വത്തിക്കാന്‍ സിറ്റി: ഭക്തിസാന്ദ്രമായ പ്രാര്‍ഥനകള്‍ക്കിടയില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു തിങ്ങിനിറഞ്ഞ ആത്മീയാചാര്യര്‍, ഭരണാധികാരികള്‍, സന്യസ്തര്‍, വിശ്വാസി സഹസ്രങ്ങള്‍ എന്നിവര്‍ക്കൊപ്പം ലോകം പുത്തന്‍ചിറക്കാരി പുണ്യവതിയെ വണങ്ങി.
സീറോ മലബാര്‍ സഭയ്ക്കും ഭാരതത്തിനും അഭിമാന മൂഹൂര്‍ത്തം. ഇന്ത്യയില്‍നിന്നുള്ള വൈദികര്‍ അടക്കമുള്ളവര്‍ ത്രിവര്‍ണ പതാകയുമേന്തിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും ‘കുടുംബങ്ങളുടെ മദ്ധ്യസ്ഥ’യുമായ മദര്‍ മറിയം ത്രേസ്യയ്ക്കൊപ്പം നാലുപേരെക്കൂടി മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക ജുസപ്പീന വന്നീനി, മിഷണറി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് മദര്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹ സ്ഥാപക ദുള്‍ച്ചെ ലോപ്പസ് പോന്തസ്, ഫ്രാന്‍സിസ്കന്‍ മൂന്നാം സഭാംഗമായ മര്‍ഗരീത്ത ബേയ്സ് എന്നിവരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. അഞ്ചു വിശുദ്ധരുടേയും രാഷ്ട്രങ്ങളുടെ ദേശീയ പതാക ചത്വരത്തില്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ദേശീയപതാക ചത്വരത്തില്‍ ഉയര്‍ന്നു പറന്നു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ജപമാല പ്രാര്‍ഥനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. മാര്‍പാപ്പയും തെരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരും വൈദികരും ബലിവേദിയിലേക്കു പ്രദക്ഷിണമായി ആനയിക്കപ്പെട്ടു.
വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ ജിയോവാനി അഞ്ചലോ ബേച്ചു, വിശുദ്ധരാക്കപ്പെടുന്ന അഞ്ചു പേരുടെ രൂപതാധ്യാക്ഷന്മാരായ മെത്രാന്മാര് എന്നിവരാണു വിശുദ്ധ പ്രഖ്യാപന ശുശ്രൂഷകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സഹകാര്‍മികരായത്. വിശുദ്ധ മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനായി. അഞ്ചു വിശുദ്ധരുടേയും നാമകരണ നടപടികള്‍ക്കു നേതൃത്വം നല്കിയ പോസ്റ്റുലേറ്റര്‍മാരും സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണ നടപടികള്‍ക്കു പോസ്റ്റുലേറ്ററായിരുന്ന ഫാ. ബെനഡിക്ട് വടക്കേക്കരയും ഈ ധന്യമുഹൂര്‍ത്തത്തില്‍ മാര്‍പാപ്പയുടെ ബലിവേദിയില്‍ സഹകാര്‍മികനായി.
വിശുദ്ധ മറിയം ത്രേസ്യ അടക്കം അഞ്ചു വിശുദ്ധരുടേയും ലഘുജീവചരിത്രം വായിച്ചശേഷമാണ് മാര്‍പാപ്പ വിശുദ്ധ പദവി പ്രഖ്യാപനം നിര്‍വഹിച്ചത്. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയാറാക്കിയ പീഠങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ പുണ്യമുഹൂര്‍ത്തത്തില്‍ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങിനിറഞ്ഞ അനേകായിരങ്ങളുടെ അധരങ്ങളില്‍ പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉതിര്‍ന്നു. ലോകമെങ്ങും വാര്ത്താചാനലുകളിലൂടേയും ഇന്റര്‍നെറ്റിലൂടേയും ആ ദൃശ്യങ്ങള്‍ കണ്ട ജനലക്ഷങ്ങളും വിശുദ്ധയെ വണങ്ങി.
തുടര്‍ന്നു നടന്ന കാറോസൂസ പ്രാര്‍ഥന വിവിധ ഭാഷകളില്‍ ചൊല്ലി. മലയാളിയായ സിസ്റ്റര്‍ ധന്യ തെരേസ് അടക്കമുള്ളവരാണ് ഈ പ്രാര്‍ഥനകള്‍ ചൊല്ലിയത്.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച്ബിഷപുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവരും സീറോ മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരും ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ ഉള്‍പ്പെടെ സന്യാസ സമൂഹങ്ങളുടെ മേധാവികളും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ തിരുക്കര്‍മങ്ങള്‍ക്കു മുന്‍നിരയിലുണ്ടായിരുന്നു. അനേകം വൈദികരും സന്യസ്തരും അത്മായരും ധന്യമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു.
വിശുദ്ധ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അദ്ഭുതരോഗശാന്തി നേടിയ തൃശൂര്‍ സ്വദേശിയായ കൗമാരക്കാരന് ക്രിസ്റ്റഫര്‍ ജോഷിയാണു മാര്‍പാപ്പയ്ക്കു ദിവ്യബലിയര്‍പ്പിക്കാനുള്ള വെള്ളവും വീഞ്ഞും സമര്‍പ്പിച്ചത്.
ഇന്ത്യയില്‍നിന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, ടി.എന്‍. പ്രതാപന് എംപി, ജസ്റ്റീസ് കുര്യന് ജോസഫ് തുടങ്ങിയവരും വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങളും ഹോളി ഫാമിലി സന്യാസ സമൂഹത്തിലെ മുന്നൂറോളം സിസ്റ്റര്‍മാരും പങ്കെടുത്തു.
ഇന്ത്യയില്‍നിന്നുള്ള അഞ്ചാമത്തെ വിശുദ്ധയാണ് മറിയം ത്രേസ്യ. വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ ഏലിയാസ് കുര്യാക്കോസച്ചന്, എവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവരാണു മുന്‍ഗാമികള്‍.
തിങ്കളാഴ്ച (14. Oct.2019) രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും.
വിശുദ്ധ പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16 ന് കുഴിക്കാട്ടുശേരിയില്‍ നടക്കും.
ഫാ. നൈസണ്‍ ഏലന്താനത്ത്
പി.ആര്.ഒ- തൃശ്ശൂര്‍ അതിരൂപത