
ഈശോ ജറുസലേമിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് ജറുസലേമിനെക്കുറിച്ച് വിലപിച്ചുകൊണ്ടാണ്. “ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴിൽ ചേര്‍ത്തുനിര്‍ത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ല” (34). തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതു പോലെയാണ് ഈശോ ജറുസലേമിനെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നത്. അത്രമാത്രം ശക്തവും തീക്ഷ്ണവുമായ കരുതലാണ് അത്. ആർദ്രമായ ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലാണ് അത്. പക്ഷേ, ജറുസലേം അതിനു സമ്മതിക്കുന്നില്ല.
തങ്ങൾ വളർന്നുവലുതായെന്നും ഇനി ‘അമ്മയെ’ ആവശ്യമില്ലെന്നും ‘കുഞ്ഞുങ്ങൾ’ കരുതിയേക്കാം. ദൈവത്തെ കൂടാതെ ജീവിതത്തിൽ മുൻപോട്ടു പോകാമെന്ന് നമ്മളും വിചാരിക്കുന്നുണ്ടാവാം. എന്നാൽ നമുക്ക് മുൻപോട്ടു പോകാൻ എപ്പോഴും ദൈവത്തിന്റെ സഹായം ആവശ്യമുണ്ട്. നമുക്കു പ്രാർഥിക്കാം, “ദൈവമേ, എന്നെ അങ്ങയുടെ ചിറകിൻകീഴിൽ എന്നും സംരക്ഷിക്കേണമേ.” എന്നെക്കുറിച്ചു വിലപിക്കാൻ ഞാൻ ദൈവത്തിന് ഇട നൽകരുത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS