
ഫാ. സാബു മണ്ണട രചിച്ച വിശുദ്ധ വര്‍ണ്ണങ്ങള്‍ എന്ന പുസ്തകം പ്രകാശിതമായി. വര്‍ണ്ണങ്ങളെ വിശുദ്ധമാക്കിയ, വിശുദ്ധമായവയ്ക്ക് വര്‍ണ്ണങ്ങളിലൂടെ ജീവന് കൊടുത്ത വിശ്വോത്തര കലാകാരന്മാരുടെ വിശ്വവിഖ്യാതമായ സൃഷ്ടികളെ മലയാളത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കലയിലൂടെ ജീവന് നല്കപ്പെട്ട ക്രൈസ്തവ സങ്കല്‍പ്പങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ സംരംഭമാണിത്.
തൃപ്പൂണിത്തുറ ആര്.എല്‍.വീ. കോളേജിലെ ചിത്രപഠനത്തിനുശേഷം ഇറ്റലിയിലെ ആക്വില പട്ടണത്തില്‍ ചിത്രകലയില്‍ ബിരുദം നേടി ഇപ്പോള്‍ റോമിലെ സെന്റ് ആന്‍സലം യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമിഷണറി സഭാംഗമാണ് ഫാ. സാബു മണ്ണട. കലാകേരളത്തിനും കേരളസഭയ്ക്കുമുള്ള അമൂല്യ ഉപഹാരമാണ് ഈ ഗ്രന്ഥം. ലൈഫ്ഡേ ഓണ്‍ലൈനില്‍ മസ്സാത്തോ എന്ന പേരില്‍ കോളമിസ്റ്റാണ് ഫാ. സാബു മണ്ണട.
മീശമാധവന്, നരന്, ബിഗ്ബീ, അന്‍വര്‍ തുടങ്ങി പുലിമുരുകന് വരെ എത്തിനില്‍ക്കുന്ന 69-ഓളം സിനിമകളുടെ ആര്‍ട്ട് ഡിറക്ടര്‍ ശ്രീ. ജോസഫ് നെല്ലിക്കല്‍ ആണ് ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
ഗ്രന്ഥകാരന് സൂചിപ്പിക്കുന്നതുപോലെ വിശ്വവിഖ്യാത കലാസൃഷ്ടികള്‍ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതവും ഇവയൊന്നും കാണാന്‍ സാധിക്കാത്തവരെക്കുറിച്ചുള്ള നനവാര്‍ന്ന ഓര്‍മ്മകളുമാണ് ഈ ഗ്രന്ഥത്തിന്റെ മൂലകാരണം.
നമുക്ക് സുപരിചിതങ്ങളായ മൈക്കലാഞ്ചലോയുടെ ആദാമിന്റെ സൃഷ്ടി, കരവാജോയുടെ എമ്മാവൂസിലെ ശിഷ്യന്മാര്, വത്തിക്കാന്‍ ചത്വരം രൂപകല്‍പ്പന നിര്‍വ്വഹിച്ച ബര്‍ണീനിയുടെ ആവിലായിലെ അമ്മത്രേസ്യായുടെ ആത്മീയ നിര്‍വൃതി, റൂബന്‍സിന്റെ സിംഹക്കുഴിയിലെ ദാനിയേല്‍, അന്ത്രയാ മന്തേഞ്ഞയുടെ മരണക്കിടക്കയിലെ യേശു തുടങ്ങിയ കലാസൃഷ്ടിയുടെ ഒരു ക്രിസ്തീയ പുനര്‍വായനയാണ് ഈ ഗ്രന്ഥം നമുക്ക് നല്‍കുന്നത്. ഓരോ ചിത്രത്തിന്റേയും രചനാ സാഹചര്യവും ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ അര്‍ത്ഥവ്യാപ്തിയും കഥാപാത്രങ്ങളെ വിന്യസിച്ചിരിക്കുന്ന ഇടത്തിന്റെ പ്രാധാന്യവും വിവരിക്കുന്നതിലൂടെ ഒരു ധ്യാനാനുഭവം ഗ്രന്ഥകാരന് നമുക്കു നല്കുന്നു.
പല നൂറ്റാണ്ടുകളായി കലാസ്വാദകരെ അളവറ്റവിധം ആനന്ദിപ്പിക്കുകയും വിസ്മയത്തിന്റെ ആകാശത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത വിശ്വവിഖ്യാത ചിത്രകാരന്മാരുടെ ശില്‍പ്പികളുടെയും ശ്രേഷ്ഠരചനകളെയും ശില്പ്പങ്ങളെയും മലയാളികള്‍ക്കായി പരിചയപ്പെടുത്തുകയും ക്രിസ്തീയ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് ഗ്രന്ഥകാരന് സാബു അച്ചന്.
വായിക്കപ്പെടേണ്ട വരകളും വ്യാഖ്യാനിക്കപ്പെടേണ്ട വര്‍ണ്ണങ്ങളും ചിത്രത്തില്‍ ഇടം നേടിയ വിശുദ്ധ ശില്‍പ്പങ്ങളും വിവരിക്കപ്പെടുന്ന ഈ ഗ്രന്ഥം കത്തോലിക്കാ സഭയുടെ സാംസ്കാരിക വളര്‍ച്ചയ്ക്കും കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനും ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.
പുസ്തകങ്ങള്‍ ലൈഫ്ഡേ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ്.