ആരെങ്കിലും ഒന്നു സഹായിക്കണേ.”

എല്ലാവരും മടിച്ചുനിൽക്കുമ്പോൾ മൂന്ന് കന്യാസ്ത്രീകൾ മുന്നോട്ടുവന്നു. അവരിൽ ഒരാൾ ദൂരെയാത്രയ്ക്കു പോകാൻ വന്നതും മറ്റെയാൾ അയാളെ യാത്ര അയയ്ക്കാൻ വന്നതുമാണ്. അവരിലൊരാൾ ആ അപ്പച്ചന്റെ കാലിൽ പിടിക്കുകയും മറ്റേയാൾ കാൽ തിരുമുകയും ചെയ്തു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ചേട്ടൻ നോർമലായി.

“സിസ്റ്റർമാരെ നിങ്ങൾ എന്റെ ജീവൻ രക്ഷിച്ചു. പണികഴിഞ്ഞ് കൊഴുവനാലിലുള്ള വീട്ടിലേക്കു പോകുന്നതിനിടയിലാണ് ബുദ്ധിമുട്ടുണ്ടായത്. ഒരു മിഠായും കുറച്ച് ഉപ്പും കഴിച്ചാൽ തീരാവുന്ന പ്രശ്നമേ എനിക്കു ഉണ്ടായിരുന്നുള്ളൂ. അതിനുവേണ്ടിയാണ് ഞാൻ ഇവിടെ ബസ് ഇറങ്ങിയത്. പക്ഷേ, അപ്പോഴത്തേക്കും ഞാൻ തളർന്നുപോയി. സിസ്റ്റർമാരെ, നിങ്ങൾ എവിടെ നിന്നുള്ളവരാണ്? എന്റെ മകളുടെ പ്രായമുള്ള നിങ്ങൾ ചെയ്ത സഹായത്തിന് ഒത്തിരി നന്ദി.”

“ഞങ്ങൾ ക്ലാരസഭയിലെ സിസ്റ്റർമാരാണ്” – സിസ്റ്റർമാർ മറുപടി പറഞ്ഞു.

“ഫ്രാൻസിസ് പുണ്യവാന്റെ സഭയിലെ സിസ്റ്റർമാരാണല്ലേ നിങ്ങൾ. അല്ലേലും ഫ്രാൻസിസിന്റെ സിസ്റ്റർമാർക്കേ ഇങ്ങനെയൊക്കെ മനുഷ്യരെ സഹായിക്കാനും സ്നേഹിക്കാനും സാധിക്കുകയുള്ളൂ. നന്ദി സിസ്റ്റർമാരെ.”

അടുത്ത ബസ് വന്നപ്പോൾ ആ അപ്പച്ചൻ നടന്നകന്നു. രാക്കുളി തിരുനാൾ ദിനത്തിൽ ഈശോയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഒരു സിസ്റ്ററിനെ ബസ് കയറ്റി വിട്ടശേഷം മറ്റു രണ്ടുപേരും മഠത്തിലേക്കു തിരിച്ചുപോയി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.