
ഇടയനും കൂലിക്കാരനും തമ്മിലുള്ള വ്യത്യാസം ‘സ്വന്തം’ എന്ന പദത്തിലാണ്. ഇടയന്റെ സ്വന്തമാണ് ആടുകള്‍. എന്നാല്‍, കൂലിക്കാരന് ആടുകള്‍ സ്വന്തമല്ല. “അവന്‍ ഓടിപ്പോകുന്നത്, കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താൽപര്യമില്ലാത്തതുകൊണ്ടുമാണ്” (13). സ്വന്തമെന്നു തോന്നുന്നവക്കു വേണ്ടിയാണ് ജീവന്‍ ബലികഴിക്കുന്നതും സ്വയം മരണമേല്‍ക്കുന്നതും. സ്വന്തമല്ലെങ്കില്‍പിന്നെ സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളായിരിക്കും നടക്കുന്നത്.
സ്വന്തം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അസുഖമോ, അപകടമോ വരുമ്പോഴുള്ള നമ്മുടെ വികാരവും അയല്‍ക്കാരന് അസുഖമോ, അപകടമോ സംഭവിക്കുമ്പോഴുള്ള നമ്മുടെ പ്രതികരണവും, നമുക്കറിയാത്ത ഒരാള്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോഴുള്ള നമ്മുടെ മനോഭാവവും ശ്രദ്ധിച്ചാല്‍ ‘സ്വന്തം’ എന്ന വികാരം എന്താണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ദൈവത്തെയും ‘സ്വന്തം’ എന്നു കരുതിയാല്‍മാത്രമേ അവനായി ജീവിക്കാനും ജീവന്‍ ബലികഴിക്കാനും നമുക്കു സാധിക്കൂ. ആടുകൾക്കായി സ്വന്തം ജീവനർപ്പിക്കുന്ന ഇടയനാണ് ഈശോ. അതേ മാതൃകയാണ് നമ്മൾ പിന്തുടരേണ്ടത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS