
“എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു” (46) എന്ന് ഈശോ പറയുന്നു. വെളിച്ചവും അന്ധകാരവും എന്നത് ഈശോ പലപ്പോഴും ഉപയോഗിക്കുന്ന രൂപകമാണ്. വെളിച്ചത്തിന്റെ ഭാഗത്താണ് നമ്മൾ നിൽക്കേണ്ടത് എന്ന് ഓരോ തവണയും ഈശോ നമ്മെ ഓർമ്മപ്പെടുത്തുന്നു. വിശ്വസിക്കുന്നവർക്ക് ഈശോ നൽകുന്ന സമ്മാനമാണ് വെളിച്ചത്തിൽ ജീവിക്കാനുള്ള കൃപാവരം എന്ന് നമ്മൾ മനസ്സിലാക്കണം.
ഈശോ, സ്വയം പ്രകാശമാകുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യാനാണ് ലോകത്തിലേക്കു വന്നത്. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (8:12) എന്ന് അവിടുന്ന് പറയുന്നുണ്ട്. ഈശോയിൽ വിശ്വസിക്കുകയും അവിടുത്തെ പ്രകാശത്തിൽ വസിക്കുകയും ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. വിശ്വസിക്കുന്നവർ വെളിച്ചത്തിലാണ്. ഏതൊക്കെ രീതികളിലുള്ള ഇരുട്ട് നമ്മെ മൂടാൻ വന്നാലും ഈശോയിൽ വിശ്വാസമുണ്ടെങ്കിൽ അതിനെയെല്ലാം അതിജീവിച്ച് വെളിച്ചത്തിൽ ജീവിക്കാൻ അവിടുന്ന് നമ്മെ പ്രാപ്തരാക്കും. വിശ്വാസം വെളിച്ചമാണ്; വെളിച്ചത്തിലേക്കുള്ള പാതയാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS