യേശുവിന്റെ ജനനം ആഘോഷിക്കാനൊരുങ്ങുന്ന നമ്മള്‍ കര്‍ത്താവിന്റെ ദൂതന്‍ കൽപിക്കുന്നതുപോലെ പ്രവര്‍ത്തിക്കുന്ന സംഭവങ്ങളിൽ ദൈവിക ഇടപെടൽ ദർശിക്കുന്ന ജോസഫിനെ കാണുന്നു; ധ്യാനിക്കുന്നു. പ്രവചനങ്ങളുടെയും പ്രതീക്ഷകളുടെയും പൂര്‍ത്തീകരണമായ യേശുവിന്റെ ജനനത്തിന്റെ തൊട്ടുമുമ്പിലാണ് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജോസഫിന്റെ ജീവിതത്തില്‍ സങ്കടങ്ങളുടെയും ശങ്കകളുടേതുമായ ദിനരാത്രങ്ങള്‍! ഒരുപക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ വേള. അവിടെയും കര്‍ത്താവിന്റെ ദൂതന്‍ പറയുന്നതുപോലെയാണ് ജോസഫ് പ്രവര്‍ത്തിക്കുന്നത്. “അവള്‍ ഒരു പുത്രനെ പ്രസവിക്കും; നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും.” ദൂതന്റെ ഈ വാക്കുകൾ അതേപടി ജോസഫ് അനുസരിക്കുകയാണ്. അവിടെയാണ് രക്ഷകൻ പിറക്കുന്നത്.
നമുക്ക് ഏറ്റവും നല്ല മാതൃകയാണിത്. അസ്വസ്ഥതയുടെയും ആകുലതയുടെയും ഭയത്തിന്റേതുമായ ജീവിതസാഹചര്യങ്ങളിലും കര്‍ത്താവിന്റെ സ്വരം ശ്രവിക്കാന്‍ നമുക്കും ശ്രമിക്കാം. അവിടെയൊക്കെയും ദൈവത്തിന്റെ ഇടപെടലുണ്ടെന്നു മനസ്സിലാക്കാം. അപ്പോഴേ നമ്മളും ജീവിതത്തില്‍ വിജയിക്കുകയുള്ളൂ. അപ്പോഴേ, ഇമ്മാനുവേൽ നമ്മുടെ ജീവിതത്തിൽ വന്നുപിറക്കുകയുള്ളൂ.
ഫാ. ജി. കടൂപ്പാറയില്‍ MCBS