മരുഭൂമിയിലെ പരീക്ഷയെ അതിജീവിച്ച് (4: 1-13), ആത്മാവിനാല്‍ നിറഞ്ഞ് (18), തന്റെ ദൗത്യം നസ്രത്തില്‍ പ്രഖ്യാപിച്ച (18-19) യേശുവിനോടുള്ള സ്വന്തം ജനത്തിന്റെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗം. എല്ലാവരും അവനെ പ്രശംസിച്ചു പറയുകയും അവന്റെ വാക്കുകള്‍ കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു (22). അതിനു ശേഷമാണ് യേശു പഴയനിയമത്തിലെ രണ്ടു ഭാഗങ്ങള്‍ (ഒന്നും രണ്ടും രാജാക്കന്മാര്‍) ഉദ്ധരിച്ചുകൊണ്ട് വീണ്ടും വചനം പ്രസംഗിച്ചത്. അതിന്റെ ഫലമായി, സിനഗോഗില്‍ ഉണ്ടായിരുന്നവര്‍ കോപാകുലരാകുകയും അവനെ പട്ടണത്തില്‍നിന്ന് പുറത്താക്കുകയും മലയുടെ മുകളില്‍നിന്ന് താഴെയിടാനായി കൊണ്ടുപോകുകയും ചെയ്യുന്നു (28-29).
യേശുവിനോടുള്ള സ്വന്തം ജനത്തിന്റെ പ്രതികരണമാണിത്. തങ്ങളെ ബാധിക്കാത്ത എന്നാല്‍, ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ പ്രശംസിക്കുകയും തങ്ങളുടെ ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ ആവശ്യപ്പെടുമ്പോള്‍ നിരാകരിക്കുകയും ചെയ്യുക എന്നത് നമ്മുടെയും സ്വഭാവമല്ലേ? യേശുവിന്റെ വചനത്തോടാണെങ്കിലും മറ്റുള്ളവരുടെ വാക്കുകളോടാണെങ്കിലും എങ്ങനെയാണ് നമ്മുടെ പ്രതികരണം?
ഫാ. ജി. കടൂപ്പാറയില്‍ MCBS