ജറുസലേമിലേക്കുള്ള യാത്രയിലാണ് ഈശോയും ശിഷ്യന്മാരും. പീഡാനുഭവത്തെക്കുറിച്ചുള്ള രണ്ടാം പ്രവചനം ഈശോ നടത്തുന്നു. താൻ സഹിക്കേണ്ടിവരുമെന്നും കുരിശുമരണമാണ് തന്നെ കാത്തിരിക്കുന്നതെന്നും ശിഷ്യന്മാരോട് വെളിപ്പെടുത്തുന്നു. പക്ഷേ, അവർ അത് മനസ്സിലാക്കുന്നില്ല. പകരം തങ്ങളിൽ വലിയവൻ ആര് എന്ന തർക്കത്തിലാണ് ശിഷ്യന്മാർ.
ഈശോ പ്രത്യേകമായി തിരഞ്ഞെടുത്തവരാണ് ശിഷ്യന്മാർ. അവരാണ് അധികാരത്തിനും പദവിക്കും പ്രാമുഖ്യത്തിനുംവേണ്ടി വാദങ്ങൾ നടത്തുന്നത്. നമ്മളും പലപ്പോഴും ഇതുപോലെയല്ലേ? ഈശോ പഠിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങളായ സ്നേഹം, കരുണ, എളിമ തുടങ്ങിയവ സൗകര്യപൂർവം ഒഴിവാക്കി, ലോകത്തിനു മുൻപിൽ വലിയവരാകാനുള്ള ശ്രമത്തിലാണ് നമ്മൾ. ആരാണ് വലിയവൻ എന്ന തർക്കത്തിൽ നമ്മൾ ജീവിതം മുഴുവൻ നശിപ്പിച്ചുകളയുകയാണ്; സമയം പാഴാക്കുകയാണ്; ആരോഗ്യം ഇല്ലാതാക്കുകയാണ്. നമ്മൾ സ്വർഗരാജ്യത്തിലെ വലിയവരാണ് ആയിത്തീരേണ്ടത്. അതിന് മാതൃകയായി ഈശോ കാണിക്കുന്നത് ഒരു ശിശുവിനെയാണ്. ഒരു ശിശുവിനെപ്പോലെ ഈശോയെ കാണാൻ, സ്നേഹിക്കാൻ, അംഗീകരിക്കാൻ, അനുഗമിക്കാൻ നമുക്കും സാധിക്കട്ടെ. ഈശോയെപ്പോലെ എല്ലാവരുടെയും ശുശ്രൂഷകനാകാനായിരിക്കട്ടെ നമ്മുടെയും ശ്രമം.
ഫാ. ജി. കടൂപ്പാറയിൽ MCBS