
ദൈവം നമ്മെ ഓരോരുത്തരെയും നോക്കാന്‍ ഏല്‍പിച്ചിരിക്കുന്ന മുന്തിരിത്തോട്ടമാണ് നമ്മുടെ ജീവിതം. യഥാകാലം ഫലം പുറപ്പെടുവിക്കേണ്ടവരാണ് നമ്മള്‍. സ്വന്തം ജീവിതംകൊണ്ട് ഫലം പുറപ്പെടുവിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ? അതോ നമ്മുടെ ജീവിതംകൊണ്ട് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനാണോ നാം ശ്രമിക്കുന്നത്? മുന്തിരിത്തോട്ടം കൃഷിക്കാരുടേതല്ല, യജമാനന്റേതാണ്. അതുപോലെ, നമ്മുടെ ജീവിതം ദൈവം തന്ന ദാനം മാത്രമാണ്. ഈ ജീവിതം മെച്ചപ്പെടുത്താനായിട്ടാണ് ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക്, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് അയച്ചിരിക്കുന്നത്. പക്ഷേ, പുത്രനായ ഈശോയിലൂടെ നമുക്കു ലഭിക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കുകയാണോ അതോ തിരസ്ക്കരിക്കുകയാണോ നമ്മൾ ചെയ്യുന്നത്?
നമ്മുടെ ഓരോ ദിനത്തിലെയും ജീവിതം പരിശോധിച്ചാൽ അതു മനസ്സിലാകും. ഏതൊക്കെ രീതിയിലാണ് ഇതുവരെ നമ്മൾ ഈശോയെ തിരസ്ക്കരിച്ചിരിക്കുന്നത്? സ്നേഹിക്കണം എന്ന കൽപന നടപ്പിലാക്കുന്നതിൽ, ആദരിക്കണം എന്ന ആദർശം പാലിക്കുന്നതിൽ, പ്രാർഥനയിലൂടെ പിതാവിനോട് ഒന്നാകണം എന്ന ആഹ്വാനം ജീവിക്കുന്നതിൽ നമ്മൾ ശ്രദ്ധിക്കാറുണ്ടോ?
ഫാ. ജി. കടൂപ്പാറയില്‍ MCBS