സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം വെള്ളി ജനുവരി 24 മത്തായി 10: 1-15 സുവിശേഷപ്രഘോഷണത്തിനായി ശ്ലീഹന്മാരെ അയയ്ക്കുന്ന മിശിഹാ

ഈശോ ഓരോ ശിഷ്യനെയും പേര് ചൊല്ലി വിളിച്ച്, അധികാരം നല്‍കി, ദൈവരാജ്യത്തിന്റെ സന്ദേശവുമായി അയയ്ക്കുകയാണ്. സുവിശേഷപ്രഘോഷണത്തിനായാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ഇന്ന് ഈശോ നമുക്കും ദൗത്യം നല്‍കുന്നുണ്ട് – ആയിരിക്കുന്ന ഇടങ്ങളില്‍ ദൈവരാജ്യം സ്ഥാപിക്കാനുള്ള ദൗത്യമാണത്; എല്ലായിടങ്ങളിലും ഈശോയുടെ സമാധാനം സ്ഥാപിക്കാനുള്ള ദൗത്യമാണത്. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നമ്മൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഈ ദിനത്തില്‍ വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ നമുക്കും പ്രാർഥിക്കാം, “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ! ഓ ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ, കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക്  ജനിക്കുന്നത്, ആമേൻ.”

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.