ജീവിതത്തിലെ ഏതു നിമിഷവും ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന വചനഭാഗമാണ് ഇന്ന് നമ്മള്‍ ധ്യാനിക്കുന്നത്. സാധാരണ എപ്പോഴും നമ്മള്‍ ഒരുങ്ങിയിരിക്കാറില്ല. ആത്മീയമായും ഭൗതികമായും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമാണ് ഒരുക്കം. ഈസ്റ്ററിനു മുമ്പ്, ക്രിസ്തുമസിനു മുമ്പ്, വിവാഹത്തിനു മുമ്പ്, മാമോദീസായ്ക്കു മുമ്പ് ഒക്കെ നമ്മള്‍ ഒരുങ്ങാറുണ്ട്. എന്നാല്‍ അതിനുശേഷം ഒരുക്കമേ ഇല്ലാത്തതുപോലെയാണ് പെരുമാറ്റം.
ഒരുക്കം എന്നാല്‍ ജീവിതത്തിന്റെ ഓരോ നിമിഷവും നടക്കേണ്ടതാണ്. കാരണം നമ്മള്‍ ഒരുങ്ങേണ്ടത് ക്രിസ്തുവിനുവേണ്ടിയാണ്. അത് ഓരോ നിമിഷവും നടക്കേണ്ടതാണ്. ആത്മീയജീവിതത്തിന് ഒരിക്കലും അവധിയില്ല എന്ന് പിതാക്കന്മാര്‍ പറയുന്നത് ഇതുകൊണ്ടാണ്. സുവിശേഷങ്ങളില്‍ നിരവധി ഇടങ്ങളില്‍ എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം എന്ന് സൂചിപ്പിക്കുന്നുണ്ട്. ഏതു നിമിഷമാണ് നമ്മള്‍ ഇവിടെനിന്ന് കടന്നുപോകേണ്ടതെന്ന് നമുക്ക് അറിയാത്തതുകൊണ്ട് ഏതു നിമിഷവും ഒരുങ്ങിയിരുന്നേ മതിയാകൂ. ആ ഒരുക്കം പ്രാര്‍ഥനകളിലൂടെയും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലൂടെയും ജപമാലയിലൂടെയും ധ്യാനത്തിലൂടെയും ആകട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS