
യേശു ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാഞ്ഞതിനാല്‍ അവയെ ശാസിക്കുന്നത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനാല്‍, അവിടെനിന്ന് കൂടുതല്‍ മാനസാന്തരങ്ങളും ഫലങ്ങളും പ്രതീക്ഷിക്കുക സ്വാഭാവികമാണ്. എന്നാല്‍ കൂടുതല്‍ ഇല്ല എന്നതു മാത്രമല്ല, മാനസാന്തരം പോലുമില്ല എന്നത് സങ്കടകരമാണ്.
ഇതേ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. യേശു എന്തുമാത്രം അദ്ഭുതങ്ങള്‍ നമ്മള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു! നമ്മുടെ ജന്മനിമിഷം മുതല്‍ ഇന്നുവരെയുള്ള സമയത്ത് അദ്ഭുതകരമായ എത്രമാത്രം അനുഭവങ്ങളിലൂടെയാണ് ദൈവം നമ്മെ കടത്തിവിട്ടിരിക്കുന്നത്. ജീവിതം, ഭവനം, മാതാപിതാക്കള്‍, ആരോഗ്യം, ജോലി, സുഹൃത്തുക്കള്‍… അങ്ങനെ എത്രയെത്ര അദ്ഭുതങ്ങളാണ് നമ്മുടെ ജീവിതത്തില്‍. എന്നിട്ട് മാനസാന്തരത്തിന്റേതായ, നന്മയുടേതായ ജീവിതമാണോ നമ്മള്‍ നയിച്ചുകൊണ്ടിരിക്കുന്നത്? ഇല്ലെങ്കില്‍ ക്രിസ്തു നമ്മളെയും ശാസിക്കും.
ഫാ. ജി. കടൂപ്പാറയിൽ MCBS