വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുതിയ അഞ്ച് പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. ഈ സംഘത്തിന്റെ പ്രീഫെക്ട്, കർദിനാൾ മർചേല്ലൊ സെമെറാറൊയക്ക് നവംബർ 25 തിങ്കളാഴ്ച അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ സംഘം പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.
ഈ പ്രഖ്യാപനങ്ങളിൽ രണ്ടെണ്ണം രണ്ടു വാഴ്ത്തപ്പെട്ടവരുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതങ്ങളും മറ്റു രണ്ടെണ്ണം രണ്ട് ദൈവദാസരുടെ രക്തസാക്ഷിത്വവും ഒരെണ്ണം ഒരു ദൈവദാസന്റെ വിശുദ്ധ വീരോചിതപുണ്യങ്ങളും അംഗീകരിക്കുന്നവയാണ്.
അടുത്ത വർഷം വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് പാപ്പ നേരത്തെ അറിയിച്ചിരുന്ന ഇറ്റലിയിലെ ടൂറിൻ സ്വദേശിയായ അൽമായനും ഡൊമിനിക്കൻ മൂന്നാം സഭയിലെ അംഗവുമായിരുന്ന പീയെർ ജോർജൊ ഫ്രസ്സാത്തിയുടെ മധ്യസ്ഥതയാൽ നടന്ന അദ്ഭുതം അംഗീകരിക്കുന്നതാണ് ഒരു പ്രഖ്യാപനം. 1901 ഏപ്രിൽ ആറിനു ജനിച്ച ഫ്രസ്സാത്തി 1925 ജൂലൈ നാലിന് മരണമടഞ്ഞു.
ഇറ്റലിയിൽ കോർത്തനൊ ഗോൽജി എന്ന സ്ഥലത്ത് 1883 ഫെബ്രുവരി 16 ന് ജനിക്കുകയും 1969 ആഗസ്റ്റ് 25 ന് ഇക്വദോറിലെ സുക്കൂവയിൽവച്ച് മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട സി. മരിയ ത്രൊങ്കാത്തിയുടെ മധ്യസ്ഥതയിൽ നടന്ന ഒരു അദ്ഭുതം അംഗീകരിക്കുന്നതാണ് അടുത്ത പ്രഖ്യാപനം. സഹായവതിയായ മറിയത്തിന്റെ പുത്രികൾ എന്ന സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു വാഴ്ത്തപ്പെട്ട സി. ത്രൊങ്കാത്തി.
വിയറ്റ്നാമിലെ താക് സായിൽ 1946 മാർച്ച് 12 ന് വിശ്വാസത്തെപ്രതി വധിക്കപ്പെട്ട അന്നാട്ടുകാരനായ വൈദികൻ ദൈവദാസൻ ഫ്രാൻസിസ് സേവ്യർ ത്വാംഗ് സിയെപിന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുറപ്പെടുവിച്ച പ്രഖ്യാപനങ്ങളിലൊന്ന്. ദൈവദാസൻ ത്വാംഗ് സിയെപ് വിയെറ്റ്നാമിലെ താൻ ദൂർക്കിൽ 1987 ജനുവരി ഒന്നിനാണ് ജനിച്ചത്.
അടുത്ത പ്രഖ്യാപനം, കോംഗൊയിൽ 2007 ജൂൺ എട്ടിന് വിശ്വാസത്തെപ്രതി വധിക്കപ്പെട്ട അൽമായവിശ്വാസി ദൈവദാസൻ ഫ്ലോറിബെർത്ത് ബ്വാന ചുയി ബിൻ കൊസീത്തിയുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ്. കോംഗൊയിലെ ഗോമയിൽ 1981 ജൂൺ 13 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ക്രൊവേഷ്യക്കാരനായ മെത്രാൻ, ദൈവദാസൻ ജോസഫ് ലാംഗിന്റെ വീരോചിതപുണ്യങ്ങൾ അംഗീകരിക്കുന്നതാണ്. ക്രൊവേഷ്യയിലെ വേപ്ഷിചിൽ 1857 ജനുവരി 25 നു ജനിച്ച അദ്ദേഹം 1924 നവമ്പർ ഒന്നിന് മരണമടഞ്ഞു.
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനാവശ്യമായ അത്ഭുതം, അന്വേഷണങ്ങൾ എന്നിവ കൂടാതെ തന്നെ പാപ്പ, സ്പെയിൻ സ്വദേശിനിയായ ദൈവദാസി കുരിശിന്റെ ജൊവന്നായുടെ വണക്കത്തിന് അനുമതി നൽകുന്ന പ്രഖ്യാപനം പുറപ്പെടുവിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തെ അധികാരപ്പെടുത്തുകയും ചെയ്തു. 1481 മെയ് 3 നാണ് ദൈവദാസി ജോവാന്ന സ്പെയിനിലെ വില്ലാ ദെ അത്സാഞ്ഞയിൽ ജനിച്ചതെന്നു കരുതപ്പെടുന്നു. 1534 മെയ് മൂന്നിനായിരുന്നു മരണം.
കടപ്പാട്: വത്തിക്കാൻ ന്യൂസ്