സീറോ മലബാര്‍ ദനഹാക്കാലം എട്ടാം ചൊവ്വ ഫെബ്രുവരി 25 മത്തായി 24: 37-44 നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ മനുഷ്യപുത്രൻ വരും

ഏതു നിമിഷവും തയ്യാറായിരിക്കണമെന്ന സന്ദേശം ഇന്നത്തെ വചനത്തിലുണ്ട്. സ്വയം നന്നാവുക, ജീവിതത്തെ ക്രമപ്പെടുത്തുക എന്ന കാര്യങ്ങളൊക്കെ ഭാവിയിലേക്കു മാറ്റിവയ്ക്കുന്ന സ്വഭാവക്കാരാണ് നമ്മളില്‍ ഭൂരിഭാഗവും. ഈ സെക്കന്റില്‍ ദൈവം എന്നെ അവിടുത്തെ സന്നിധിയിലേക്കു വിളിക്കുകയാണെങ്കില്‍, പോകാന്‍ ഞാന്‍ തയ്യാറാണോ എന്നതാണ് ചോദ്യം. ‘നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.’ ആയതിനാല്‍ ജീവിതത്തിലെ ഓരോ നിമിഷവും, ദിവസവും ഏറ്റവും നല്ലരീതിയില്‍ ചെലവഴിക്കാനുള്ള ശ്രമമാണ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. കലഹിക്കാനും കളവുചെയ്യാനും കാമനകളില്‍ മുഴുകാനും നമുക്കിനി സമയമില്ല – കര്‍ത്താവിനായി കാത്തിരിക്കാന്‍ ഓരോ നിമിഷവും ഒരുക്കേണ്ടതുണ്ട്; ഒരുങ്ങേണ്ടതുണ്ട്.

‘മങ്ങിയൊരന്തി വെളിച്ചത്തില്‍…’ എന്ന ഗാനം ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതാണ്. ഒടുവില്‍, അല്‍പസമയം പോലും നമുക്ക് ഒരുങ്ങാന്‍ ദൂതന്‍ സമയം തരില്ല എന്നത് മനസ്സില്‍ പതിപ്പിക്കേണ്ടതാണ്. ഈ ജീവിതം മുഴുവന്‍ ഒരുങ്ങാന്‍ നിനക്ക് തന്നതായിരുന്നല്ലോ എന്നായിരിക്കും, ഒടുവില്‍ സമയം തരാത്തതിന് ദൂതനു നല്‍കാനുള്ള കാരണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.