സീറോ മലബാർ നോമ്പുകാലം നാലാം വെള്ളി മാർച്ച് 28 യോഹ. 7: 25-31 ദൈവത്താൽ അയയ്ക്കപ്പെട്ട മിശിഹാ

ചിലർ ഈശോയെ കൊല്ലാൻ അന്വേഷിക്കുന്നു. ചിലർ ബന്ധിക്കാൻ ശ്രമിക്കുന്നു. എങ്കിലും ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു. പക്ഷേ, ദൈവപുത്രനായ – വരാനിരിക്കുന്ന ക്രിസ്തുവായിട്ടല്ല അവർ ഈശോയെ കണ്ടതും വിശ്വസിച്ചതും (31). നാമും നമ്മുടെ വിശ്വാസത്തെ പരിശോധിക്കേണ്ട സമയമാണ്. ദൈവപുത്രനായ, ഏകരക്ഷകനായ ക്രിസ്തുവിലാണോ നമ്മൾ വിശ്വസിക്കുന്നത്? ദൈവത്താൽ അയയ്ക്കപ്പെട്ടവനാണ് താനെന്ന് ഈശോ പറയുന്നുണ്ട്. “ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ” (28). എങ്കിലും അവരിൽ ചിലർ അവനിൽ വിശ്വസിക്കുന്നില്ല.

യേശുവിനെ ഏകരക്ഷകനും ദൈവപുത്രനുമായി കണ്ട് ഏറ്റുപറഞ്ഞു സാക്ഷ്യപ്പെടുത്താൻ നമുക്കാകുന്നുണ്ടോ? പലരിലൊരാളായി ഈശോയെ കാണുന്നവരുണ്ട്. നമ്മൾ അങ്ങനെയായിരിക്കരുത്. പിതാവായ ദൈവത്താൽ അയയ്ക്കപ്പെട്ട പുത്രനാണ് ഈശോ എന്ന് നമ്മൾ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യണം. ഏതു സാഹചര്യത്തിലും ഈശോയ്ക്ക് സാക്ഷ്യം വഹിക്കേണ്ടവരാണ് നമ്മൾ എന്ന ബോധ്യവും നമുക്കുണ്ടായിരിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.