ഈശോയുടെ മാമോദീസാവേളയിൽ സ്വർഗത്തിൽ നിന്നും ഒരു സ്വരം കേൾക്കപ്പെടുന്നു. പിതാവ്, പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തില്‍ പുത്രനു നല്‍കുന്ന സാക്ഷ്യമാണത്: “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” താന്‍ പ്രസാദിച്ച, തന്റെ പ്രിയപുത്രനായിട്ടാണ് ഈശോയെ, പിതാവായ ദൈവം ലോകത്തിന് വെളിപ്പെടുത്തുന്നത്. ഇതിലും നല്ല ഒരു സാക്ഷ്യം ഭൂമിയില്‍ ആര്‍ക്കും കിട്ടാന്‍ സാധ്യതയില്ല. ദൈവം പ്രസാദിച്ച, ദൈവത്തിന്റെ പ്രിയപുത്രന്റെ ഭൂമിയിലെ വാസത്തില്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍കൂടി നമ്മള്‍ ഓര്‍മിക്കണം. ആള്‍ക്കാരുടെ തെറ്റിധാരണ, ഒറ്റിക്കൊടുക്കല്‍, വിചാരണ, വിധി, പീഡനങ്ങള്‍, മരണം. ദൈവം പ്രസാദിച്ച പ്രിയപുത്രന്‍ നടന്നുകയറുന്നത് സഹനങ്ങളിലേക്കാണ്.
ജീവിതത്തില്‍ സഹനങ്ങള്‍ ഉണ്ടാകുമ്പോഴും കുരിശുമരണത്തിലേക്ക് നടന്നടുക്കുമ്പോഴും ദൈവം പ്രസാദിച്ച പ്രിയപുത്രന്‍ തന്നെയായിരുന്നു ഈശോ. ദൈവം നമ്മളെയും തിരഞ്ഞെടുക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. സഹനങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിനർഥം, ദൈവം നമ്മെ കൈവിട്ടു എന്നല്ല, മറിച്ച് തന്റെ പ്രിയപുത്രസ്ഥാനത്തേക്ക് കൂടുതല്‍ അടുപ്പിക്കാനായി സഹനവഴികളിലൂടെ നടത്തുന്നു എന്നാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS