സീറോ മലബാര്‍ പിറവിക്കാലം രണ്ടാം വ്യാഴം ജനുവരി 02 മത്തായി 4: 12-17 ഈശോ ദൗത്യം ആരംഭിക്കുന്നു

ഈശോ തന്റെ ദൗത്യം ആരംഭിക്കുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ഇരുളടഞ്ഞ എല്ലാ മേഖലകളിലേക്കും വെളിച്ചം നല്‍കുകയാണ് ഈശോ. ജീവിതത്തിലുടനീളം, കടന്നുചെന്ന എല്ലാ ഇടങ്ങളിലേക്കും കണ്ട എല്ലാ വ്യക്തികളിലേക്കും അവിടുന്ന് പ്രകാശം നല്‍കി. “മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന ഈശോയുടെ സന്ദേശം നമ്മോടും കൂടിയാണ് എന്ന് ഓര്‍മിക്കണം.

ദൈവത്തിന്റെ പ്രത്യേകമായൊരു ദൗത്യനിര്‍വഹണത്തിനുവേണ്ടി മാത്രമാണ് നമ്മൾ ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൗത്യമില്ലാത്തവരായി ഈ ഭൂമിയിൽ ആരുമില്ല. ഈശോ പ്രഖ്യാപിച്ച അതേ ദൗത്യം തന്നെയാണ് നമുക്ക് നമ്മുടേതായ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ളത്. നമ്മുടെ ജീവിതവും ദൗത്യവും ഒന്നാകുന്നിടത്താണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ദൈവത്തോട് ചേര്‍ന്ന് ദൗത്യം നിര്‍വഹിക്കാന്‍ പോകുമ്പോള്‍ ഈശോ നേരിട്ട അതേ എതിര്‍പ്പും നേരിടേണ്ടിവരുമെന്ന് നമ്മള്‍ ഓര്‍മിക്കുക. എതിര്‍പ്പുകളില്‍ ഭയപ്പെടാതെ ദൈവം ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കേണ്ടവരാണ് നമ്മള്‍.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.