സീറോ മലബാർ നോമ്പുകാലം നാലാം വ്യാഴം മാർച്ച് 27 യോഹ. 7: 1-13 കൂടാരത്തിരുനാള്‍

ശരത്കാല വിളവെടുപ്പിന്റെയും പുറപ്പാട് സംഭവത്തിൽ മരുഭൂമിയിൽവച്ച് ഇസ്രായേൽക്കാരോട് ദൈവം കാണിച്ച കരുതലിന്റെയും ഓർമ്മ നിലനിർത്തുന്ന ഏഴുദിവസത്തെ ആഘോഷമാണ് കൂടാരത്തിരുനാള്‍. ആ മഹനീയ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ വചനഭാഗം. “ആളുകൾ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവൻ ഒരു നല്ല മനുഷ്യനാണ് എന്ന് ചിലർ പറഞ്ഞു; അല്ല, അവൻ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്ന് മറ്റുചിലരും” (12). ആളുകൾക്ക് യേശുവിനെക്കുറിച്ചുള്ള അഭിപ്രായം രണ്ടുരീതിയിലാണ്; ഒന്ന് അനുകൂലമായും രണ്ട് പ്രതികൂലമായും. ആളുകൾ തന്നെപ്പറ്റി എന്തൊക്കെ പറഞ്ഞാലും താൻ ആരാണെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു. അതിനാൽ ആളുകൾ പറയുന്ന കാര്യങ്ങള്‍ക്ക് അവന്‍ അധികം വില കൽപിച്ചിരുന്നില്ല.

നമ്മുടെ ജീവിതത്തിലും മാതൃകയാക്കേണ്ട പാഠമാണിത്. ആളുകളുടെ അഭിപ്രായത്തിനനുസരിച്ചു മാത്രം ജീവിതത്തെ വിലയിരുത്തിയാൽ നമ്മൾ നിരാശരാകാം. എന്നാൽ, ദൈവതിരുമുമ്പിൽ ഞാൻ ആരാണെന്ന് അറിയാവുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതൊന്നും പ്രശ്നമായി മാറില്ല. ദൈവത്തിന്റെ മുൻപിൽ ഞാൻ ആരാണ് എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.