സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് സഖറിയായ്ക്കു ലഭിക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം. സദ്വാർത്ത ലഭിച്ചെങ്കിലും സംശയം പുലർത്തുകയാണ് സഖറിയ. എന്നാൽ, “മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്കിത് ചെയ്തുതന്നിരിക്കുന്നു” (25) എന്നാണ് എലിസബത്ത് പറയുന്നത്. ദീര്‍ഘകാലമായി പ്രാർഥിച്ചതിന്റെ ഫലമായാണ് (13) യോഹന്നാന്റെ ജനനം. മക്കളില്ലായ്മ എന്ന വേദനയില്‍നിന്നു കരേറാന്‍ തുടര്‍ച്ചയായി, വര്‍ഷങ്ങളോളം സഖറിയായും എലിസബത്തും പ്രാര്‍ഥിച്ചിരുന്നു.
നമ്മളും ജീവിതത്തില്‍ കുറവുകളുള്ള മനുഷ്യരാണ്; ഏതെങ്കിലും കാര്യത്തില്‍ കുറവുകളുള്ളവര്‍. അതുകൊണ്ടുതന്നെ ചില കാര്യങ്ങളില്‍ മനുഷ്യരുടെ മുമ്പില്‍ നമുക്കും അപമാനം ഉണ്ടായിരിക്കും. അതില്‍നിന്ന് മോചനം നേടാനുള്ള മാര്‍ഗം തുടര്‍ച്ചയായ പ്രാര്‍ഥന തന്നെയാണ്. ജീവിതത്തിലെ കുറവുകളോര്‍ത്ത് നിരാശരാകാതെ, പരിഹാരത്തിനായി ദൈവത്തിലേക്കു തിരിയുക. കാരണം, മനുഷ്യരുടെ മുമ്പിലെ നമ്മുടെ അപമാനം നീക്കാന്‍ ദൈവത്തിനേ കഴിയൂ. അത് അവന്‍ മാറ്റിത്തരിക തന്നെ ചെയ്യും.
ഫാ. ജി. കടൂപ്പാറയില്‍ MCBS