
‘ശബ്‌ദമുയർത്തി പറഞ്ഞു’ (37) എന്ന പ്രയോഗം പ്രതീകാത്മകമാണ്. എല്ലാവരും കേൾക്കാൻവേണ്ടിയാണ് ഈശോ പറയുന്നത്. ആരെയും ഈശോ മാറ്റിനിർത്തുന്നില്ല. എല്ലാവരെയും ഉൾപ്പെടുത്തുന്ന ഈശോയുടെ സാർവത്രികമായ പദ്ധതിയാണ് ഇവിടെ വെളിപ്പെടുന്നത്. മനുഷ്യന് ജീവിക്കാൻ ഏറ്റവും ആവശ്യമായ രണ്ടു ഘടകങ്ങളാണ് ജലവും പ്രകാശവും. ഇവ രണ്ടും താനാണെന്നും ഇവയുടെ ഉറവിടം തന്നിലാണെന്നും ഈശോ ഇന്നത്തെ രണ്ടു വചനഭാഗങ്ങളിലൂടെ വ്യക്തമാക്കുകയാണ്.
വ്യത്യസ്തങ്ങളായ ദാഹങ്ങളുള്ള വ്യക്തികളാണ് നമ്മൾ. ഏതുതരം ദാഹമാണെങ്കിലും ഈശോയുടെ അടുത്തുചെന്നാൽ അതിനുള്ള പ്രതിവിധി നമുക്കു ലഭിക്കുന്നതാണ്. ആത്മീയമായും ഭൗതികമായുമുള്ള വ്യത്യസ്ത ദാഹശമനങ്ങൾക്കായി മറ്റു വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും പോകരുത്. “ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജെറ. 2:13) എന്ന വചനവും ഓർമ്മിക്കണം. മനുഷ്യനിലെ എല്ലാ അന്ധകാരവും അകറ്റുന്ന പ്രകാശവും ഈശോയാണ്. വെളിച്ചമായി കാണപ്പെടുന്ന മറ്റൊന്നും യഥാർഥ വെളിച്ചമല്ല എന്നും നമ്മൾ ഓർമ്മിക്കണം.
ഫാ. ജി. കടൂപ്പാറയിൽ MCBS