![Balcon-Flower](https://i0.wp.com/www.lifeday.in/wp-content/uploads/2017/11/Balcon-Flower.jpg?resize=640%2C426&ssl=1)
“ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗതിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്” (31). ഈശോ സ്വര്‍ഗത്തില്‍ നിന്നുള്ളവനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന വചനഭാഗമാണിത്. ഉന്നതങ്ങളില്‍ നിന്നും – സ്വര്‍ഗത്തില്‍ നിന്നും – വന്ന ഈശോയെ മനസ്സിലാക്കാനോ, സ്വീകരിക്കാനോ അന്നത്തെ ജനങ്ങള്‍ക്കു സാധിച്ചില്ല. അവര്‍ ഭൂമിയില്‍ നിന്നുള്ളവരായിരുന്നതുകൊണ്ട് ഭൗതിക കാര്യങ്ങള്‍ മാത്രം അന്വേഷിക്കുകയും അതിനായി ജീവിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് ജീവിക്കുന്ന നമ്മെ സംബന്ധിച്ച് ഈശോ ഉന്നതങ്ങളില്‍ നിന്നും നമുക്കിടയിലേക്ക് വന്നതാണെന്ന് അറിയാം. പക്ഷേ, അതിനനുസരിച്ചാണോ നമ്മുടെ ജീവിതം എന്നു ചിന്തിക്കണം.
വി. ഇഗ്നേഷ്യസ് ലയോള തന്റെ സ്വന്തം പ്രേരണകളും ദൈവാത്മാവിന്റെ പ്രേരണകളും തമ്മിൽ വേർതിരിച്ചറിയാൻ എപ്പോഴും ശ്രമിച്ചിരുന്നു. സ്വന്തം പ്രേരണകളും ദൈവാത്മാവിന്റെ പ്രേരണകളും എല്ലായ്‌പ്പോഴും യോജിപ്പുള്ളതല്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. എങ്കിലും എപ്പോഴും, ‘മുകളിൽനിന്നു വരുന്നത്’ സ്വീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. നമുക്കും എപ്പോഴും ഉന്നതത്തില്‍ നിന്ന് ഈശോയെയും ഈശോ നല്‍കുന്ന പ്രേരണകളെയും സ്വീകരിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS