സീറോ മലബാര്‍ ദനഹാക്കാലം അഞ്ചാം ചൊവ്വ ഫെബ്രുവരി 04 മർക്കോ. 3: 7-12 അനേകർക്ക്‌ സൗഖ്യം

ഗലീലിയയിൽ നിന്നുള്ള വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലേം, ഇദുമെയാ, ജോര്‍ദാന്റെ മറുകര, ടയിർ, സീദോൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആളുകൾ ഈശോയെ കാണാനെത്തുന്നു. നാലു ദിക്കുകളിൽ നിന്നും, സമീപത്തും – ദൂരത്തു നിന്നും ഈശോയുടെ അടുത്തേക്ക് ആളുകൾ വരികയാണ്.

ഈശോയെ കാണുന്നതിന് ദൂരം ഒരു പ്രശ്നമല്ല. നമ്മുടെ വ്യക്തിപരമായ കാര്യം ഓർമ്മിക്കുക. ഇപ്പോൾ നമ്മൾ ഈശോയുടെ സമീപത്താണോ, ദൂരത്താണോ എന്ന് കണ്ടുപിടിക്കുക. ചിലപ്പോൾ ഈശോയുടെ പക്കൽനിന്നും ഒരുപാട് ദൂരെയായിരിക്കും. എങ്കിലും നമുക്ക് ഈശോയുടെ അടുത്ത് വരാവുന്നതാണ്. നമ്മുടെ ജോലിയുടെ, ജീവിതത്തിന്റെ, പാപത്തിന്റെ ദൂരം നിമിത്തം നമ്മൾ അവന്റെ അടുത്തുവരാൻ മടിക്കുകയാണോ? എത്ര ദൂരത്താണെങ്കിലും ഈശോയുടെ അടുത്ത് വരിക; അവൻ നമുക്ക് സൗഖ്യം നൽകും. അവന്റെ അടുത്തുവന്നവരൊക്കെ സൗഖ്യം പ്രാപിക്കുന്നതായി നമ്മൾ വചനത്തിൽ കാണുന്നു (10). നമുക്കും അങ്ങനെ സംഭവിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.