ജീവിതത്തിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സഹായിക്കുന്ന സ്വർഗീയ മധ്യസ്ഥർ

ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും മധ്യസ്ഥനായി സ്വർഗത്തിൽ നമുക്കൊരു ഒരു വിശുദ്ധനുണ്ട്. ഇപ്രകാരം നമ്മെ അതിശയപ്പെടുത്തുന്ന കാര്യങ്ങളിൽ പോലുമുണ്ട് സ്വർഗീയ മധ്യസ്ഥർ. അപ്രകാരമുള്ള അഞ്ച് വിശുദ്ധരെ പരിചെയപ്പെടാം.

1. വി. ഡ്രോഗോ – കോഫി ഹൗസ് ഉടമകളുടെയും ആകർഷകമല്ലാത്ത ആളുകളുടെയും മധ്യസ്ഥൻ

12-ാം നൂറ്റാണ്ടിൽ ഫ്രാൻ‌സിലുണ്ടായിരുന്ന ഒരു ഇടയനായിരുന്നു വി. ഡ്രോഗോ. ഏകാന്ത താപസിക ജീവിതത്തിലൂടെയാണ് അദ്ദേഹം സന്യാസിയായി മാറിയത്. ദുരൂഹമായ അസുഖം മൂലം ശാരീരികവൈകല്യങ്ങൾ ഉണ്ടാകുകയും അതേത്തുടർന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കാൻ അദ്ദേഹം സ്വയം പിന്മാറുകയും ചെയ്തു. ഒടുവിൽ, പ്രദേശത്തെ പള്ളിയോടുചേർന്നുള്ള ഒരു ചെറിയ സെൽ അദ്ദേഹത്തിനു ലഭിച്ചു. അവിടെ അദ്ദേഹം പ്രാർഥനയുടെയും ഏകാന്തതയുടെയും ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ ഏകാന്തമായ ജീവിതശൈലിയും ശാരീരികരൂപവും ജീവിതത്തിൽ ഇത്തരം വേദനകളിലൂടെ കടന്നുപോകുന്നവർക്ക് സംരക്ഷണം നേടിക്കൊടുത്തു. അതേസമയം അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട ജീവിതം കഫേകളിൽ ദീർഘവും ശാന്തവുമായ മണിക്കൂറുകൾ ചെലവഴിക്കുന്ന ആളുകളുടെ മധ്യസ്ഥനാക്കി അദ്ദേഹത്തെ മാറ്റി. അങ്ങനെ വി. ഡ്രോഗോ കോഫി ഹൗസ് ഉടമകളുടെയും ആകർഷകമല്ലാത്ത ആളുകളുടെയും മധ്യസ്ഥനായി അറിയപ്പെടുന്നു.

2. സെവില്ലിലെ വി. ഇസിദോർ – ഇന്റർനെറ്റിന്റെ മധ്യസ്ഥൻ

ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനായ വി. ഇസിദോർ അറിവ് ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുംവേണ്ടി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി ‘എത്യമോളജിയ’ അറിയപ്പെടുന്നു. ഇത് എല്ലാ അറിവുകളും സംഗ്രഹിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വിജ്ഞാനകോശമായിരുന്നു. വിവരങ്ങൾ ശേഖരിക്കാനുള്ള ഇസിദോറിന്റെ അഭിനിവേശം, അദ്ദേഹത്തിന് ‘ഇന്റെർനെറ്റിന്റെ മധ്യസ്ഥൻ’ എന്ന പദവി നേടിക്കൊടുത്തു. എല്ലാവർക്കും അറിവ് ലഭ്യമാക്കാനുള്ള വി. ഇസിദോറിന്റെ ആഗ്രഹം ഡിജിറ്റൽ യുഗത്തിൽ അദ്ദേഹത്തെ അനുയോജ്യനായ വ്യക്തിയാക്കി മാറ്റുന്നു.

3. വി. എൽമോ – വയറുവേദനയുടെ മധ്യസ്ഥൻ

വി. ഇറാസ്മസ് എന്നും അറിയപ്പെടുന്ന വി. എൽമോ, മൂന്നാം നൂറ്റാണ്ടിലെ ബിഷപ്പും 14 വിശുദ്ധസഹായികളിൽ ഒരാളുമായിരുന്നു. രക്തസാക്ഷിത്വ കാലത്ത്, കുടൽ അഴിച്ചുമാറ്റൽ ഉൾപ്പെടെയുള്ള കഠിനമായ പീഡനങ്ങൾ അദ്ദേഹം സഹിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കപ്പലുകളുടെ കൊടിമരങ്ങളിൽ നിഗൂഢമായ നീലപ്രകാശം കണ്ടതായി നാവികർ റിപ്പോർട്ട് ചെയ്തു. അതിനെ ‘വി. എൽമോയുടെ തീ’ എന്ന് വിശേഷിപ്പിച്ചു. ഈ പ്രതിഭാസം നാവികരെ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതൽ ഉറപ്പിച്ചു. അദ്ദേഹം രക്തസാക്ഷിത്വത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ വയറുവേദന അനുഭവിക്കുന്നവർക്ക് മധ്യസ്ഥനാക്കി മാറ്റി. വ്യക്തിപരമായ കഷ്ടപ്പാടുകൾ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റിയ ഈ വിശുദ്ധൻ വയറുവേദനയുടെ മധ്യസ്ഥൻ കൂടിയാണ്.

4. വി. ലോറൻസ് – പാചകക്കാരുടെയും ഹാസ്യകലാകാരന്മാരുടെയും മധ്യസ്ഥൻ

മൂന്നാം നൂറ്റാണ്ടിൽ റോമിലെ ഡീക്കനായിരുന്നു വി. ലോറൻസ്. ഗ്രിഡിറോണിൽ അദ്ദേഹത്തെ തിളച്ച എണ്ണയിലിട്ടു വറുക്കുകയും അങ്ങനെ രക്തസാക്ഷിയായി മാറുകയും ചെയ്തു. പീഡിപ്പിക്കപ്പെടുന്നതിനിടയിൽ, ബന്ദികളാക്കിയവരോട് അദ്ദേഹം പറഞ്ഞു: “ഇനി എന്നെ തിരിച്ചിടുക, ഒരു വശം കൂടിയുണ്ട് പൂർത്തീകരിക്കാൻ.” സങ്കൽപിക്കാനാകാത്ത സമ്മർദത്തിലും നർമം കൈവിടാതിരുന്ന വിശുദ്ധൻ ഭാവിതലമുറകൾക്ക് പ്രിയങ്കരനായി. അദ്ദേഹം പാചകക്കാരുടെയും ഹാസ്യനടന്മാരുടെയും മധ്യസ്ഥനായി മാറി. വേദന നിറഞ്ഞ സമയങ്ങളിൽപോലും ചിരിയുടെ ശക്തിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.

5. വി. പോളികാർപ്പ് – ചെവിവേദനയുടെ മധ്യസ്ഥൻ

ആദ്യകാല ബിഷപ്പായിരുന്ന വി. പോളികാർപ്പ് 155 ൽ രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ഒന്നും ചെവിവേദനയുമായി നേരിട്ട് ബന്ധപ്പെടുത്തുന്നില്ലെങ്കിലും, ‘പോളികാർപ്പ്’ എന്ന പേര് പോളിയോ കെയ്‌റോസിനോട് (ഗ്രീക്ക് – പല പഴങ്ങൾ) സ്വരസൂചകമായി സാമ്യമുള്ളതാണ്. ചെവിസംബന്ധമായ വേദനകൾക്കുള്ള ഒരു മധ്യസ്ഥനാണ് അദ്ദേഹം. സാംസ്കാരികവും ഭാഷാപരവുമായ വൈചിത്ര്യങ്ങൾ പാരമ്പര്യത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് അദേഹം കാണിക്കുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.