സ്നാപകയോഹന്നാന്റെ ജനനമാണ് ഇന്നത്തെ ധ്യാനവിഷയം. “കര്‍ത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു” (58) എന്നാണ് വചനം പറയുന്നത്. വാര്‍ധക്യത്തില്‍ ശിശുവിന് – സ്‌നാപകയോഹന്നാന് ജന്മം നല്‍കിയ എലിസബത്തിന്റെ ആനന്ദം എത്ര വലുതായിരിക്കും. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അവള്‍ക്കുണ്ടായത് അന്നായിരിക്കും. ആ ആനന്ദത്തില്‍ അയല്‍ക്കാരും ബന്ധുക്കളും അവളോടൊപ്പം പങ്കുചേരുകയാണ്.
അപരന്റെ നന്മയില്‍ അവന്റെയൊപ്പം, അവനെപ്പോലെ സന്തോഷിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അതോ, മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ നന്മകളുണ്ടാകുമ്പോള്‍ അവരോട് അസൂയ വച്ചുപുലർത്തുകയാണോ നമ്മള്‍ ചെയ്യുന്നത്? മറ്റുള്ളവരുടെ നന്മയിലുള്ള അസൂയയാണ് പല വലിയ പ്രശ്നങ്ങളുടെയും തുടക്കമെന്ന് ഓര്‍മിക്കുക. അപരന് നന്മയുണ്ടാകുമ്പോള്‍, ഐശ്വര്യം ഉണ്ടാകുമ്പോള്‍ അത് എനിക്കുതന്നെയാണ് ഉണ്ടായതെന്നു ചിന്തിക്കാനും അതില്‍ ആഹ്ളാദം കണ്ടെത്താനും കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തില്‍ നമ്മള്‍ വിജയിക്കും; അല്ലെങ്കില്‍ പരാജയമായിമാറും നമ്മുടെ ജീവിതം. സ്നാപകന്റെ ജീവിതത്തിന്റെ ലക്ഷ്യം ഈശോയ്ക്ക് വഴിയൊരുക്കുക എന്നതായിരുന്നു. നമുക്കും ജീവിതം ഈശോയ്ക്കുവേണ്ടി മാറ്റിവയ്ക്കാം.
ഫാ. ജി. കടൂപ്പാറയില്‍ MCBS