പത്താമത് ലോക കുടുംബസംഗമം 2022 ജൂണിൽ റോമിൽ നടന്നപ്പോൾ അതിന്റെ മധ്യസ്ഥരായി തിരഞ്ഞെടുത്തിരുന്നത് ലൂയിജി – മരിയ ബെൽത്രാമെ ക്വത്റോച്ചി ദമ്പതികളെയായിരുന്നു. കത്തോലിക്ക സഭയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികളായിരുന്നു അവർ. അവരുടെ വിവാഹദിനമായ നവംബർ 25 ആണ് അവരുടെ തിരുനാൾ ദിവസം.
സഭയിൽ ആദ്യമായി ദമ്പതികൾ ഒന്നിച്ച് വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക്
2001 ഒക്ടോബർ 21. അതൊരു ഞായറാഴ്ചയായിരുന്നു. ‘Familiaris Consortio’ (കുടുംബക്കൂട്ടായ്മ – ആധുനികലോകത്തിൽ ക്രിസ്തീയകുടുംബത്തിന്റെ പങ്കിനെപ്പറ്റി) എന്നപേരിൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പ എഴുതിയ അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപതാം വാർഷികാഘോഷ വേളയായ ആ ദിനത്തിൽ, റോമിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
വിവാഹിതരായിരുന്ന രണ്ടുപേരെ ഒരുമിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ട്, സന്യാസ – പുരോഹിതജീവിതത്തെപ്പോലെ തന്നെ അൽമായജീവിതത്തിലും വിശുദ്ധി അവിഭാജ്യഘടകമാണെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിക്കുക എന്ന പാപ്പയുടെ ഏറെക്കാലമായുള്ള സ്വപ്നം പൂവണിഞ്ഞു. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ലൂയിജി – മരിയ ബെൽത്രാമെ ക്വത്റോച്ചി ദമ്പതികൾ 50 വർഷത്തോളം വിവാഹജീവിതം നയിച്ചവരായിരുന്നു. അവരുടെ നാലുമക്കളിൽ മൂന്നുപേർ ആ അനുഗ്രഹീതദിവസം അവിടെ സന്നിഹിതരായിരുന്നു. പുരോഹിതരായ 95 വയസ്സുകാരൻ ഫിലിപ്പോയും 91 വയസ്സുള്ള സെസാറോയും പരിശുദ്ധ പിതാവിനൊപ്പം സഹകാർമികരായിരുന്നു. 87 വയസ്സുണ്ടായിരുന്ന എന്റിക്കേറ്റ എന്ന മകൾ മറ്റു വിശ്വാസികൾക്കൊപ്പം ദിവ്യബലിയിൽ സംബന്ധിച്ചു. കന്യാസ്ത്രീയായിരുന്ന സ്റ്റെഫാനിയ നിത്യസമ്മാനത്തിനായി പോയിക്കഴിഞ്ഞിരുന്നു.
“പ്രിയ സഹോദരീസഹോദരന്മാരെ, പ്രിയ കുടുംബങ്ങളെ…” ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രസംഗം ഇങ്ങനെ തുടങ്ങി. “ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ദമ്പതികളായ രണ്ടുപേരെ വാഴ്ത്തപ്പെട്ടവരാക്കാനാണ്; ലൂയിജി – മരിയ ബെൽത്രാമെ ക്വത്റോച്ചിമാരെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അവർ റോമിൽ ജീവിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം കഠിനമായി പരീക്ഷിക്കപ്പെട്ട സമയത്ത് അവർ പ്രത്യാശയോടെ പ്രതികരിച്ചു. ബുദ്ധിമുട്ടേറിയ ആ വർഷങ്ങളിൽപോലും ആ ഭാര്യാഭർത്താക്കന്മാർ വിശ്വാസദീപം കെടാതെ സൂക്ഷിച്ച്, മക്കളിലേക്ക് അത് കൈമാറി. അവരിൽ മൂന്നുപേർ ഇന്ന് നമ്മോടൊപ്പം ഇവിടുണ്ട്.
പ്രിയപ്പെട്ടവരേ, ഇതാണ് നിങ്ങളുടെ അമ്മ നിങ്ങളെക്കുറിച്ച് എഴുതിയത്: “ദൈവത്തെ അവർ അറിയാനായി, സ്നേഹിക്കാനായി, ഞങ്ങൾ അവരെ വിശ്വാസത്തിൽ വളർത്തി. തീർന്നില്ല, നിങ്ങളുടെ മാതാപിതാക്കൾ കത്തുന്ന ദീപം കൈമാറിയത് അവരുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും സഹപ്രവർത്തകർക്കും മാത്രല്ല, ഇപ്പോൾ സ്വർഗത്തിൽനിന്ന് അത് തരുന്നത് സാർവത്രികസഭയ്ക്കു മുഴുവനായുമാണ്.
‘Familiaris consortio’എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കാൻ ഇതിനെക്കാൾ സന്തോഷമുള്ള നിമിഷങ്ങൾ ഉണ്ടാകാനിടയില്ല. ഈ ഡോക്യുമെന്റ്, വിവാഹത്തിന്റെ കേന്ദ്രസ്ഥാനവും കുടുംബത്തിന്റെ ദൗത്യവും എടുത്തുകാണിക്കുന്നതിനൊപ്പം കൂദാശാധിഷ്ഠിത ജീവിതത്തിലൂടെ ലഭിക്കുന്ന കൃപയുടെ ബലത്താൽ പങ്കാളികളോട് വിശുദ്ധിയുടെ പാത പിന്തുടരാൻ ആവശ്യപ്പെടുന്നു. ഈ പാതയുടെ മനോഹാരിത, അനുഗ്രഹീത ഇറ്റാലിയൻ ദമ്പതികളായ ലൂയിജിയുടെയും മരിയയുടെയും മാതൃകപരമായ ജീവിതസാക്ഷ്യത്തിൽ പ്രകാശമാനമാകുന്നു.
ഈ ദമ്പതികൾ വിവാഹിതജീവിതത്തിലെ സ്നേഹവും സേവനജീവിതവും സുവിശേഷത്തിന്റെ പ്രകാശത്തിൽ വലിയ തീക്ഷ്‌ണതയോടെ ജീവിച്ചു. ഉത്തരവാദിത്വബോധത്തോടെ അവർ ദൈവത്തിന്റെ സൃഷ്ടികർമത്തിൽ സഹകരിച്ചു, കുഞ്ഞുങ്ങളെ പഠിപ്പിച്ചും ദൈവത്തിന് അവരെക്കുറിച്ചുള്ള സ്നേഹപദ്ധതി മനസ്സിലാക്കുന്നതിലേക്ക് അവരെ നയിച്ചുമൊക്കെ ഉദാരതയോടെ മക്കളെ വേണ്ടുംവണ്ണം വളർത്തി. ആ ഫലഭൂയിഷ്ടമായ ആത്മീയമണ്ണിൽ സന്യാസജീവിതത്തിലേക്കും പൗരോഹിത്യത്തിലേക്കുമുള്ള ദൈവവിളികൾ മുളച്ചുപൊന്തി, ദൈവത്തിൽ വേരുറപ്പിച്ചുള്ള ദാമ്പത്യസ്നേഹത്തിൽ വിവാഹവും ബ്രഹ്മചര്യവും എങ്ങനെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും പരസ്പരം പ്രകാശിപ്പിക്കുന്നെന്നും കാണിച്ചുതന്നു.
ദൈവവചനത്താലും വിശുദ്ധരുടെ സാക്ഷ്യങ്ങളാലും ആകർഷിക്കപ്പെട്ട്, ആ അനുഗ്രഹീതദമ്പതികൾ, സാധാരണമായ ഒരു ജീവിതം അസാധാരണമാംവിധം ജീവിച്ചു. ഒരു സാധാരണ ജീവിതത്തിലെ സന്തോഷങ്ങൾക്കും ഉത്കണ്ഠകൾക്കുമിടയിൽ, അസാധാരണമായ വിധത്തിൽ എങ്ങനെ ആത്മീയതയാൽ സമ്പന്നമായ ജീവിതം ജീവിക്കണമെന്ന് അവർക്ക് അറിയാമായിരുന്നു. പരിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയോടുള്ള വണക്കവുമായിരുന്നു അവരുടെ ജീവിതകേന്ദ്രം. എല്ലാ ദിവസവും ജപമാലകൾ ചൊല്ലി, ഉപദേശത്തിനായി. ആത്മീയപിതാക്കന്മാരെ സമീപിച്ചു. ഇങ്ങനെ, ദൈവവിളി തിരിച്ചറിയാനുള്ള ഉദ്യമത്തിൽ അവർ തങ്ങളുടെ മക്കളെ അനുധാവനം ചെയ്തു.
ലൂയിജിയുടെയും മരിയയുടെയും വിശ്വാസത്തിന്റെ സമ്പന്നതയും ഭാര്യഭർത്താക്കന്മാർ എന്ന നിലവിലുള്ള അവരുടെ സ്നേഹവും എല്ലാ വിശ്വാസികൾക്കും വിശുദ്ധിയിലേക്ക് വിളിയുണ്ടെന്നുള്ളതിനെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറഞ്ഞതിന്റെ ജീവിതസാക്ഷ്യമാണ്. വിവാഹിതരായ ഈ ദമ്പതികളുടെ വാഴ്ത്തപ്പെടലോടെ, കൗൺസിലിന്റെ ഉദ്ദേശ്യം സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നു.
പ്രിയ കുടുംബങ്ങളെ, ദമ്പതികളായി ജീവിക്കുന്നവർക്ക് വിശുദ്ധിയുടെ പാത സാധ്യമാണെന്നും അത് മനോഹരമാണെന്നും അസാധാരണമാംവിധം ഫലം നൽകുന്നതാണെന്നും കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും അടിസ്ഥാനപരമായി വേണ്ടതാണെന്നുമുള്ളതിന്റെ സ്പഷ്ടമായ ഉറപ്പ് നമുക്കിന്നുണ്ട്.”
ദൈവത്തിൽ ഉറപ്പിക്കപ്പെട്ട കുടുംബം
ലൂയിജി ബെൽത്രാമെ ജനിച്ചത് 1880 ജനുവരി 12 ന് കറ്റാണിയ എന്ന സ്ഥലത്താണ്. കുട്ടികളില്ലാതിരുന്ന അവന്റെ അമ്മാവൻ ലൂയിജി ക്വത്റോച്ചിയും ഭാര്യയും കുഞ്ഞുലൂയിജിയെ അവരോടൊപ്പം വളർത്താൻ അവന്റെ മാതാപിതാക്കളോട് അനുവാദം ചോദിച്ചു. അങ്ങനെ അമ്മാവനൊപ്പം വളർന്ന ലൂയിജി ബെൽത്രാമെയുടെ പേരിന്റെ കൂടെ അദ്ദേഹത്തിന്റെ സർനെയിം ക്വത്റോച്ചി എന്നും ചേർന്നു.
റോമിലെ ലാ സാപ്പിയെൻസ യൂണിവേഴ്സിറ്റിയിൽ പഠിച്ച അവൻ നിയമത്തിൽ ബിരുദമെടുത്തു. ബാങ്കുകളുടെ ബോർഡംഗം ആയും രാഷ്ട്രപു നർനിർമാണ സമിതിയംഗമായുമൊക്കെ സേവനമനുഷ്ഠിച്ച ലൂയിജി വിരമിച്ചത് ഇറ്റാലിയൻ സ്റ്റേറ്റിന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ആയിട്ടായിരുന്നു.
1884 ജൂൺ 24 ന് ഫ്ലോറെൻസിലായിരുന്നു മരിയ കൊർസീനി ജനിച്ചത്. സാഹിത്യം, ശിൽപവിദ്യ, കല എന്നിവയ്‌ക്കൊക്കെ പേരുകേട്ട ആ നഗരത്തിൽ നല്ല സാംസ്കാരിക അടിത്തറ തന്നെ അവൾക്ക് ലഭിച്ചു. സംഗീതം ഇഷ്ടപ്പെട്ടിരുന്ന മരിയ, പ്രൊഫസർ, എഴുത്തുകാരി എന്നീ നിലകളിലും വിമൻസ് കാത്തലിക് ആക്ഷൻ പോലുള്ള അനേകം അസോസിയേഷനുകളിലെ അംഗമായും ശോഭിച്ചു.
ബെൽത്രാമെ ക്വത്റോച്ചി – കൊർസീനി കുടുംബങ്ങൾ കൂടെക്കൂടെ പരസ്പരം സന്ദർശിച്ചിരുന്നു. ലൂയിജിയെ വിവാഹം കഴിക്കാൻ മരിയയ്ക്ക് വിരോധമില്ലെന്ന് അറിഞ്ഞപ്പോൾ 1905 നവംബർ 25 ൽ അവരുടെ വിവാഹം നടന്നു. ഫിലിപ്പോയുടെയും സ്റ്റെഫാനിയയുടെയും സെസാറോയുടെയും ജനനശേഷം 1913 ന്റെ അവസാനങ്ങളിൽ മരിയ അവളുടെ അവസാനത്തെ കുഞ്ഞായ എൻറിക്കേറ്റയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.
അതൊരു അപകടം പിടിച്ച ഗർഭധാരണമാണെന്നും അബോർഷൻ ചെയ്തുകൊണ്ട് അമ്മയുടെ ജീവനെങ്കിലും രക്ഷിക്കാൻ പ്രഗത്ഭരായ ഡോക്ടർമാർ അവരെ ഉപദേശിച്ചു. അഞ്ച് ശതമാനത്തിലും കുറവായിരുന്നു വിജയസാധ്യത. ലൂയിജിയും മരിയയും അബോർഷൻ വേണ്ടെന്നുപറഞ്ഞ് ദൈവത്തിൽ സമ്പൂർണ്ണമായി ആശ്രയിച്ചു. ഗർഭധാരണത്തിന്റെ അവസാന ദിവസങ്ങളിൽ ബുദ്ധിമുട്ടും വിഷമവും വളരെ കൂടുതലായിരുന്നു. പക്ഷെ, ദൈവത്തിന്റെ കരുതലിൽ പ്രസവശേഷം അമ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു.
മരിയ ധാരാളം പുസ്തകങ്ങളെഴുതി.സുവിശേഷമൂല്യങ്ങളാൽ സമ്പന്നമായിരുന്ന അവയുടെ പ്രഥമലക്ഷ്യം അവളുടെ കുഞ്ഞുങ്ങളെ നന്നായി വളരാൻ സഹായിക്കുകയായിരുന്നു.നല്ല ആത്മീയനേതാക്കളുടെ രചനകൾ അവൾ വായിക്കാറുണ്ടായിരുന്നു. ഫാ. പാവോളിനോ പെലെഗ്രിനോയുടെ വാക്കുകൾ അവളെ വല്ലാതെ സ്വാധീനിച്ചു. “വിശുദ്ധി എന്നത് അസാധാരണ കാര്യങ്ങൾ ചെയ്യുന്നതിലല്ല, ലളിതമായ കാര്യങ്ങൾ ഒരുവന്റെ വിളിയനുസരിച്ച് നന്നായി ചെയ്യുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവഹിതത്തിന് പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിക്കുന്നതാണത്.”
1924 നവംബർ 5, ആ കുടുംബത്തിന് പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. പതിനൊന്നാം പീയൂസ് പാപ്പയുടെ ജനറൽ ഓഡിയൻസിന് അവർ പോയി. അടുത്ത ദിവസം ഫിലിപ്പോയെ രൂപത സെമിനാരിയിലും സെസാറോയെ ട്രാപ്പിസ്റ്റ് ആശ്രമത്തിലും കൊണ്ട് ചേർത്തു. സ്റ്റെഫാനിയ, ‘സിസ്റ്റർ മരിയ സിസീലിയ’ എന്ന പേര് സ്വീകരിച്ച് മിലാനിൽ ബെനഡിക്ടൈൻ മഠത്തിൽ ചേർന്നു. എൻറിക്കേറ്റ പേരെന്റ്സിനെ പരിചരിക്കാനായി വീട്ടിൽതന്നെ നിന്നു. ഏതെങ്കിലുമൊരു മതേതരസ്ഥാപനത്തിൽ അംഗമായിക്കൊണ്ട് സേവനം ചെയ്യാൻ അവൾ തീരുമാനിച്ചു.
വിരസമായ ഒരു നിമിഷം പോലുമില്ലാതെ
ക്വത്റോച്ചി കുടുബത്തിൽ ജീവിതം അതിന്റെ പൂർണ്ണതയിൽ ആസ്വദിച്ചിരുന്നു. സ്പോർട്സിനും അവധിദിവസത്തിൽ കടൽതീരത്തേക്കോ, പർവതനിരകളിലേക്കോ ഉള്ള യാത്രകൾക്കും സമയമുണ്ടായിരുന്നു. സുഹൃത്തുക്കളെയും പാവങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യാൻ അവരുടെ വാതിൽ തുറന്നുകിടന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് അവരുടെ ഭവനം അഭയാർഥികളെ സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളിൽ ഒന്നിച്ച് ജപമാലകൾ ചൊല്ലി. ഈശോയുടെ തിരുഹൃദയത്തിന് അവരുടെ ഭവനം പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. എല്ലാ ആദ്യവെള്ളിയാഴ്ചകളിലും തിരുമണിക്കൂർ ആരാധനയിൽ പങ്കുചേർന്നു. ബെനഡിക്ടൈൻ സന്യാസികൾ നടത്തുന്ന ആഴ്ചാവസാന ധ്യാനങ്ങളിൽ പങ്കെടുത്തു.
ദൈനംദിന ജോലികൾ നന്നായിത്തന്നെ ചെയ്തിരുന്ന മരിയ, അപ്പസ്തോലിക വേലകൾക്കും സമയം കണ്ടെത്തി. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടിന്റെ രൂപീകരണത്തിൽ, ഇറ്റാലിയൻ വിമൻസ് അസോസിയേഷന്റെ ജനറൽ കൗൺസിലിൽ, എത്യോപ്യയിലെ യുദ്ധസമയത്തും രണ്ടാം ലോക മഹായുദ്ധസമയത്തും റെഡ് ക്രോസ്സ് നേഴ്സ് ആയി, ഒക്കെ മരിയയുടെ അകമഴിഞ്ഞ സഹകരണമുണ്ടായിരുന്നു. മതബോധന ക്ലാസുകൾ എടുത്തിരുന്ന മരിയ ലൂയിജിയുടെയും അവരുടെ മക്കളുടെയും കൂടെ പാവപ്പെട്ട കുട്ടികൾക്ക് സ്കൗട്ട് ട്രൂപ്പുകൾ തുടങ്ങി. മരിയയും ലൂയിജിയും ഫാമിലി അപ്പസ്തോലേറ്റ്, മാര്യേജ് ഒരുക്ക ക്ലാസുകൾ എന്നിവയിൽ സജീവമായിരുന്നു.
വീരോചിതമായ വിശുദ്ധി
അങ്ങനെയുള്ള ആ മനോഹരഭവനത്തിൽ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള ദൈവവിളി തഴച്ചുവളർന്നു. രണ്ട് ആൺമക്കളെയും ഒരു മകളെയും ദൈവത്തിനു കൊടുത്തതിനുശേഷം മരിയയും ലൂയിജിയും ദൈവത്തിൽനിന്നുള്ള ഏത് വിളിക്കും പൂർണ്ണസമ്മതം കൊടുക്കാനുതകുന്ന ഒരു കോഴ്സിൽ പങ്കെടുത്തു. 20 വർഷത്തെ അവരുടെ വിവാഹജീവിതത്തിനുശേഷം ‘ഒട്ടും എളുപ്പമല്ലാത്ത പ്രതിജ്ഞയെ ഒന്നൂടെ പരിപൂർണ്ണമാക്കാൻ ‘ തീരുമാനമെടുത്തു അതായത് വൈവാഹിക – ശാരീരികബന്ധത്തിൽനിന്ന് അകന്നുനിൽക്കാൻ. അപ്പോൾ ലൂയിജിക്ക് 46 ഉം മരിയക്ക് 41 ഉം വയസ്സായിരുന്നു.
1951 നവംബർ അഞ്ചിന് അവരുടെ കുടുംബസംഗമത്തിൽ അപ്പനും അമ്മയും പുരോഹിതരായ രണ്ടു മക്കളും സന്യാസിനിയായ മകളും പിന്നെ എൻറിക്കേറ്റയും ഉണ്ടായിരുന്നു. അതൊരു വലിയ ആഘോഷമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം 1951 നവംബർ 9 ന് ലൂയിജി സ്വർഗസമ്മാനത്തിനായി വിളിക്കപ്പെട്ടു. 14 വർഷങ്ങൾ കൂടി മരിയ ജീവിച്ചിരുന്നു.1965 ഓഗസ്റ്റ് 26 ന് ത്രിസന്ധ്യജപം ചൊല്ലിക്കൊണ്ടിരിക്കവെ എൻറിക്കേറ്റയുടെ കൈകളിൽകിടന്ന് ശാന്തമായി അവൾ അന്ത്യയാത്ര പറഞ്ഞു.
ലൂയിജിയുടെയും മരിയയുടെയും ശരീരാവശിഷ്ടങ്ങൾ – തിരുശേഷിപ്പ് റോമിൽ ‘ദിവീനോ അമോറെ (divine
Love) ൽ ഉണ്ട്.
വിശുദ്ധിയിലേക്ക് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് നമുക്കോർക്കാം. ദൈവദാനമായ മക്കളെ വിശുദ്ധിയിലേക്കു നയിക്കാനും ദൈവത്തിന്റെ പദ്ധതിയോട് ചേർന്നുനിൽക്കാനുമുള്ള കൃപയ്ക്കായി പ്രാർഥിക്കാം.
ജിൽസ ജോയ്