![flower](https://i0.wp.com/www.lifeday.in/wp-content/uploads/2023/01/flower-e1694091071727.jpg?resize=600%2C400&ssl=1)
ദൈവാത്മാവിനാല്‍ നിറയപ്പെട്ട യേശു ഊമനായ ഒരു മനുഷ്യനിൽ പ്രവേശിച്ച പിശാചിനെ ബഹിഷ്കരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ ചിലര്‍ യേശുവിനെപ്പറ്റി പറയുന്നത്, ‘അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചിനെ ബഹിഷ്‌ക്കരിക്കുന്നത്’ എന്നാണ്. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരിമായി പറഞ്ഞ് ആരോപണങ്ങള്‍ നിരത്തി മറ്റുള്ളവരെ നശിപ്പിക്കുന്ന വ്യക്തികള്‍ യേശുവിന്റെ കാലത്തെന്നതുപോലെ ഇന്നുമുണ്ട്. ദൈവപുത്രന് പിശാചുക്കളുടെ തലവനുമായാണ് ബന്ധം എന്നാണ് അവര്‍ ആരോപിക്കുന്നത്. യേശുവില്‍ ദൈവാത്മാവിന്റെ സാന്നിധ്യം ദര്‍ശിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ നമ്മളും നടത്താറില്ലേ. മറ്റുള്ളവരെ നശിപ്പിക്കാന്‍ വേണ്ടി വെറുതെ പറയുന്ന ചില വാക്കുകള്‍ അവരുടെ ജീവിതത്തില്‍ എന്തുമാത്രം ബുദ്ധിമുട്ടാണ് വരുത്തുന്നതെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. മറ്റുള്ളവരിൽ നിറഞ്ഞുനില്‍ക്കുന്ന ദൈവത്മാവിന്റെ സാന്നിധ്യം ദര്‍ശിക്കാന്‍ നമുക്കും സാധിക്കണം. മറ്റുള്ളവര്‍ നമ്മെക്കുറിച്ച് വ്യാജമായ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍, യേശുവിന്റെ മനോഭാവത്തോടെ അവയെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നും ധ്യാനിക്കേണ്ടതാണ്. നമ്മിലുള്ള ദൈവത്മാവിന്റെ സാന്നിധ്യം അനുസ്മരിച്ചുകൊണ്ടു വേണം ഓരോ നിമിഷത്തെയും നമ്മുടെ പ്രവര്‍ത്തികള്‍.
ഫാ. ജി. കടൂപ്പാറയിൽ MCBS